താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ ആരാധകരെ സംബന്ധിച്ച് കൗതുകമുള്ള കാഴ്ചയാണ്. നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ സ്കൂൾകാലഘട്ടത്തിലെ ഫോട്ടോയാണ് ഇപ്പോൾ ആരാധകരിൽ കൗതുകമുണർത്തുന്നത്. സ്കൂൾ മാഗസിനിൽ മിടുക്കരായ കുട്ടികളുടെ ഇടയിലാണ് പൃഥ്വിരാജ് എസ് എന്ന പേരും കാണാൻ സാധിക്കുക. തിരുവനന്തപുരം സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലുമായിട്ടാണ് പൃഥ്വിരാജ് തന്റെ സ്കൂൾവിദ്യഭ്യാസം പൂർത്തിയാക്കിയത്. പഠനത്തിനു പിറമെ പാഠ്യേതര കാര്യങ്ങളിലും മികവു പുലർത്തിയിരുന്ന വിദ്യാർത്ഥിയായിരുന്നു പൃഥ്വി. എന്തായാലും ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

സ്കൂൾ വിദ്യഭ്യാസത്തിനു ശേഷം ഉപരിപഠനത്തിനായി ആസ്ട്രേലിയയിലെ ടാൻസ്മാനിയ യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠനം തുടരുന്നതിനിടയിലാണ് രഞ്ജിത്ത് ചിത്രം ‘നന്ദന’ത്തിലേക്ക് പൃഥ്വിരാജിന് ക്ഷണം ലഭിക്കുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ പഠനം ഉപേക്ഷിച്ച് സിനിമയിൽ ശ്രദ്ധ ചെലുത്തുകയായിരുന്നു താരം.

2002-ൽ ആയിരുന്നു പൃഥ്വിയുടെ അരങ്ങേറ്റം. 17 വർഷങ്ങൾ പൂർത്തിയാകുമ്പോൾ, നാലു ഭാഷകളിലായി നൂറിലേറെ ചിത്രങ്ങൾ അഭിനയിച്ചു കഴിഞ്ഞ നടൻ എന്നതിനു പുറമെ സംവിധായകൻ, നിർമാതാവ്, ഗായകൻ എന്നീ നിലകളിലും തന്റെ കഴിവു തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. രണ്ടു തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പൃഥ്വിരാജിനെ തേടിയെത്തി. 2006ൽ ‘വാസ്തവം’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പൃഥ്വിരാജ് സ്വന്തമാക്കി. ‘അയാളും ഞാനും തമ്മിൽ’, ‘സെല്ലുലോയിഡ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. മലയാളത്തിനു പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും പൃഥ്വി അഭിനയിച്ചു.

മലയാള സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ വിജയ ചിത്രം എന്ന വിശേഷണം പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’നു സ്വന്തം. ബോക്സ് ഓഫീസിൽ നൂറിലേറെ ദിനങ്ങൾ പൂർത്തിയാക്കിയ ലൂസിഫർ 200 കോടി രൂപയുടെ ബിസിനസ്സ് സ്വന്തമാക്കി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളചിത്രം എന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു. മലയാളത്തിൽ നിന്നും പുലി മുരുകനു ശേഷം നൂറുകോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രം എന്ന വിശേഷണവും ‘ലൂസിഫർ’ മുൻപു തന്നെ സ്വന്തമാക്കിയിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫർ’ എട്ട് ദിവസംകൊണ്ടാണ് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയത്. അത്രയും ചുരുങ്ങിയ കാലയളവു കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ മലയാളചിത്രം കൂടിയാണ് ‘ലൂസിഫർ’.

Read more: സ്വന്തം സഹോദരിയെ പോലെ തോന്നിയ നടി; നസ്രിയയെ കുറിച്ച് പൃഥ്വിരാജ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook