മലയാളി ആരാധകരുടെ താരാരാധന നിരാശാജനകം എന്ന് നടൻ പൃഥ്വിരാജ്. ഏറ്റവും യുക്തിയോടെ ചിന്തിക്കുന്ന ആരാധകരാണ് മലയാളത്തിൽ ഉള്ളത് എന്ന് ഈ കാലഘട്ടത്തിൽ നമുക്ക് അവകാശപ്പെടാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യങ്ങൾ​ പറഞ്ഞത്.

Read More: എന്റെ വീഴ്‌ചകളും വേദനകളും കണ്ടത് അവൾ മാത്രമാണ്; സുപ്രിയയെക്കുറിച്ച് പൃഥ്വിരാജ്

“കഴിഞ്ഞ കുറേ വർഷങ്ങളിൽ നടന്ന സംഭവങ്ങളിൽ നിന്നും കേരളത്തിലെ ആരാധകവൃന്ദം എന്ന് വിളിക്കപ്പെടുന്നവർ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. നിങ്ങൾ​ ഒരു നടനെ വിമർശിച്ചാൽ പിന്നെ അവരുടെ ആരാധകരിൽ നിന്നും വളെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നിങ്ങൾ നേരിടേണ്ടി വരും. നമ്മൾ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കിൽ അങ്ങനെ ചെയ്യുമോ? കേരളത്തിലെ ആരാധകർ ഏറ്റവും യുക്തിസഹമായി ചിന്തിക്കുന്നവർ എന്ന് അവകാശപ്പെടാൻ ഇനി നമുക്ക് സാധിക്കും എന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഒരു ജനക്കൂട്ടം എന്ന നിലയിൽ നമ്മൾ എല്ലാത്തരം ഭാഷകളിലുള്ള സിനിമകളേയും സ്വാഗതം ചെയ്യുന്നവരാണ്,” എന്നും പൃഥ്വിരാജ് പറഞ്ഞു.

പുരുഷാധിപത്യപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും, എന്നാൽ അതാണ് ശരിയെന്ന് പറഞ്ഞുവയ്ക്കുന്നതാവരുത് ആ സിനിമ എന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ശരിയാകുകയും അതൊരു പ്രത്യേക പക്ഷം പിടിക്കുന്നതാകുകയും ചെയ്യണമെന്നില്ലെന്നും, കലയുടെ കാര്യത്തിൽ നമുക്ക് അത്തരം നിർബന്ധങ്ങൾ വയ്ക്കാൻ സാധിക്കില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

നിലവിൽ ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്. അട്ടപ്പാടിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പൃഥ്വിരാജിനൊപ്പം ബിജു മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘അനാര്‍ക്കലി’ എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചന നിർവഹിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ അയ്യപ്പൻ എന്ന കഥാപാത്രമായി ബിജു മേനോനും കോശി എന്ന കഥാപാത്രമായി പൃഥ്വിരാജും എത്തുന്നു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടറായാണ് ബിജു മേനോന്‍ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. 16 വര്‍ഷത്തെ പട്ടാള സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook