പൃഥ്വിരാജ്, റഹ്മാൻ എന്നിവർ മുഖ്യവേഷത്തിലെത്തിയ ‘രണം’ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് സിനിമ പരാജയമാണെന്ന് പരസ്യമായി പൃഥ്വിരാജ് തന്നെ പറഞ്ഞത്. ‘പൃഥ്വിരാജിന്റെ കൂടെ’ എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ‘രണം’ പരാജയമാണെന്ന് താരം പറഞ്ഞത്. സിനിമയിൽ അഭിനയിച്ച നടൻ തന്നെ അത് പരാജയമാണെന്ന് പരസ്യമായി പറഞ്ഞത് വലിയ ചർച്ചകൾക്കിടയാക്കി.

”എത്തരത്തിലുളള സിനിമകളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാം. അതിനുളള മെച്യൂരിറ്റിയും സിനിമയിലെ അനുഭവ പരിചയവും എനിക്കുണ്ട്. ചില കാര്യങ്ങൾ ചെയ്തു നോക്കണമെന്നാണ് എന്റെ ഹൃദയം പറയാറുളളത്. ചിലപ്പോൾ അത് നടക്കും, ചിലപ്പോൾ നടക്കില്ല. ‘കൂടെ’ പോലുളള സിനിമകൾ വിജയമാവും. ‘രണം’ പോലുളള ചില സിനിമകൾ വിജയിക്കില്ല. അത് എനിക്കറിയാം. പക്ഷേ ചില സിനിമകൾ നമ്മൾ ട്രൈ ചെയ്യണം. 10 വർഷം കഴിഞ്ഞ് വ്യത്യസ്തമായ സിനിമകൾ ചെയ്തില്ലല്ലോ എന്നെനിക്ക് തോന്നാൻ പാടില്ല”, ഇതായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

‘രണം’ പരാജയമാണെന്ന് പരസ്യമായി പറഞ്ഞ പൃഥ്വിരാജിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് നടന്‍ റഹ്മാൻ. പൃഥ്വിരാജിന്റെ വാക്കുകളെ പരാമർശിക്കാതെയായിരുന്നു റഹ്മാന്റെ പ്രതികരണം. മോഹൻലാൽ നായകനായ ‘രാജാവിന്റെ മകൻ’ സിനിമയിലെ ഡയലോഗിലൂടെയായിരുന്നു പൃഥ്വിരാജിനുളള മറുപടി റഹ്മാൻ തന്റെ ഫെയ്സ്ബുക്കിലൂടെ നൽകിയത്.

Read More: പൃഥിരാജിന്റെ ‘കൂടെ’

റഹ്മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്.
ഞാൻ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്.
ആ രാജാവിന്റെ മകനാണ് ഞാൻ. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകൻ. അന്നും ഇന്നും.

ദാമോദർ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാൾക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവിൽ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദർ വീണു….

 

അതുകണ്ട് കാണികൾ കൈയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് ‘രണ’മെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നിൽക്കുന്നത്.

അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ….,
അതെന്റെ കുഞ്ഞനുജനാണെങ്കിൽ കൂടി,
എന്റെ ഉള്ളു നോവും… കുത്തേറ്റവനെ പോലെ ഞാൻ പിടയും….

Read: Ranam Review: പ്രതിരോധത്തിന്‍റെ രണം

അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന ‘രണം’, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ‘രണ’ത്തിന്റേതും. അമേരിക്കയിലെ ഡെട്രോയിറ്റിലെയും കാനഡയിലെ ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുളളതായിരുന്നു സിനിമ.

പൃഥിരാജും റഹ്മാനുമാണ് ‘രണ’ത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മുംബൈ പൊലീസിനുശേഷം പൃഥ്വിരാജും റഹ്മാനും വീണ്ടും ഒന്നിക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. പുതുമുഖ സംവിധായകനായ നിർമൽ സഹദേവായിരുന്നു സംവിധാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook