Latest News

‘മധുരരാജ’ മൂന്നാം ഭാഗത്തിന് ‘എന്നെയും’ വിളിക്കണേ; സംവിധായകൻ വൈശാഖിനോട് പൃഥിരാജ്

‘മധുരരാജ’യിൽ അഭിനയിക്കാനുള്ള താൽപ്പര്യം പൃഥിരാജ് മുൻപും പ്രകടിപ്പിച്ചിരുന്നു

ബിഗ് ബജറ്റിലൊരുക്കിയ രണ്ട് സൂപ്പർസ്റ്റാർ ചിത്രങ്ങളാണ് ഇപ്പോൾ മലയാള സിനിമാലോകത്തെ പ്രധാന ആകർഷണം. മോഹൻലാൽ നായകനാവുന്ന പൃഥിരാജ് ചിത്രം ‘ലൂസിഫറും’ മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ വൈശാഖ് ഒരുക്കുന്ന ‘മധുരരാജ’യും റിലീസിനൊരുങ്ങുമ്പോൾ സൂപ്പർസ്റ്റാറുകളുടെ ആരാധകരും ഉത്സവപ്രതീതിയിലാണ്. ഏറെ നാളുകൾക്കു ശേഷമാണ് ഈ സൂപ്പർതാരങ്ങളുടെ മാസ് പടങ്ങൾ ഏതാണ്ട് അടുത്തടുത്ത ആഴ്ചകളിലായി റിലീസിനൊരുങ്ങുന്നത് എന്നതും ‘ലൂസിഫർ- മധുരരാജ’ ആഘോഷങ്ങൾക്ക് ഓളം പകരുകയാണ്.

മാർച്ച് 20 ന് ‘ലൂസിഫറി’ന്റെ ട്രെയിലർ റിലീസ് ചെയ്ത ദിവസം തന്നെയായിരുന്നു ‘മധുരരാജ’യുടെ ടീസറും പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ട്രെയിലറും ടീസറും മണിക്കൂറുകൾ കൊണ്ടാണ് റെക്കോർഡ് ലൈക്കും വ്യൂസും നേടിയത്. ‘ലൂസിഫറി’ന്റെ ട്രെയിലർ ഷെയർ ചെയ്ത സംവിധായകൻ വൈശാഖിന് പൃഥിരാജ് നൽകിയ കമന്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

‘ലൂസിഫറി’ന്റെ ട്രെയിലർ ഷെയർ ചെയ്ത വൈശാഖിനോട് നന്ദി പറഞ്ഞതിനൊപ്പം വൈശാഖിന്റെ ‘മധുരരാജ’യ്ക്ക് ആശംസകൾ നേരാനും പൃഥി മറന്നില്ല. ഒപ്പം വൈശാഖിനോടായി ചെറിയൊരു അഭ്യർത്ഥനയും. “മൂന്നാം ഭാഗത്തിന് സൂര്യയേയും വിളിക്കണേ…” എന്നാണ് കൈക്കൂപ്പി ചിരിയോടെ പൃഥിയുടെ അഭ്യർത്ഥന. ‘മധുരരാജ’യുടെ ആദ്യഭാഗം ‘പോക്കിരിരാജ’യിൽ പൃഥിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് സൂര്യ എന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന രാജയുടെ അനിയൻ വേഷത്തിലായിരുന്നു ചിത്രത്തിൽ പൃഥി അവതരിപ്പിച്ചിരുന്നത്.

‘പോക്കിരിരാജ’യിലെ മമ്മൂട്ടിയുടെയും പൃഥിരാജിന്റെയും ചേട്ടൻ- അനിയൻ കോമ്പിനേഷൻ ഏറെ ശ്രദ്ധിക്കപ്പെടുകയും ചിത്രം ബോക്സ് ഓഫീസിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. വിജയചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ പ്രേക്ഷകർ ഏറെ ചോദിച്ച ചോദ്യങ്ങളിലൊന്ന് രണ്ടാം ഭാഗത്തിലും പൃഥിരാജ് ഉണ്ടാകുമോ എന്നാണ്. എന്നാൽ മധുരരാജയിൽ താനില്ലെന്നും അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരും ക്ഷണിച്ചിരുന്നില്ലെന്നും പൃഥിരാജ് മുൻപ് ഇന്ത്യാ ഗ്ലിറ്റസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

“നിര്‍ഭാഗ്യവശാല്‍ ഞാന്‍ മധുരരാജയില്‍ ഇല്ല. ഞാനാ സിനിമയില്‍ ഉണ്ടെങ്കില്‍ എനിക്ക് ഭയങ്കര സന്തോഷമായേനെ. ഞാന്‍ ഭയങ്കരമായി എന്‍ജോയ് ചെയ്ത സിനിമയാണ് പോക്കിരിരാജ. അഭിനയിക്കുമ്പോഴും മറ്റുമെല്ലാം ഒരുപാട് എന്‍ജോയ് ചെയ്തിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ ആ ചിത്രത്തില്‍ ഇല്ല. എന്നെ അതിലേക്ക് ക്ഷണിച്ചിട്ടുമില്ല,” എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. അതിനു പിന്നാലെയാണ് വീണ്ടും ആ സിനിമയുടെ ഭാഗമാകാനുളള ആഗ്രഹം പൃഥിരാജ് വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നത്.

‘പോക്കിരിരാജ’ റിലീസായി എട്ടു വര്‍ഷങ്ങൾക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വൈശാഖ് എത്തുന്നത്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നു എന്നതും ‘മധുരരാജ’യുടെ പ്രത്യേകതയാണ്. ‘പോക്കിരിരാജ’യുടെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയും സിബി കെ തോമസും ചേർന്നായിരുന്നുവെങ്കിൽ ‘മധുരരാജ’യുടെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണ തനിയെയാണ്.

Read more: അന്ന് കൈകോർത്ത് പൃഥി, ഇന്ന് ജയ്; മമ്മൂട്ടിയുടെ ‘മധുരരാജ’ വിഷുവിനെത്തും

അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാർ എന്നിങ്ങനെ നാലുനായികമാരാണ് ‘മധുരരാജ’യിൽ അണിനിരക്കുന്നത്. ജഗപതി ബാബുവാണ് ചിത്രത്തിലെ പ്രതിനായകൻ. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍, ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിൽ നിന്നായി വന്‍ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണ് ‘മധുരരാജ’. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് ചിത്രം നിർമ്മിക്കുന്നത്. യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കുന്ന ‘മധുരരാജ’ ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസിനെത്തും. വിഷു റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj director vysakh lucifer madhura raja

Next Story
ബാബു ആന്റണി ഹോളിവുഡിലേക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express