തന്റെ ആരാധകര്‍ക്ക് ആകാംക്ഷയോടെ കാത്തിരിക്കാനുള്ള വക നല്‍കിയിരിക്കുകയാണ് യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്. പൃഥ്വിയുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്തിനെക്കുറിച്ചായിരിക്കുമെന്നാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചകളും സംശയങ്ങളും.

‘2015 നവംബര്‍ 25 ന് ഒരു സ്വപ്നത്തെക്കുറിച്ച് ഞാന്‍ നിങ്ങളോട് സംസാരിച്ചിരുന്നു. നാളെ ഞങ്ങള്‍ തുടങ്ങും. ഒരു കൊടുങ്കാറ്റ് കൂടിവരുന്നു! എല്ലാ നായകന്മാരും ഓര്‍മ്മിക്കപ്പെടുന്നില്ല’ എന്നായിരുന്നു പൃഥ്വിയുടെ പോസ്റ്റ്.

പൃഥ്വിയുടെ പോസ്റ്റ് ബ്ലെസിക്കൊപ്പമുള്ള ചിത്രം ആടുജീവിതത്തെക്കുറിച്ചാണെന്നും, അല്ല, കുഞ്ചിരക്കോട്ടു കാളി എന്ന ചിത്രത്തെക്കുറിച്ചാണെന്നും പോസ്റ്റിനു താഴെ ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നുണ്ട്. ബെന്യാമിന്റെ ആട് ജീവിതമെന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും 2019 മാര്‍ച്ച് 31 വരെ ചിത്രത്തിനായി ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും പൃഥ്വി തന്നെ വ്യക്തമാക്കിയിരുന്നു.

താന്‍ ആടുജീവിതം എന്ന ചിത്രം ചെയ്യുന്നില്ലെന്നും ചിത്രത്തില്‍ നിന്നും പിന്മാറിയെന്നുമുള്ള വാര്‍ത്തകള്‍ ഓണ്‍ലൈനുകളിലൂടെ അറിഞ്ഞു. എങ്ങനെയാണ് അത്തരത്തിലൊരു വാര്‍ത്ത വന്നതെന്ന് അറിയില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു. പ്രദീപ് എം.നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന സിനിമയാണ് പൃഥ്വിരാജ് നായകനായി ഒടുവില്‍ തിയേറ്ററില്‍ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ