scorecardresearch
Latest News

ആ ജനതയോട് ഇങ്ങനെ ചെയ്യരുത്; ലക്ഷദ്വീപുകാർക്ക് വേണ്ടി പൃഥ്വിയുടെ തുറന്ന കത്ത്

നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയാവും?

prithvi, club house fake account

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന സേവ് ലക്ഷദ്വീപ് ക്യാംപെയിന് പിന്തുണയുമായി നടൻ പൃഥ്വിരാജ് രംഗത്ത്. ലക്ഷദ്വീപുകാരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തതാണോ വികസനമെന്നാണ് പൃഥ്വി ചോദിക്കുന്നത്.

കഴിഞ്ഞ ഡിസംബറിൽ ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേൽ എത്തിയതോടെ നിരവധി മാറ്റങ്ങളും കൊണ്ടുവന്നു. എന്നാൽ, പുതിയ മാറ്റങ്ങളിൽ ലക്ഷദ്വീപ് ജനത അതൃപ്തരാണ്, തങ്ങളുടെ ജീവിതരീതിയെ ബാധിയ്ക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അഡ്മിനിസ്ട്രേറ്റർ അടിച്ചേൽപ്പിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണമായി പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുന്നത്.

Read More: ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല; ദ്വീപ് നിവാസികൾക്ക് പിന്തുണയുമായി സലീം കുമാർ

“ലക്ഷദ്വീപിനെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ, ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും ഉല്ലാസയാത്ര പോയത് അവിടേയ്ക്ക് ആയിരുന്നു. പച്ചയും നീലയും ഇടകലരുന്ന കടലും, സ്ഫടികം പോലെ വ്യക്തമായ തടാകങ്ങളും എന്നെ വിസ്മയിപ്പിച്ചു. വർഷങ്ങൾക്കുശേഷം, സച്ചിയുടെ അനാർക്കലിക്ക് വേണ്ടി വീണ്ടും ഞാൻ ലക്ഷദ്വീപിലെത്തി. കവരത്തിയിൽ രണ്ടുമാസം ചെലവഴിച്ചു, ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന നല്ല ഓർമ്മകളും സുഹൃത്തുക്കളെയും ലഭിച്ചു. രണ്ട് വർഷം മുമ്പ് ഞാൻ വീണ്ടും ലക്ഷദ്വീപിലേക്ക് പോയി. ഞാൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഏതാനും രംഗങ്ങൾ ഷൂട്ട് ചെയ്യാനായിരുന്നു അത്. ലക്ഷദ്വീപിലെ സ്നേഹമുള്ള, ഊഷ്മള ഹൃദയമുള്ള ആളുകളുടെ പിന്തുണയില്ലാതെ എനിക്ക് ഇതൊന്നും സാധ്യമാകുമായിരുന്നില്ല.

Read More: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപിൽ നിന്നും എനിക്കറിയാവുന്നതും അറിയാത്തതുമായ ആളുകളിൽ നിന്നും നിരാശയോടെയുള്ള സന്ദേശങ്ങൾ എനിക്കു ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജനശ്രദ്ധ ആകർഷിക്കാൻ എന്നാൽ കഴിയുന്നത് ചെയ്യണമെന്ന് അവർ അഭ്യർത്ഥിക്കുന്നു. ലക്ഷദ്വീപിനെ കുറിച്ച് ഒരു ലേഖനമെഴുതാനോ, എന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടെ ‘പരിഷ്കാരങ്ങൾ’ തികച്ചും വിചിത്രമാവുന്നു എന്നു കുറിക്കാനോ ഞാനുദ്ദേശിക്കുന്നില്ല. അതിനെ കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യമുള്ളവർക്ക് അതെല്ലാം ഇപ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഓൺലൈനിൽ ലഭ്യമാണ്.

ഞാൻ മനസ്സിലാക്കിയിടത്തോളം, അവിടെ സംഭവിക്കുന്ന കാര്യങ്ങളിൽ അവിടുള്ള ആരും സന്തോഷവാന്മാരല്ല. എന്നോട് സംസാരിച്ചവരാരും സന്തുഷ്ടല്ല. പുതിയ നിയമമോ നിയമ പരിഷ്കരണമോ ഭേദഗതിയോ എന്തുമാവട്ടെ, അവയൊന്നും ആ പ്രദേശങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് അവിടുത്തെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു രാജ്യത്തെ രാജ്യമാക്കുന്നത് അതിന്റെ ഭൂമിശാസ്ത്രപരമോ രാഷ്ട്രീയപരമായോ ആയ വേർത്തിരിവുകളോ സംസ്ഥാനമോ കേന്ദ്രഭരരണ പ്രദേശങ്ങളോ അല്ല, അവിടെ ജീവിക്കുന്ന ജനങ്ങളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയാവും? ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ, ഏറെ സങ്കീർണ്ണമായ ദ്വീപിന്റെ ആവാസവ്യവസ്ഥയ്ക്ക്, അതിന്റെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയുയർത്തുന്നത് എങ്ങനെ സുസ്ഥിരമായ വികസനത്തിന് വഴിയൊരുക്കും?

Read More: ജനുവരി പകുതി വരെ പൂജ്യം, ഇപ്പോൾ 6500നു മുകളിൽ; ലക്ഷദ്വീപിൽ കോവിഡ് കേസുകൾ ഉയരുന്നു

നമ്മുടെ സിസ്റ്റത്തിൽ എനിക്ക് വിശ്വാസമുണ്ട്. അതിലേറെ വിശ്വാസം ജനങ്ങളിലും. അധികാരികളുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ, അതോറിറ്റിയുടെ ചെയ്തികളെ കുറിച്ച് പോസ്റ്റുകളിലൂടെയും അല്ലാതേയും അവർ അത് ലോകത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരികയാണ്, അവർക്ക് അതല്ലാതെ മറ്റൊരു വഴിയില്ല. അതിനാൽ, ഈ വിഷയവുമായി ബന്ധപ്പെട്ടവർ ലക്ഷദ്വീപിലെ ജനങ്ങളെ കേൾക്കുക, അവരെ വിശ്വസിക്കുക, അവരുടെ നാടിന് ഏറ്റവും നല്ലത് എന്താണെന്ന് അവർക്കാണ് അറിയുക. ഭൂമിയിലെ ഏറ്റവും അനോഹരമായൊരു സ്ഥലമാണത്, അതിലും മനോഹരമായ ആളുകളാണ് അവിടെ താമസിക്കുന്നത്,” പൃഥ്വി എഴുതുന്നു.

Read More: ലക്ഷദ്വീപിലേത് അതീവ ഗൗരവമുള്ള വിഷയം, ഒരു തരത്തിലും അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj extends support to save lakshadweep campaign

Best of Express