കുടുംബ വിശേഷങ്ങള്‍, അത് പിറന്നാളായാലും വിവാഹ വാര്‍ഷികമായാലുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുന്നയാളാണ്‌ പൃഥ്വിരാജ്. ഭാര്യ സുപ്രിയ ഉണ്ടാക്കുന്ന തന്‍റെ പ്രിയപ്പെട്ട ചോക്ലേറ്റ് കേക്ക്, മകളുടെ കളിപ്പാട്ടങ്ങള്‍ എന്നിങ്ങനെ ചെറിയ കാര്യങ്ങള്‍ പോലും തന്‍റെ ആരാധകരുമായി പങ്കു വയ്ക്കാന്‍ മടി കാണിക്കാറില്ല താരം.

അങ്ങനെ സിനിമയ്ക്കൊപ്പം തന്നെ പൃഥ്വിയുടെ ടൈംലൈനില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ് പൃഥ്വിയുടെ കുടുംബം. എന്നാല്‍ ഭാര്യ സുപ്രിയയുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് പോലെയല്ല മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ പൃഥ്വി പോസ്റ്റ്‌ ചെയ്യുന്നത്.

അലംകൃതയുടെ ചിത്രങ്ങളില്‍ ഒരിക്കലും അവളുടെ കുഞ്ഞു മുഖം കണ്ടിരുന്നില്ല. കുഞ്ഞുങ്ങളുടെ സ്വകാര്യത മാനിച്ച് പല താരങ്ങളും ഇങ്ങനെ കുട്ടികളുടെ മുഖം വരാത്ത രീതിയിലുള്ള ചിത്രങ്ങളാണ്‌ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്ക്കുന്നത്. മലയാളത്തില്‍ ദുല്‍ഖറും ഇത് പിന്തുടരുന്നുണ്ട്.

എന്നാല്‍ ഇന്നലെ, അലംകൃതയുടെ പിറന്നാള്‍ ദിവസം അവളുടെ ദാദ ആ പതിവ് തെറ്റിച്ചു. ഇന്നലെ പൃഥ്വിയുടെ ടൈംലൈനില്‍ തന്നെ ആശംസിച്ചവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്, പുഞ്ചിരിച്ച മുഖവുമായി അല്ലി മോള്‍ എത്തി. മകള്‍ക്ക് ഹാപ്പി ബര്‍ത്ത്ഡേ നേരുന്നതിനോടൊപ്പം പൃഥ്വി ഇങ്ങനെ കുറിച്ചു.

‘നീ വളരുന്നത്‌ കാണുന്നതാണ് നിന്‍റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ ദീപ്തമാക്കാന്‍ സാധിക്കട്ടെ നിനക്ക്…’

അല്ലി മോളുടെ ചിത്രത്തിന് വൻ വരവേല്‍പ്പാണ് പൃഥ്വി ആരധാകര്‍ നല്‍കിയിരിക്കുന്നത്. ‘ ഞങ്ങള്‍ കാത്തിരുന്ന ചിത്രമാണിതെന്നും, ഒരായിരം ചേട്ടന്മാരുടെ ചക്കരമുത്താണ് അവളെന്നും, സെപ്റ്റംബര്‍ 8 ന് ജനിച്ചത്‌ കൊണ്ട് മമ്മൂട്ടിയെ പോലെ സൗന്ദര്യമുണ്ടെന്നും ഒക്കെ പറഞ്ഞു ആരാധകര്‍ ടൈംലൈനില്‍ സ്നേഹം കോരിയിട്ടു.

ഇക്കുറി കടാഘടിയൻസ് ഒന്നും കിട്ടീല്ലേ സാറേ, എന്റെ പൊന്നോ ആദ്യായിട്ടാ ഇങ്ങേരു എഴുതിയ ഇംഗ്ലീഷ് ഫുൾ മനസിലായെ, ഞാൻ കരുതി ally എനിക്ക് അറിയാത്ത ഏതോ ഇംഗ്ലീഷ് വേർഡ് ആണെന്ന്, ഇത് എന്റെ പൃഥ്വിരാജ് അല്ല … എന്റെ പൃഥ്വിരാജ് ഇങ്ങനെ അല്ല ..അങ്ങേര് എഴുതിയാൽ എനിക്ക് മനസിലാകില്ല .. … m m .. സുപ്രിയ ചേച്ചി ഹെൽപ് ചെയ്തല്ലേ… തുടങ്ങിയ കളിയാക്കലുകള്‍ക്കും കുറവില്ല.

 

രോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന തന്‍റെ പുതിയ ചിത്രമായ ‘മൈ സ്റ്റോറി’യുടെ ഇൻഡ്രോ വീഡിയോയും പൃഥ്വി പുറത്ത് വിട്ടിട്ടുണ്ട്. എന്ന് നിന്‍റെ മൊയ്തീനിനു ശേഷം പാര്‍വതിയും പൃഥ്വിയും ഒന്നിക്കുന്ന മൈ സ്റ്റോറി എഴുതുന്നത്‌ ശങ്കര്‍ രാമകൃഷ്ണനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ