മകൾ അലംകൃത മേനോൻ എന്ന അല്ലിമോളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അധികം പോസ്റ്റ് ചെയ്യാറില്ലെങ്കിലും പൃഥ്വിരാജും സുപ്രിയയും മകളുടെ കുറുമ്പുകളും വിശേഷങ്ങളുമൊക്കെ ഇടയ്ക്ക് ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. അഭിമുഖങ്ങളിലും മകളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ പൃഥ്വി മടിക്കാറില്ല. ഇപ്പോഴിതാ, മകൾക്ക് ഏറ്റവുമിഷ്ടമുള്ള, എന്നാൽ തനിക്കൊട്ടും ഇഷ്ടമില്ലാത്തൊരു കാര്യത്തെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്.

“അല്ലിയെ ഞെട്ടിക്കാൻ അത്ര എളുപ്പമല്ല. അല്ലിയുടെ ഇഷ്ടങ്ങളിൽ ഏറ്റവും ആദ്യത്തേത് ഡാൻസാണ്, സുപ്രിയയ്ക്കും അതെ. മൊബൈലിൽ വെറുതെ ഒരു പാട്ടുവെച്ചാൽ പോലും അല്ലി ഡാൻസ് കളിക്കും. എനിക്കാണേൽ ഇതുപോലെ ഇഷ്ടമില്ലാത്ത ഒരു കാര്യം വേറെയില്ല. പക്ഷേ അല്ലി വിടില്ല, എന്നെ കൊണ്ട് ഡാൻസ് കളിപ്പിക്കുന്നതാണ് ഏറ്റവും വലിയ ഇഷ്ടം,” പൃഥ്വിരാജ് പറയുന്നു. ആലിയയെ ഞെട്ടിച്ച സമ്മാനം എന്താണ്? എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകുകയായിരുന്നു പൃഥ്വി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു പൃഥ്വിയുടെ ഈ മറുപടി. എല്ലാ രാത്രിയും കിടക്കും മുൻപ് കഥ കേൾക്കണമെന്ന് അല്ലിയ്ക്ക് നിർബന്ധമാണെന്നും പൃഥ്വി പറയുന്നു.

അടി, ഇടി, റൊമാൻസ്, പാട്ട്, ഡാൻസ് അങ്ങനെ എന്തും വഴങ്ങുന്ന ഒരു നടനാണ് പൃഥ്വിരാജ് എങ്കിലും പൊതുവെ പൃഥ്വി മടിയനായ ഒരു ഡാൻസർ ആണെന്ന് മുൻപ് ഭാര്യ സുപ്രിയയും പറഞ്ഞിരുന്നു. ഹൃത്വിക് റോഷനും ടൈഗർ ഷറഫും വാണി കപൂറും അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം വാറിലെ ‘ഗുംഗുരു’ എന്ന പാട്ടിന് ടൈഗർ ഷറഫ് ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് സുപ്രിയ ഇക്കാര്യം പറഞ്ഞത്.

“എനിക്ക് നൃത്തം ചെയ്യാൻ ഇഷ്ടമാണ്! അല്ലിയും എന്നെപ്പോലെ നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുന്നു! എന്നാൽ പൃഥ്വി ഒരു വിമുഖതയുള്ള നർത്തനാണ്,” എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ വീഡിയോ പോസ്റ്റ് പങ്കുവച്ചത്.

‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. അനാര്‍ക്കലി’ എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചന നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ബിജു മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അയ്യപ്പൻ എന്ന കഥാപാത്രമായി ബിജു മേനോനും കോശി എന്ന കഥാപാത്രമായി പൃഥ്വിരാജും എത്തുന്നു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടറായാണ് ബിജു മേനോന്‍ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. 16 വര്‍ഷത്തെ പട്ടാള സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ‘ഡ്രൈവിങ് ലൈസന്‍സ്’ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു പൃഥ്വിരാജ് ചിത്രം. ഒരു സൂപ്പർ താരത്തിന്റെയും ആരാധകന്റെയും കഥ പറയുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

Read more: പൃഥ്വിയുടെ അല്ലിമോൾ പാട്ടും പാടും പിയാനോയും വായിക്കും; വീഡിയോ പങ്കുവച്ച് സുപ്രിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook