വ്യാഴാഴ്ച വിവാഹിതരായ തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും. വിവാഹത്തിന് എത്താൻ കഴിയാത്തതിലെ സങ്കടം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റ്.
“പ്രിയപ്പെട്ട നയനും വിക്കിക്കും വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു! ഞങ്ങൾക്ക് ഇന്ന് വിവാഹത്തിനു ഉണ്ടാവാനായില്ല, പക്ഷേ നിങ്ങൾ രണ്ടുപേർക്കും എല്ലാവിധ ആശംസകളും നേരുന്നു! ഉടൻ കാണാൻ കാത്തിരിക്കുന്നു!” പൃഥ്വിരാജും സുപ്രിയയും കുറിച്ചു. ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ടായിരുന്നു പോസ്റ്റ്.
ഏഴ് വർഷം നീണ്ട പ്രണയത്തിനുശേഷം നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ മഹാബലിപുരത്ത് വച്ചായിരുന്നു ഇവരുടെ വിവാഹം.
തെന്നിന്ത്യൻ സിനിമ ലോകത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു. മലയാളത്തിൽ നിന്ന് ദിലീപ്, ജയറാം, റഹ്മാൻ, കാളിദാസ് തുടങ്ങിയ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഇവർക്ക് പുറമെ ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം, ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ എന്നിവരെല്ലാം വിവാഹത്തിന് സാക്ഷിയാവാനായി മഹാബലിപുരത്ത് എത്തിയിരുന്നു.
2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീർത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം, ടിവി ഷോയിൽ സിനിമാ പ്രൊമോഷന് എത്തിയപ്പോഴാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയൻതാര അറിയിച്ചത്.
Also Read: ചക്ക ബിരിയാണി മുതൽ അവിയൽവരെ; നയൻതാര-വിഘ്നേഷ് വിവാഹത്തിന് വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ