Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

കൂട്ടുകാരാ, ഇതെന്റെ പിറന്നാൾ സമ്മാനം; സച്ചി ബാക്കി വച്ച സ്വപ്നം പൂർത്തീകരിച്ച് പൃഥ്വിരാജ്

സച്ചി ബാക്കി വച്ചുപോയൊരു വലിയ സ്വപ്നം സാക്ഷാത്കരിക്കുകയാണ് പൃഥ്വി

Prithviraj, Sachy, സച്ചി, Sachy creations, പൃഥ്വിരാജ്, sachy dead, sachy passes away, sachi, writer sachi, sachi films, sachi prithviraj, sachi critical, sachi sethu films, സച്ചി, സച്ചി സേതു, അയ്യപ്പനും കോശിയും

ഒരു സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിലുമപ്പുറം പൃഥ്വിരാജിനു ഒരു ആത്മമിത്രമായിരുന്നു സച്ചി. വർഷങ്ങളായുള്ള സുഹൃദ്‌ബന്ധം ഇരുവരേയും മാനസികമായി ഏറെ അടുപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ സച്ചിയുടെ വിയോഗം പൃഥ്വിരാജിനെ സംബന്ധിച്ച് ഇപ്പോഴും തീരാവേദനയാണ്.

ഇന്ന് ക്രിസ്തുമസ് നാളിൽ തന്നെയാണ് സച്ചിയുടെ ജന്മദിനവും. പ്രിയ കൂട്ടുകാരന്റെ ജന്മദിനത്തിൽ, സച്ചി ബാക്കി വച്ചുപോയൊരു വലിയ സ്വപ്നം സാക്ഷാത്കരിക്കുകയാണ് പൃഥ്വി. സച്ചിയുടെ പേരിൽ ഒരു ബാനറാണ് പൃഥ്വി ആരംഭിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

“നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ. ഡിസംബർ 25 എന്നെ സംബന്ധിച്ച് ‌ മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും, ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്‌മെന്റ് നടത്തുകയാണ് സച്ചി ക്രിയേഷൻസ് (Sachy Creations). ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.” പൃഥ്വി പറയുന്നു.

സച്ചിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് മുൻപൊരിക്കൽ പൃഥ്വി പങ്കിട്ട കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. സച്ചിയുടെ സംസ്‌കാര ചടങ്ങുകൾക്കു പിന്നാലെയാണ് കരളലിയിക്കുന്ന കുറിപ്പുമായി പൃഥ്വിരാജ് രംഗത്തെത്തിയത്. ഇരുവരും തമ്മിൽ എത്രത്തോളം ആത്മബന്ധമുണ്ടെന്ന് പൃഥ്വിയുടെ വരികളിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും.

സച്ചി,

ധാരാളം സന്ദേശങ്ങൾ വന്നിട്ടുണ്ട്, ചില വിചിത്രമായ ഫോൺ കോളുകളും. ഇങ്ങനെയൊരു സന്ദർഭത്തിൽ ഞാൻ എങ്ങനെ പിടിച്ചുനിൽക്കുന്നുവെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നെ ആശ്വസിപ്പിക്കുന്നു. ആളുകൾക്ക് നിങ്ങളെയും എന്നെയും അറിയാമെന്ന് ഞാൻ ഊഹിക്കുന്നു…അതുപോലെ നമ്മളെയും! പക്ഷെ, അവരിൽ ഭൂരിഭാഗവും പറഞ്ഞ ഒരു കാര്യം ഞാൻ നിശബ്‌ദമായി നിരസിക്കേണ്ടതുണ്ട്. നിങ്ങൾ “ഉയരങ്ങളിലേക്ക് പോയി!” എന്ന കാര്യം. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും അറിയുന്ന ഒരാളെന്ന നിലയിൽ…’അയ്യപ്പനും കോശിയും’ നിങ്ങളിലെ ഏറ്റവും മികച്ചതല്ലെന്ന് എനിക്കറിയാം. നിങ്ങൾ ആഗ്രഹിച്ചിരുന്ന ഒരു തുടക്കം മാത്രമായിരുന്നു അത്. ഈയൊരു നേട്ടത്തിലെത്താനുള്ള യാത്രയായിരുന്നു നിങ്ങളുടെ സിനിമാജീവിതം, അവിടെ നിന്ന് നിങ്ങൾ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് പോകുമായിരുന്നു, എനിക്കറിയാം.

പറയാത്ത നിരവധി കഥകൾ, പൂർത്തീകരിക്കാത്ത നിരവധി സ്വപ്‌നങ്ങൾ. വാട്‌സാപ്പ് ശബ്‌ദ സന്ദേശങ്ങളിൽ രാത്രി ഏറെ വൈകിയുള്ള നിരവധി വിവരണങ്ങൾ. വളരെയധികം ഫോൺ കോളുകൾ. നമ്മൾ വലിയൊരു പദ്ധതി തയ്യാറാക്കിയിരുന്നു. ഇനിയുള്ള വർഷങ്ങളിലേക്ക്. നിങ്ങളും ഞാനും. എന്നിട്ട് നിങ്ങൾ പോയി…

സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്‌ചപ്പാടിനെ കുറിച്ചും വരും വർഷങ്ങളിൽ നിങ്ങളുടെ ചലച്ചിത്രയാത്ര എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചും പറയുന്നതാനായി മറ്റാരെയെങ്കിലും നിങ്ങൾ വിശ്വാസത്തിലെടുത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല, എന്നാൽ നിങ്ങൾ എന്നെ വിശ്വാസത്തിലെടുത്തു. നിങ്ങൾ അടുത്തുണ്ടായിരുന്നെങ്കിൽ അടുത്ത 25 വർഷത്തെ മുഖ്യധാരാ മലയാള സിനിമയും എന്റെ കരിയറിന്റെ ബാക്കിഭാഗവും വളരെ വ്യത്യസ്‌തമായിരിക്കുമെന്ന് എനിക്കറിയാം. എന്നാൽ, സിനിമ മറക്കുക. ആ സ്വപ്നങ്ങളെല്ലാം നിങ്ങൾക്കൊപ്പമാണ് ഞാൻ കണ്ടത്.

ആ ശബ്‌ദസന്ദേശങ്ങളിനൊന്ന് വീണ്ടും ലഭിക്കാൻ ആഗ്രഹിക്കുന്നു, അടുത്ത ഫോൺ കോളിനായും…നമ്മൾ ഒരുപോലെയാണെന്ന് നിങ്ങൾ എന്നോട് പറയാറുണ്ടായിരുന്നു. നമ്മൾ! പക്ഷെ, എനിക്കിപ്പോൾ തോന്നുന്നു.. നിങ്ങൾ എന്നിൽ നിന്ന് വളരെ വ്യത്യസ്‌തനാണെന്ന്. കാരണം, ഇത്രയും അഗാധമായ ദുഖം അവസാനമായി എന്നെ ബാധിച്ചത് 23 വർഷം മുമ്പ് മറ്റൊരു ജൂണിൽ ആയിരുന്നു (അച്ഛൻ സുകുമാരന്റെ മരണം). നിങ്ങളെ സച്ചിയായി അറിയുന്നത് ഒരു പ്രിവിലേജായിരുന്നു. ഇന്ന് നിങ്ങൾ യാത്രയായപ്പോൾ എന്റെ ഒരു ഭാഗം തന്നെയാണ് പോയത്. നിങ്ങളൊരു ഓർമയാണ് ഇന്നുമുതൽ. എന്നിലെ ഒരുഭാഗം എന്നപോലെ ഇന്നുമുതൽ ഞാൻ നിങ്ങളെ ഓർക്കും. സഹോദരാ, നന്നായി വിശ്രമിക്കുക, മഹത്തായ പ്രതിഭയെ നന്നായി വിശ്രമിക്കുക…മറ്റൊരിടത്ത് നിങ്ങളെ എനിക്ക് കാണാം. നിങ്ങളിപ്പോഴും സാൻഡൽവുഡ് സ്റ്റോറിയുടെ ക്ലെെമാക്‌സ് എന്നോട് പറഞ്ഞിട്ടില്ല.

കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ തിരക്കഥാകൃത്തായാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. കോളേജ് കാലത്ത് തന്നെ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സച്ചി കലാലയജീവിതത്തിനിടെ നിരവധി നാടകങ്ങളും സംവിധാനം ചെയ്തിരുന്നു. എറണാകുളം ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ സച്ചി എട്ട് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകന്‍ ആയി പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യകാലത്ത് സേതുവിനൊപ്പം ചേർന്ന് സച്ചി-സേതു എന്ന പേരിലായിരുന്നു തിരക്കഥകൾ എഴുതിയിരുന്നത്. കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര സഹ നിർമ്മാതാവ് എന്നീ നിലകളിലും സച്ചി പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗമാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj birthday gift to sachy new production banner sachy creations

Next Story
ദോശയൊക്കെ ചുട്ടുചുട്ടല്ലേ പഠിക്കുന്നേ; ഇനി തട്ടുകടയാവാമെന്ന് ഐശ്വര്യAishwarya Lekshmi, Aishwarya Lekshmi photos, Aishwarya Lekshmi video, Aishwarya Lekshmi dosa making video, Archana 31 notout, Ramasseri Idli, രാമശ്ശേരി ഇഡ്ഡലി, അർച്ചന 31 നോട്ട്‌ഔട്ട്, ഐശ്വര്യ ലക്ഷ്മി, IE Malayalam, ഐഇ ​മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com