പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വി ഇപ്പോൾ.
മാതാവ് മല്ലിക സുകുമാരനും സൂപ്പർസ്റ്റാർ മോഹൻലാലിനും ഒപ്പമുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. ‘ബ്രോ ഡാഡി ആൻഡ് പ്രോ മമ്മി,’ എന്ന കാപ്ഷനോട് കൂടിയാണ് പൃഥ്വി ഈ ചിത്രം പങ്കുവച്ചത്.
ചൊവ്വാഴ്ചയും സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം താരം പങ്കുവച്ചിരുന്നു. മല്ലിക സുകുമാരനും മോഹൻലാലും ഒന്നിച്ചുള്ള ഒരു രംഗത്തിൽ നിന്നുള്ള ചിത്രമായിരുന്നു പൃഥ്വി പങ്കുവച്ചത്.
ചിത്രത്തിന് രസകരമായ ഒരു കാപ്ഷനും പൃഥ്വി നൽകിയിരിക്കുന്നു. “എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒരേ ഫ്രെയിമിൽ സംവിധാനം ചെയ്യാൻ കഴിയുമ്പോൾ,” എന്നാണ് പൃഥ്വിയുടെ കാപ്ഷൻ.
ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ശ്രീജിത്ത് ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.
2019ലാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫർ റിലീസ് ചെയ്തത്. തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ വിജയമായിരുന്നു ലൂസിഫർ . മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ലോക്ക്ഡൗൺ മൂലം അതിന്റെ വർക്കുകൾ ആരംഭിക്കാൻ കഴിയാതെ വന്നതോടെയാണ് താരം ബ്രോ ഡാഡിയുമായി എത്തുന്നത്.