scorecardresearch
Latest News

പ്രിഥ്വിരാജും സംഘവും നാട്ടിലേക്ക്: ചിത്രങ്ങൾ കാണം

കൊറോണ വ്യാപനവും ലോക്ക്ഡൗണും മൂലം ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.

പ്രിഥ്വിരാജും സംഘവും നാട്ടിലേക്ക്: ചിത്രങ്ങൾ കാണം

അമ്മാന്‍: കൊറോണ വ്യാപനവും ലോക്ക്ഡൗണും മൂലം ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും നാട്ടിലേക്ക് യാത്ര തിരിച്ചു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് പൃഥ്വിരാജ് കൊച്ചിയിലെത്തുക. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ചുള്ള ക്വാറന്റൈനിൽ പോകും.

ജോർദാനിൽ നിന്നുള്ള പ്രവാസികളുമായി വ്യാഴാഴ്ച  എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടിരുന്നു. ഇവയിൽ പ്രിഥ്വിരാജും സംഘവും ഉൾപ്പെടുന്നതായും അവർ നാട്ടിലേക്ക് തിരിച്ചതായും ജോർദാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 187 പേരാണ് വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചത്. ‘ആടുജീവിതം’ സിനിമയുടെ 58 അംഗ സംഘവും ഇതിലുൾപ്പെടുന്നു.

രണ്ടു മാസത്തിലേറെയായി ജോർദാനിലയിരുന്നു  പ്രിഥ്വിരാജ്.  വലിയ കാന്‍വാസിലുള്ള ‘ആടുജീവിത’മെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു.

Read More:  അച്ഛൻ വരുന്നെന്ന് അല്ലി; എന്റെ റാണിയേയും രാജകുമാരിയേയും കാണാൻ കാത്തിരിക്കുന്നെന്ന് പൃഥ്വി

ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ജോർദാനിൽ കർഫ്യൂ ഇളവ് നൽകിയതോടെയാണ് ഷൂട്ടിങ്ങ് തീർക്കാൻ കഴിഞ്ഞത്.

‘ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയതായി നായകന്‍ പൃഥ്വിരാജ് തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. മകൻ തിരിച്ചു വരുന്നതിൽ പ്രിഥ്വിയുടെ മാതാവും അഭിനേത്രിയുമായി മല്ലിക സുകുമാരൻ സന്താഷം അറിയിച്ചു.

Read More: ക്വാറന്റെയിനായിരിക്കും, എങ്കിലും അവനിങ്ങെത്തിയാൽ മതി: മല്ലിക സുകുമാരന്‍

“നാളെ മോനെത്തും. മടങ്ങി വരുന്ന കാര്യം തീരുമാനിച്ചപ്പോഴും ഫ്ളൈറ്റിൽ കയറിട്ട് പറയാം അമ്മേ, ഇങ്ങനെയൊരു അവസ്ഥയല്ലേ, ഒന്നും പറയാൻ പറ്റില്ലെന്നാണ് അവനാദ്യം പറഞ്ഞത്. പോയ കാര്യമെല്ലാം ഭംഗിയായി പൂർത്തിയാക്കി അവൻ എത്തുന്നതിന്റെ സന്തോഷത്തിലാണ്,” മല്ലിക സുകുമാരൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“അവിടെ കർഫ്യൂ ഇളവ് ചെയ്തതോടെ അവർക്ക് സിനിമയുടെ ഷൂട്ടിംഗ് തീർക്കാൻ പറ്റി, അതൊരു ഭാഗ്യമായി. അവിടെ കൂടുതൽ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതു കൊണ്ടായിരിക്കും ചിലപ്പോൾ അങ്ങനെയൊരു ഇളവ് സർക്കാർ നൽകിയത്. അതെന്തായാലും നന്നായി. ഷൂട്ടിംഗ് ഇടയ്ക്ക് വെച്ച് നിർത്തി വരേണ്ടി വരുമോ എന്ന ടെൻഷനായിരുന്നു രാജുവിന്. അല്ലാതെ വരാനുള്ള ധൃതിയൊന്നുമില്ലായിരുന്നു. വർക്ക് തീർക്കാൻ പറ്റണേ, അമ്മ അതിനായി പ്രാർത്ഥിക്കണേ എന്നൊക്കെ വിളിക്കുമ്പോൾ പറയും.”

Read More: പെട്ടെന്ന് പൃഥ്വി കാൽതെന്നി വീണു; അപകടത്തിന്റെ അറിയാക്കഥ പറഞ്ഞ് നിർമാതാവ് രഞ്ജിത്ത്

ആടുജീവിത’ത്തിലെ കഥാപാത്രമായി മാറാനായി ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ എല്ലാവരും അഭിനന്ദിക്കുമ്പോഴും ഒരു അമ്മ എന്ന രീതിയിൽ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

“ഇരുപത് കിലോയോളം കുറച്ചു, താടിയാണെങ്കിൽ വളർന്ന് നെഞ്ചത്തെത്തി. എല്ലാം കൂടെ കാണുമ്പോൾ നമുക്കൊരു പ്രയാസമാണ്. അധികം ഭക്ഷണമൊന്നും കഴിക്കുന്നില്ലല്ലോ, ജ്യൂസ് മാത്രം കുടിച്ച് ജീവിക്കുന്നത് കാണുമ്പോൾ വിഷമം തോന്നും. ഞാൻ​ ഇടയ്ക്ക് ഭക്ഷണം കഴിക്കൂ എന്നു പറയുമ്പോൾ പൃഥ്വി തമാശയ്ക്ക് പറയും, ‘ഡെഡിക്കേറ്റഡ് ആയിരിക്കണം, ജോലിയോട് കമ്മിറ്റ്മെന്റെ വേണമെന്നൊക്കെ അമ്മ തന്നെ പറയും. അതേ സമയം തന്നെ, ഭക്ഷണം കഴിക്കൂ, കഴിക്കൂ എന്നു ഉപദേശിക്കുകയും ചെയ്യും. രണ്ടും കൂടെ എങ്ങനെയാ പറ്റുന്നത് അമ്മേ?’ എന്ന്. ഞാനൊരു​ അമ്മയല്ലേ, ഒക്കെ ഓരോ ആധിയ്ക്ക് പറയുന്നതാണ്.”- മല്ലിക സുകുമാരൻ പറഞ്ഞു.

Read More: മച്ചാനേ, ഡെഡിക്കേഷൻ ലെവൽ പൊളിയെന്ന് സോഷ്യൽ മീഡിയ; ശ്രദ്ധ നേടി പൃഥ്വിയുടെ ചിത്രങ്ങൾ

“ഇവിടെ വന്നാലും കുറച്ചു ദിവസങ്ങൾ ക്വാറന്റെയിനിൽ ആയിരിക്കും എന്നറിയാം. എന്നാലും അവനിങ്ങ് സ്ഥലത്ത് എത്തിയാൽ മതി. മക്കൾ അടുത്തുണ്ടാവുമ്പോള്‍ ഒരു സമാധാനമല്ലേ?” മല്ലിക സുകുമാരൻ ചോദിക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj arrival from jordan aadujeevitham