മലയാള സിനിമയിൽ മുൻനിര നായക സ്ഥാനം ഉറപ്പിക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പൃഥ്വിരാജ് വിവാഹിതനായത്. പാലക്കാട് നടന്ന ലളിതമായ ചടങ്ങിൽവച്ച് സുപ്രിയയെ പൃഥ്വി തന്റെ ജീവിത സഖിയാക്കി. ഇരുവരുടെയും വിവാഹ ജീവിതം 11 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇന്ന് പൃഥ്വിയെ പോലെ സുപ്രിയയും മകൾ അലംകൃതയും മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.
സുപ്രിയയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായൊരു കുറിപ്പിലൂടെ വീണ്ടും ആരാധക ഹൃദയം കവർന്നിരിക്കുകയാണ് പൃഥ്വിരാജ്. സുപ്രിയയെ ചേർത്തുപിടിച്ച് നിൽക്കുന്ന സെൽഫി പങ്കുവച്ചാണ് പൃഥ്വി ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
”ഹാപ്പി ബെർത്ത്ഡേ പാർട്നർ. നീ എന്റെ കൈ പിടിച്ച് കൂടെയുണ്ടെങ്കിൽ, ഏതു വഴക്കും കഠിനമല്ല, ഏതു യാത്രയും നീണ്ടതല്ല,” എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ. പൃഥ്വിരാജും കുടുംബവും അവധിക്കാല ആഘോഷത്തിനായി ലണ്ടനിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം ലണ്ടനിലാണ് തങ്ങൾ ഉണ്ടെന്നതിന്റെ സൂചനകൾ സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകർക്ക് നൽകിയിരുന്നു. പോപ് ഗായിക ലേഡി ഗാഗയുടെ ലൈവ് ഷോയുടെ ചില വീഡിയോയകളും ‘ഗാഗ’ എന്നെഴുതിയ ബാൻഡ് ധരിച്ച ചിത്രങ്ങളും സുപ്രിയ ഷെയർ ചെയ്തിരുന്നു.


2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവർ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്.