മലയാളികളുടെ ഇഷ്ടതാരം പൃഥ്വിരാജ് സുകുമാരന്‍ ഒരിക്കല്‍കൂടെ സംവിധായകന്റെ കുപ്പായമണിയുന്നു. ആഗോള തലത്തില്‍ വന്‍വിജയം നേടിയ കെജിഎഫ് സിരീസിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് നിര്‍മ്മാതക്കള്‍. ‘ടൈസണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക വിവരം പങ്കുവച്ചത് പൃഥ്വിരാജ് തന്നെയാണ്.
“എമ്പുരാന് – എല്‍ 2 ന് ശേഷം. എന്റെ നാലാമത്തെ സംവിധാനം സംരഭം. ഒരിക്കല്‍കൂടി എന്റെ സഹോദരനും സുഹൃത്തുമായാ മുരളി ഗോപിക്കൊപ്പം. ഇത്തവണ ഞങ്ങളുടെ ഭാവനയ്ക്കനുശ്രിതമായ ഒരു വലിയ പ്രോജക്ട്. വിശ്വാസമര്‍പ്പിച്ച ഹോംബാലെ ഫിലിംസിനും വിജയ് കിരങ്ങന്ഡൂറിനും നന്ദി,” ടൈസണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.
മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ ടൈസണ്‍ ഒരുങ്ങുന്നത്. പൃഥ്വിരാജ് തന്നെയാണ് പ്രധാന കഥാപാത്രമവതരിപ്പിക്കുന്നത്. പൃഥ്വിരാജ് സംവിധാനവും മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.
നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ജോര്‍ദാനിലാണ്. ചിത്രീകരണം പൂര്‍ത്തിയായലുടന്‍ എമ്പുരാന്റെ പണിപ്പുരയിലേക്ക് താരം കടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Also Read: അമാലിനൊപ്പം അവധിക്കാലം ആഘോഷിച്ച് ദുല്‍ഖര്‍; ചിത്രങ്ങള്‍