അടുത്തിടെയാണ് മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിലാണ് താരത്തിന്റെ പുതിയ വീട്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലോക്ക്ഡൗൺ കാലത്ത് പുതിയ വീട്ടിൽനിന്നുളള ചിത്രങ്ങൾ ദുൽഖർ സൽമാനും ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചിരുന്നു.
Read Also: കൊച്ചിയിൽ മമ്മൂട്ടിയ്ക്കും ദുൽഖറിനും പുതിയ വീട്
മമ്മൂട്ടിയുടെ പുതിയ വീട്ടിലേക്ക് മലയാളത്തിലെ രണ്ടു മെഗാതാരങ്ങൾ എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പൃഥ്വിരാജും ഫഹദ് ഫാസിലുമാണ് മമ്മൂട്ടിയുടെ വീട്ടിലെത്തിയ അതിഥികൾ. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ഫാൻ പേജുകളിലാണ് ഇതിന്റെ ചിത്രം വന്നിരിക്കുന്നത്. മമ്മൂക്കയുടെ വീട്ടിൽ പൃഥ്വിരാജും ഫഹദും എന്ന ക്യാപ്ഷനിലാണ് ചിത്രം പ്രചരിക്കുന്നത്.
അതേസമയം, ഇരുവരും എന്നാണ് മമ്മൂട്ടിയുടെ വീട്ടിൽ എത്തിയതെന്നതും ഒരുമിച്ചാണോ എത്തിയതെന്നതും വ്യക്തമല്ല. പുതിയ സിനിമയുടെ ചർച്ചകൾക്കാണോ ഇരുവരും എത്തിയതെന്നും ആരാധകർ സംശയിക്കുന്നു. ദുൽഖർ സൽമാന്റെ ഭാര്യ അമാലിന്റെ അടുത്ത സുഹൃത്താണ് നസ്രിയ. ഫഹദ് ഫാസിലും നസ്രിയയുമായി അടുത്ത ബന്ധമാണ് മമ്മൂട്ടിക്കും കുടുംബത്തിനുമുള്ളത്.
മുൻപ് കൊച്ചി പനമ്പള്ളി നഗറിലായിരുന്നു മമ്മൂട്ടിയും കുടുംബവും താമസം. പുതിയ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞതിനെ തുടർന്ന് മമ്മൂട്ടിയും കുടുംബവും വൈറ്റില ജനതയിലെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ലോക്ക്‌ഡൗൺ കാലം താരകുടുംബം ചെലവഴിച്ചതും പുതിയ വീട്ടിലായിരുന്നു. മമ്മൂട്ടിയും ഭാര്യ സുൽഫത്തും ദുൽഖറും ഭാര്യ അമാൽ സൂഫിയയും മകൾ മറിയവുമെല്ലാം ഇവിടെയാണ് ഇപ്പോൾ താമസം.