സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി, യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫര്‍ ഈ വര്‍ഷം ജൂണില്‍ ചിത്രീകരണം ആരംഭിക്കും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. മുരളീ ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ചിത്രം പ്രഖ്യാപിച്ച് രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും തിരക്കുകള്‍ കാരണം നീണ്ടു പോകുകയായിരുന്നു. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ഇന്ദ്രജിത്തും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയാണ് ലൂസിഫര്‍ എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സിനിമയിലെ താരങ്ങളെ കുറിച്ച് അണിയറക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ താന്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നായിരുന്നു പൃഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നത്. കഥ പൂര്‍ത്തിയാകുമ്പോള്‍ താന്‍ അഭിനയിക്കേണ്ടുന്ന ഒരു വേഷം ഉണ്ടെങ്കില്‍ അതു ചെയ്യുമെന്നും പൃഥ്വി പറഞ്ഞിരുന്നു. മോഹന്‍ലാലിനെ വച്ചൊരു സിനിമയെഴുതുന്നത് ഭാഗ്യമായി കാണുന്നുവെന്നായിരുന്നു മുരളീ ഗോപിയുടെ പ്രതികരണം.

ആശിര്‍വാദിന്റെ സ്വപ്ന പ്രൊജക്ടുകളില്‍ ഒന്നാണിതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള ചിത്രമായിരിക്കും ലൂസിഫറെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കുന്നു. എന്നാല്‍ കഥയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ഇവര്‍ തയ്യാറായില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ