നടനും ഇപ്പോള്‍ സംവിധായകനുമായ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ട്വിറ്റര്‍ വിശേഷം ഇന്നലെ രാത്രി റഷ്യയില്‍ താന്‍ നേരിട്ട സന്തോഷകരമായ ഒരനുഭവത്തെക്കുറിച്ചാണ്. രാത്രി ജോലി കഴിഞ്ഞു തളര്‍ന്ന് ഭക്ഷണം കഴിക്കാനായിച്ചെന്ന പൃഥ്വിയെ വരവേറ്റത് പൃഥ്വി നായകനായി അഭിനയിച്ച അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യുടെ ഒരാരാധകനാണ്.

“പാതിരാത്രി, റഷ്യയിയിലെ ഏതോ ഒരിടം… നല്ല ജോലിത്തിരക്കുള്ള ഒരു ദിവസത്തിന് ശേഷം, നിങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി ചെല്ലുന്നു. കയറിച്ചെല്ലുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്… ‘ഞാനും ഭാര്യയും ‘കൂടെ’യുടെ ആരാധകരാണ് കേട്ടോ’… നിങ്ങള്‍ എങ്ങനെയാണ് ‘കൂടെ’ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. എന്നിരുന്നാലും അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു,” പൃഥ്വിരാജ്‌ ട്വിറ്ററില്‍ കുറിച്ചു.

Read More: റഷ്യയില്‍ കണ്ട ആരാധകന്‍ മലയാളിയല്ല, ഈജിപ്പ്ഷ്യന്‍: വിശദീകരണവുമായി പൃഥ്വിരാജ്

നസ്രിയ, പൃഥ്വിരാജ്, പാര്‍വ്വതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ ‘കൂടെ’. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടു ഗള്‍ഫില്‍ നിന്നും ഊട്ടിയിലേക്ക് എത്തുന്ന ജോഷ്വ എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തില്‍ എത്തിയത്. പൃഥ്വിയുടെ തന്മയത്വമാര്‍ന്ന പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പൃഥ്വിരാജിന്റെ സഹോദരി ജെനിയായി നസ്രിയയും കാമുകി സോഫി എന്ന കഥാപാത്രമായി പാര്‍വ്വതിയും എത്തിയ ചിത്രം പൃഥ്വിയുടെ നൂറാം ചിത്രം കൂടിയായിരുന്നു.

‘ബാംഗ്ലൂര്‍ ഡേയ്സ്’ എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം അഞ്ജലി മേനോന്‍ ഒരുക്കിയ ചിത്രം, നസ്രിയയും ഫഹദുമായുള്ള  വിവാഹശേഷം ഒരിടവേള കഴിഞ്ഞ് നസ്രിയ അഭിനയത്തിലേക്ക് മടങ്ങി വന്ന ചിത്രം, സൂപ്പര്‍ഹിറ്റായ ‘എന്ന് നിന്റെ മൊയ്തീനി’ന് ശേഷം പൃഥ്വിയും പാര്‍വതിയും ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെ ധാരാളം പ്രത്യേകതകള്‍ ഉണ്ടായിരുന്ന ചിത്രം കൂടിയാണ് ‘കൂടെ’.

Read More: Koode Movie Review: പൃഥ്വിരാജിന്റേയും നസ്രിയയുടെയും അഭിനയത്തികവിന്റെ ‘കൂടെ’ 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook