മലയാള സിനിമയിലെ പവർ കപ്പിളാണ് പൃഥ്വിരാജും സുപ്രിയയും. അഭിനയത്തിലും സംവിധാനത്തിലുമെല്ലാം പൃഥ്വി തിളങ്ങുമ്പോള്‍ നിര്‍മ്മാണത്തിലും വിതരണത്തിലുമാണ് സുപ്രിയ മികവ് കാണിക്കുന്നത്.
ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലുള്ള പൃഥ്വിരാജിനെ കാണാൻ കഴിഞ്ഞ ദിവസമാണ് സുപ്രിയയും അലംകൃതയും പുറപ്പെട്ടത്. യാത്രയിൽ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ സുപ്രിയ പങ്കുവച്ചിരുന്നു.
അല്ലിയേയും ചുമലിലെടുത്ത് സവാരിയ്ക്ക് ഇറങ്ങിയ പൃഥ്വിരാജിന്റെ ഒരു വീഡിയോ ആണ് സുപ്രിയ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.
ജോർദാനിലെ പെട്രയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി പെട്ര ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ചരിത്രാതീത കാലത്ത് നബാത്തിയൻമാർ കല്ലിൽ കൊത്തിയെടുത്തതാണ് ഈ നഗരമെന്നാണ് പറയപ്പെടുന്നത്. അറേബ്യൻ ഗ്രീക്ക് വാസ്തുകലയുടെ തെളിവായാണ് പെട്ര നഗരം നിലകൊള്ളുന്നത്.
കഴിഞ്ഞദിവസം, “70 ദിവസത്തിന് ശേഷം ഡാഡയെക്കാണാന്‍ റെഡിയായിരിക്കുന്നു” എന്ന കുറിപ്പോടെ സുപ്രിയ മറ്റൊരു ചിത്രവും ഷെയർ ചെയ്തിരുന്നു. കുട്ടി ബാഗും തൊപ്പിയുമൊക്കെ വച്ച് ടിക്കറ്റും പിടിച്ച് വിമാനത്തിലേക്ക് കയറാനൊരുങ്ങുന്ന അല്ലിയാണ് ചിത്രത്തിലുള്ളത്.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി പൃഥ്വി ജോര്‍ദാനിലാണ്. മാര്‍ച്ച് അവസാനത്തോടെയായിരുന്നു പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്ക് ചിത്രീകരണത്തിനായി പുറപ്പെട്ടത്.