മലയാളി പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ 38-ാം ജന്മദിനമാണ് ഇന്ന്. നിരവധി താരങ്ങളാണ് പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. പൃഥ്വിയ്ക്കും ജീവിത പങ്കാളി സുപ്രിയക്കും ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് ദുൽഖർ സൽമാൻ പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ ചേർന്നത്. ദുൽഖറും പങ്കാളി അമാൽ സൂഫിയയും പൃഥ്വിയ്ക്കും സുപ്രിയക്കുമൊപ്പമുള്ള ചിത്രമാണിത്.

ഈ വർഷം സംഭവിച്ച ഏറ്റവും സവിശേഷമായ കാര്യം നമ്മളെല്ലാവരും അടുക്കുകയും കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുകയും ചെയ്തു എന്നതാണെന്ന്  ജന്മദിനാശംസകൾക്കൊപ്പം ദുൽഖർ കുറിച്ചു. “ജന്മദിനത്തിലെ ഏറ്റവും സന്തോഷകരമായ ആശംസകൾ പൃഥ്വി! ഈ വർഷം സംഭവിച്ച ഏറ്റവും സവിശേഷമായ കാര്യം, നമ്മളെല്ലാവരും അടുക്കുകയും കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുകയും ചെയ്തു എന്നതാണ്. നിങ്ങൾക്ക് ഒരു സൂപ്പർ സ്‌പെഷ്യൽ ദിനമുണ്ടെന്ന് കരുതുന്നു, എല്ലായ്പ്പോഴും നിങ്ങൾ ഇതുപോലെ ദയയോടെയും ആകർഷണീയവുമായിരുന്നതിന് നന്ദി!” ദുൽഖർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

Read More: സച്ചിയേട്ടൻ കഴിഞ്ഞാൽ നന്ദി പറയാനുള്ളത് നിങ്ങളോടാണ്; പൃഥ്വിയ്ക്ക് ഗൗരിയുടെ കുറിപ്പ്

ഡിക്യുവിന്റെ പോസ്റ്റിന് പൃഥ്വി നന്ദി അറിയിച്ച് കമൻഡ് ചെയ്തിട്ടുണ്ട്. “താങ്ക് യൂ ബ്രദർ മാൻ! അതെ! സൂപ്രിയ, അല്ലി, ഞാൻ എല്ലാവർക്കും 2020 ലെ ഏറ്റവും മികച്ച കാര്യം നിങ്ങളാണ്!,”  എന്നാണ് പൃഥ്വിയുടെ കമന്റ്.

ജൂലൈ 28നായിരുന്നു ദുൽഖർ സൽമാന്റെ പിറന്നാൾ.പൃഥ്വിരാജ് അടക്കമുള്ളവർ അന്നേദിവസം താരത്തിനായി സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ നേർന്നിരുന്നു. നഗരത്തിലെ ഏറ്റവും നല്ല ബർഗർ ഷെഫ് എന്നാണ് പൃഥ്വിരാജ് ദുൽഖറിനെ വിശേഷിപ്പിച്ചത്. പാചകത്തിലുള്ള ദുൽഖറിന്റെ താൽപ്പര്യത്തെയും കൈപ്പുണ്യത്തേയും അഭിനന്ദിക്കുന്നതായിരുന്നു പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നസ്രിയ എന്നിവരെല്ലാം ഷെയർ ചെയ്ത ആശംസാകുറിപ്പുകൾ. കുക്കിങ് പാഷനായ, ബർഗർ പ്രേമിയായ ദുൽഖറിന് പൃഥ്വിരാജ് നൽകിയ പിറന്നാൾ കേക്കിന്റെ വിശേഷങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ബർഗർ പ്രേമിയ്ക്കുള്ള കേക്കും ബർഗറിന്റെ ഷേപ്പിൽ തന്നെയാണ് പ്രിഥ്വി സമ്മാനിച്ചത്.

ലോക്ക്ഡൗൺ കാലത്താണ് താൻ ബർഗർ മെയ്ക്കിങ് പഠിച്ചതെന്ന് ദുൽഖർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “എന്റെ ലോക്ഡൗൺ ഹോബിയായിരുന്നു ബർഗർ മെയ്ക്കിങ്. എനിക്ക് നല്ല ബർഗർ മിസ് ചെയ്തു. അതുകൊണ്ട്, വീട്ടിൽ എങ്ങനെ നല്ല ബർഗർ ഉണ്ടാക്കാം എന്ന് അന്വേഷിക്കലായിരുന്നു പണി. യുട്യൂബ് വിഡിയോ കണ്ട് വീട്ടിൽ ഉണ്ടാക്കി നോക്കി. അങ്ങനെ ഒരു വിധം പഠിച്ചെടുത്തു. എല്ലാവരും ടേസ്റ്റ് ചെയ്തു. അവർക്ക് നല്ല ഇഷ്ടമായി. ഇപ്പോൾ എല്ലാവരും എന്നെ ബർഗർ ഷെഫ് എന്നാണ് വിളിക്കുന്നത്.”

Read More: ദുല്‍ഖറിനു പൃഥ്വി നല്‍കിയ പിറന്നാള്‍ കേക്ക്

“എന്റെ ഈ വർഷത്തെ ഒരു ബർത്ത്ഡേ കേക്ക് പോലും ബർഗർ ഷേപ്പിലുള്ളതായിരുന്നു. പൃഥ്വിവും സുപ്രിയയും കൊണ്ടു വന്നതായിരുന്നു അത്. പിന്നെ, ആരുടെ ജന്മദിനം ആയാലും മറിയത്തിന് മെഴുകുതിരി ഊതാനും കേക്ക് കട്ട് ചെയ്യാനുമൊക്കെ ഇഷ്ടമാണ്. എന്റെ പിറന്നാൾ മറിയം കാത്തിരിക്കുകയായിരുന്നു. രാവിലെ ബ്യൂട്ട് ആന്റ് ബീസ്റ്റ് ഉടുപ്പൊക്കെ ഇട്ടു വന്ന് എനിക്ക് കാർഡ് തന്നു. അവൾ ഉണ്ടാക്കിയ കാർഡ് ആയിരുന്നു. നിറയെ അവളുടെ ക്രാഫ്റ്റ്സും ഗ്ലിറ്ററുമൊക്കെയായി,” മലയാള മനോരമയും മനോരമ ഓൺലൈനും ഹീറോ എക്സട്രീം 160R ഉം ചേർന്നൊരുക്കിയ ചിറ്റ് ചാറ്റ് വിത്ത് ഡിക്യു എന്ന പരിപാടിയിൽ സംസാരിക്കവെ ദുൽഖർ പറഞ്ഞതിങ്ങനെ.

Read More: കേക്കിലും നിറയുന്ന ‘ആടുജീവിതം’; പ്രിയപ്പെട്ടവനായി സുപ്രിയ ഒരുക്കിയ സർപ്രൈസ്

കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്ന സമയത്തും പ്രിഥ്വിയും ദുൽഖറും തങ്ങളുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കിത്തന്നിരുന്നു. ലോക്ക്ഡൗണിന്റെ തുടക്കത്തിൽ ജോർദാനിൽ പെട്ടിരിക്കുകയായിരുന്നു പ്രിഥ്വി. ‘ആട് ജീവിതം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായിരുന്നു പ്രിഥ്വി അടക്കമുള്ളവർ ജോർ ദാനിലെത്തിയത്.  പിന്നീട് കുറേ നാളുകൾക്ക് ശേഷമാണ് പ്രിഥ്വിക്ക് നാട്ടിൽ തിരിച്ചെത്താൻ സാധിച്ചത്.

ഏറെ പ്രയാസമേറിയ ഒരു ചിത്രമാണ്  ‘ആട് ജീവിതം’ എന്നും അതിന്റെ കഥാപാത്രം ആവശ്യപ്പെടുന്ന ശാരീരികമാറ്റം വരുത്തിക്കഴിഞ്ഞിട്ടു സിനിമ ചിത്രീകരിക്കാന്‍ കഴിയാതെ പോകുന്നത് ഒരു നടനെ സംബന്ധിച്ച് ഏറ്റവും ദുര്‍ഭാഗ്യകരമായ ഒരു കാര്യമാണ് എന്നും പറഞ്ഞ ദുല്‍ഖര്‍ സല്‍മാന്‍, ആ സമയത്ത് താന്‍ പൃഥ്വിരാജിനോട് പതിവിലുമേറെ സംസാരിക്കുന്നുണ്ട് എന്നും പറഞ്ഞിരുന്നു. ഫിലിം കംപാനിയനു നല്‍കിയ അഭിമുഖത്തിലായിരുന്നു ദുൽഖർ അക്കാര്യം പറഞ്ഞത്.

Read More: ഈ ദിനങ്ങളില്‍ ഏറെ സംസാരിക്കുന്നത് പൃഥ്വിരാജിനോട്: ദുല്‍ഖര്‍ സല്‍മാന്‍

“പറ്റുമ്പോഴെല്ലാം പൃഥ്വിരാജുമായി സംസാരിക്കാറുണ്ട്. വളരെ സങ്കടമാണ് അവരുടെ കാര്യം. മൂന്ന് ആഴ്ചയിലേറെയായി ഷൂട്ടിംഗ് മുടങ്ങി അവര്‍ ജോര്‍ദാനില്‍ പെട്ടിരിക്കുകയാണ്. എപ്പോള്‍ മടങ്ങാല്‍ സാധിക്കും എന്നതിനെക്കുറിച്ചും ഒരു വ്യക്തതയില്ല. സംഘത്തിലെ ആര്‍ക്കും അസുഖമൊന്നുമില്ല എങ്കിലും ഇങ്ങനെ കഴിയേണ്ടി വരുന്നത് കഷ്ടമാണ്. ഈ ചിത്രത്തിന് വേണ്ടി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഭാരം കുറയാനായി പട്ടിണി കിടന്നിട്ടുണ്ട്. അഞ്ചാറു മാസം എടുത്താണ് ഈ ചിത്രത്തിന് വേണ്ട ഒരു ശാരീരികാവസസ്ഥയിലേക്ക് പൃഥ്വി എത്തിയത്. അങ്ങനെ കഷ്ടപ്പെട്ട് തയ്യാറെടുത്തിട്ട് ചിത്രീകരിക്കാന്‍ സാധിക്കാതെ വരുന്നത് നിര്‍ഭാഗ്യകരമാണ്,” എന്നാണ് ദുൽഖർ ആ അഭിമുഖത്തിൽ പറഞ്ഞത്.

‘ആട് ജീവിത’ത്തില്‍ നജീബായി പൃഥ്വിരാജ്

2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. തുടർന്ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലടക്കം നൂറിലേറെ ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചു. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പൃഥ്വിയെ തേടിയെത്തി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ ‘അയാളും ഞാനും തമ്മിൽ’, ‘സെല്ലുലോയിഡ്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും നേടി.

Read More:  ഈ നമ്മളെ എനിക്കെന്തിഷ്ടമാണെന്നോ; പൃഥ്വിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ

നടൻ, ഗായകൻ തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച പൃഥ്വി നിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും കൂടി കടന്നുവന്ന വർഷമായിരുന്നു കഴിഞ്ഞു പോയത്. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന റെക്കോർഡാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook