വീടും കുടുംബവും വിട്ട് ഏറെനാൾ ജോർദ്ദാനിലെ ലോക്ക്ഡൗൺ ജീവിതം, തിരിച്ചെത്തി ആരോഗ്യം വീണ്ടെടുക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി എത്തിയ സുഹൃത്തും സഹോദരതുല്യനുമായ സച്ചിയുടെ മരണം… കുറച്ചുനാളുകളായി പൃഥ്വിരാജിന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്. അച്ഛന്റെ വിഷമങ്ങൾ കണ്ട അല്ലി പൃഥ്വിരാജിനു കൊടുത്ത ഒരു ഫാദേഴ്സ് ഡേ ഗിഫ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
സ്വന്തം കൈപ്പടയിൽ കുഞ്ഞ് അല്ലി ഒരുക്കിയ ഒരു ആശംസാ കാർഡാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. “കുറച്ചു ദിവസങ്ങളായി അവളെന്നെ മോശം അവസ്ഥയിൽ കാണുന്നു, എനിക്കൊരു സമ്മാനം നൽകാനായി ഫാദേഴ്സ് ഡേയ്ക്കായി കാത്തിരിക്കുകയാണ് എന്നു പറഞ്ഞു,” എന്ന കുറിപ്പോടെയാണ് അല്ലിയൊരുക്കിയ ആശംസ കാർഡ് പൃഥ്വി ഷെയർ ചെയ്തത്. അഞ്ചു വയസ്സിലെ എന്റെ ഇംഗ്ലീഷിനെക്കാളും മികച്ചതാണ് മകളുടെ ഇംഗ്ലീഷ് എന്നും പൃഥ്വി പറയുന്നു.
സച്ചിയുടെ വിയോഗം തന്നെ വല്ലാതെ ഉലച്ചിരിക്കുന്നുവെന്ന് അടുത്തിടെ പങ്കുവച്ച ഒരു കുറിപ്പിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഒരു സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിലുമപ്പുറം സച്ചി പൃഥ്വിരാജിനു ഒരു ആത്മമിത്രമായിരുന്നു. വർഷങ്ങളായുള്ള സുഹൃദ്ബന്ധം ഇരുവരേയും മാനസികമായി ഏറെ അടുപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ വിയോഗം പൃഥ്വിരാജിനു വലിയ വേദനയാണ്. 23 വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു ജൂണിൽ അച്ഛൻ സുകുമാരന്റെ വിയോഗത്തിൽ മനംനൊന്ത് വിറങ്ങലിച്ചു നിന്ന അതേ വികാരമാണ് സച്ചിയുടെ ജീവനറ്റ ശരീരത്തിനു മുൻപിൽ നിൽക്കുമ്പോൾ തനിക്കു തോന്നുന്നതെന്നാണ് പൃഥ്വി പറഞ്ഞത്. സച്ചിയുടെ സംസ്കാര ചടങ്ങുകൾക്കു പിന്നാലെയാണ് കരളലിയിക്കുന്ന കുറിപ്പുമായി പൃഥ്വിരാജ് രംഗത്തെത്തിയത്. സച്ചിയുമായുള്ള ആത്മബന്ധമാണ് പൃഥ്വിയുടെ ഓരോ വരികളിലും നിറയുന്നത്.
“സച്ചി…
ധാരാളം സന്ദേശങ്ങൾ വന്നിട്ടുണ്ട്, ചില വിചിത്രമായ ഫോൺ കോളുകളും. ഇങ്ങനെയൊരു സന്ദർഭത്തിൽ ഞാൻ എങ്ങനെ പിടിച്ചുനിൽക്കുന്നുവെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നെ ആശ്വസിപ്പിക്കുന്നു. ആളുകൾക്ക് നിങ്ങളെയും എന്നെയും അറിയാമെന്ന് ഞാൻ ഊഹിക്കുന്നു. അതുപോലെ നമ്മളെയും! പക്ഷെ, അവരിൽ ഭൂരിഭാഗവും പറഞ്ഞ ഒരു കാര്യം ഞാൻ നിശബ്ദമായി നിരസിക്കേണ്ടതുണ്ട്. നിങ്ങൾ “ഉയരങ്ങളിലേക്ക് പോയി!” എന്ന കാര്യം. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും അറിയുന്ന ഒരാളെന്ന നിലയിൽ ’അയ്യപ്പനും കോശിയും’ നിങ്ങളിലെ ഏറ്റവും മികച്ചതല്ലെന്ന് എനിക്കറിയാം. നിങ്ങൾ ആഗ്രഹിച്ചിരുന്ന ഒരു തുടക്കം മാത്രമായിരുന്നു അത്. ഈയൊരു നേട്ടത്തിലെത്താനുള്ള യാത്രയായിരുന്നു നിങ്ങളുടെ സിനിമാജീവിതം, അവിടെ നിന്ന് നിങ്ങൾ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് പോകുമായിരുന്നു, എനിക്കറിയാം.
പറയാത്ത നിരവധി കഥകൾ, പൂർത്തീകരിക്കാത്ത നിരവധി സ്വപ്നങ്ങൾ. വാട്സാപ്പ് ശബ്ദ സന്ദേശങ്ങളിൽ രാത്രി ഏറെ വൈകിയുള്ള നിരവധി വിവരണങ്ങൾ. വളരെയധികം ഫോൺ കോളുകൾ. നമ്മൾ വലിയൊരു പദ്ധതി തയ്യാറാക്കിയിരുന്നു. ഇനിയുള്ള വർഷങ്ങളിലേക്ക്. നിങ്ങളും ഞാനും. എന്നിട്ട് നിങ്ങൾ പോയി.
സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ കുറിച്ചും വരും വർഷങ്ങളിൽ നിങ്ങളുടെ ചലച്ചിത്രയാത്ര എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചും പറയുന്നതിനായി മറ്റാരെയെങ്കിലും നിങ്ങൾ വിശ്വാസത്തിലെടുത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല, എന്നാൽ നിങ്ങൾ എന്നെ വിശ്വാസത്തിലെടുത്തു. നിങ്ങൾ അടുത്തുണ്ടായിരുന്നെങ്കിൽ അടുത്ത 25 വർഷത്തെ മുഖ്യധാരാ മലയാള സിനിമയും എന്റെ കരിയറിന്റെ ബാക്കിഭാഗവും വളരെ വ്യത്യസ്തമായിരിക്കുമെന്ന് എനിക്കറിയാം. എന്നാൽ, സിനിമ മറക്കുക. ആ സ്വപ്നങ്ങളെല്ലാം നിങ്ങൾക്കൊപ്പമാണ് ഞാൻ കണ്ടത്.
ആ ശബ്ദസന്ദേശങ്ങളിലൊന്ന് വീണ്ടും ലഭിക്കാൻ ആഗ്രഹിക്കുന്നു, അടുത്ത ഫോൺ കോളിനായും. നമ്മൾ ഒരുപോലെയാണെന്ന് നിങ്ങൾ എന്നോട് പറയാറുണ്ടായിരുന്നു. നമ്മൾ! പക്ഷെ, എനിക്കിപ്പോൾ തോന്നുന്നു.. നിങ്ങൾ എന്നിൽ നിന്ന് വളരെ വ്യത്യസ്തനാണെന്ന്. കാരണം, ഇത്രയും അഗാധമായ ദുഃഖം അവസാനമായി എന്നെ ബാധിച്ചത് 23 വർഷം മുമ്പ് മറ്റൊരു ജൂണിൽ ആയിരുന്നു (അച്ഛൻ സുകുമാരന്റെ മരണം). നിങ്ങളെ സച്ചിയായി അറിയുന്നത് ഒരു പ്രിവിലേജായിരുന്നു. ഇന്ന് നിങ്ങൾ യാത്രയായപ്പോൾ എന്റെ ഒരു ഭാഗം തന്നെയാണ് പോയത്. നിങ്ങളൊരു ഓർമയാണ് ഇന്നുമുതൽ. എന്നിലെ ഒരുഭാഗം എന്നപോലെ ഇന്നുമുതൽ ഞാൻ നിങ്ങളെ ഓർക്കും. സഹോദരാ, നന്നായി വിശ്രമിക്കുക, മഹത്തായ പ്രതിഭയെ നന്നായി വിശ്രമിക്കുക. മറ്റൊരിടത്ത് നിങ്ങളെ എനിക്ക് കാണാം. നിങ്ങളിപ്പോഴും സാൻഡൽവുഡ് സ്റ്റോറിയുടെ ക്ലൈമാക്സ് എന്നോട് പറഞ്ഞിട്ടില്ല,” പൃഥ്വിരാജ് കുറിച്ചു.
Read more: നിങ്ങൾ എന്നിലെ ഒരു ഭാഗമായിരുന്നില്ലേ; സച്ചിയോർമകളിൽ ഉള്ളുലഞ്ഞ് പൃഥ്വി