പിറന്നാള്‍ ദിനത്തില്‍ തനിക്കു ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും പൃഥ്വിരാജ് നന്ദി അറിയിച്ചു. ജീവിതത്തില്‍ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫര്‍’ ലൊക്കേഷനില്‍ തന്റെ ടീമിനോടൊപ്പവും സുപ്രിയയോടൊപ്പവും പിറന്നാള്‍ ആഘോഷിക്കാന്‍ സാധിച്ചത് വലിയ സന്തോഷം തന്നു എന്ന് പൃഥ്വിരാജ് വീഡിയോയില്‍ പറഞ്ഞു. ‘ലൂസിഫര്‍’ നായകന്‍ മോഹന്‍ലാലിന്‍റെ കൈയ്യില്‍ നിന്നും പിറന്നാള്‍ കേക്കിന്റെ ആദ്യ കഷ്ണം കഴിക്കാന്‍ സാധിച്ചു എന്നത് ഭാഗ്യമായി കരുതുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു.  ഇന്നലെ നടത്തിയ ഫെയ്സ്ബുക്ക്‌ ലൈവിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ലൂസിഫറി’ന്റെ അമരക്കാരനായ പൃഥിയ്ക്ക് മോഹൻലാലും മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും സുജിത്ത് വാസുദേവും അണിയറപ്രവർത്തകരും പിറന്നാൾ ആശംസകൾ നേരുന്ന ഒരു വീഡിയോ ഇന്നലെ റിലീസ് ചെയ്തു.  ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ മുഹൂർത്തങ്ങളെല്ലാം കോർത്തിണക്കിയ കൊളാഷുകളാലും സമ്പന്നമാണ് വീഡിയോ.

“സിനിമാ ജീവിതത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന ഒരു ധര്‍മത്തിലാണ് രാജു ഇപ്പോള്‍. ലൂസിഫര്‍ എന്ന സിനിമ തന്നെയാണ് ആ നാഴികക്കല്ല്. ഇത്രയും തിരക്കേറിയ നടന്‍, എല്ലാം മാറ്റിവച്ച് തന്റെ സ്വപ്‌നത്തെ സാക്ഷാത്കരിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രാജുവിന് പിറന്നാള്‍ ആശംസകൾ. ജീവിതത്തില്‍ എന്നും ഓര്‍ക്കാവുന്ന പിറന്നാള്‍ ആകട്ടെയെന്ന് ഞാനാശംസിക്കുന്നു,” മോഹൻലാൽ വീഡിയോയില്‍ പറയുന്നു.

Read More: അമരക്കാരന് ആശംകള്‍ നേര്‍ന്ന് ‘ലൂസിഫര്‍’ ടീം

പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ച്ചര്‍സും കൈകോര്‍ക്കുന്ന ആദ്യ സിനിമയായ ‘നയന്‍’ നേരത്തെ അറിയിച്ചിരുന്ന പോലെ നവംബര്‍ 16ന് റിലീസ് ചെയ്യില്ല എന്ന് പൃഥ്വിരാജ്. താനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് മുംബൈയില്‍ ‘നയനി’ന്റെ ഫസ്റ്റ് കട്ട്‌ കണ്ടു എന്നും എല്ലാവരും വളരെ എക്സൈറ്റഡ്‌ ആണ് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. എന്നാല്‍ റിലീസ് കാര്യത്തില്‍ ഒരു മാറ്റമുണ്ട് എന്ന് പറഞ്ഞു തുടങ്ങിയ പൃഥ്വിരാജ് അതിന്റെ കാരണവും വ്യക്തമാക്കി. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷനില്‍ വി എഫ് എക്സ് ഉള്‍പ്പടെ അല്പം കൂടി ജോലി ബാക്കിയുണ്ട്, അതും കൂടി ചേര്‍ന്നാല്‍ ആണ് ചിത്രം അതര്‍ഹിക്കുന്ന പൂര്‍ണ്ണതയിലേക്ക് എത്തുക എന്നും താരം കൂട്ടിച്ചേര്‍ത്തു.

 

പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ചത്. ഈ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഒപ്പമാണ് രാജ്യാന്തരനിര്‍മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സ് കൈകോര്‍ത്തത്.

കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. അതിനാല്‍ തന്നെയാണ് പ്രാദേശിക ഭാഷകളിലെ സിനിമാ നിര്‍മ്മാണത്തിലേക്കും സോണി പിക്‌ചേഴ്‌സ് കടക്കുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നല്ല പാര്‍ട്ണറെ കണ്ടെത്താന്‍ കഴിയില്ലെന്നാണ് പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി കൈകോര്‍ത്തതിനെക്കുറിച്ച് സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിവേക് കൃഷ്ണാനി പറഞ്ഞത്.

Read More: ആകാംക്ഷ വാനോളമുയര്‍ത്തി പൃഥ്വിരാജ് ചിത്രം ‘9’ന്‍റെ മോഷന്‍ പോസ്റ്റര്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ