സുരഭിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് ചിത്രം തിയേറ്ററുകളിൽ നല്ല പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മിന്നാമിനുങ്ങ് സിനിമ എന്തുകൊണ്ട് ഓരോരുത്തരും കാണണമെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞിരിക്കുകയാണ്. സുരഭിക്കൊപ്പമുളള ലൈവിലൂടെയാണ് സുരഭിയെക്കുറിച്ചും മിന്നാമിനുങ്ങ് ചിത്രത്തെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചത്. ലൈവിനിടെ പൃഥ്വി പറഞ്ഞ വാക്കുകൾ സുരഭിയെ ഞെട്ടിപ്പിച്ചു.

Read More: ‘വളിഞ്ഞതായി തോന്നാത്തവര്‍ കണ്ടാല്‍ മതി’; അടുക്കളയില്‍ നിന്നും സുരഭിയുടെ ഫെയ്സ്ബുക്ക് ലൈവ്

‘സുരഭിയുടെ കരിയറിന്റെ തുടക്കകാലത്ത് സുരഭിക്കൊപ്പം സിനിമകൾ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുളള ഒരാളാണ് ഞാൻ’ ഈ വാക്കുകളോടെയാണ് പൃഥ്വിരാജ് ലൈവ് തുടങ്ങിയത്. ഇതാണ് സുരഭിയെ ഞെട്ടിപ്പിച്ചത്. ”സുരഭിക്കൊപ്പം നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. സുരഭിക്ക് മികച്ച നടിക്കുളള അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഞാനിതുവരെ സിനിമ കണ്ടിട്ടില്ല. പക്ഷേ കണ്ടവരെല്ലാം എന്നോട് ആ സിനിമ തീർച്ചയായും കാണണമെന്ന് പറഞ്ഞു. ഞാൻ ഉടനെ സിനിമ കാണും. നിങ്ങളും തിയേറ്ററിൽ കുടുംബത്തോടൊപ്പം പോയി സിനിമ കാണണം”- പൃഥ്വിരാജ് പറഞ്ഞു.

അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ അഭിനയം കണ്ടിട്ടാണ് മിന്നാമിനുങ്ങിലേക്ക് എന്നെ വിളിച്ചതെന്ന് സുരഭി പറഞ്ഞു. അയാളും ഞാനും തമ്മിൽ, എന്നു നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിലേക്ക് എനിക്ക് അവസരം വാങ്ങിത്തന്നത് പൃഥ്വിരാജാണെന്നും സുരഭി വ്യക്തമാക്കി. ഇതുകേട്ട പൃഥ്വിരാജ് സുരഭിയെ സിനിമയിലേക്ക് ക്ഷണിച്ചത് സ്നേഹം കൊണ്ടല്ലെന്നും മറിച്ച് സുരഭി നല്ല നടിയായതുകൊണ്ടാണെന്നും മറുപടി നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ