മലയാളികൾ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘ആടുജീവിതം’. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജോർദാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷൂട്ടിങ്ങിനായി നടൻ പൃഥ്വിരാജ് ഉൾപ്പടെയുള്ളവർ ഇപ്പോൾ ജോർദാനിലാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ അതിഥിയായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ എആർ റഹ്‌മാൻ.
പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷം ആരാധകരെ അറിയിച്ചത്. “ടീമിന് പ്രചോദനം നൽകാൻ ജോർദാനിലെ വാദി റമിലേക്ക് വന്നത് ആരാണെന്ന് നോക്കൂ! എആർ റഹ്മാൻ! ഞങ്ങളെ വളരെ പ്രത്യേകതയുള്ളവരാക്കിയതിന് നന്ദി സർ!” പൃഥ്വിരാജ് കുറിച്ചു.
മാർച്ച് അവസാനത്തോടെയാണ് പൃഥിരാജും സംഘവും ചിത്രീകരണത്തിനായി ജോർദാനിലേക്ക് പുറപ്പെട്ടത്. ജൂണിൽ ഷൂട്ടിംഗ് പൂർത്തിയാക്കി സംഘം തിരിച്ചെത്തുമെന്നാണ് വിവരം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം. എആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് ‘ആടുജീവിതം’. അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആധാരമാക്കിയാണ് ബെന്യാമിന്‍ ഈ നോവലൊരുക്കിയത്.
മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ച വെച്ച ‘ബ്ലെസി ടച്ച്’ ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
Also Read: മകൾക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ കമൽഹാസൻ; ചിത്രങ്ങൾ