ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ് പൃഥിരാജിന്റെ ‘രണം’. ഏപ്രിലിൽ തിയേറ്ററിലെത്തേണ്ട ചിത്രം നാലു മാസത്തിലേറെ വൈകി നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. പൃഥ്വിരാജിന്റെ ‘കൂടെ’യും ‘മൈ സ്റ്റോറി’യും അടുപ്പിച്ച് തിയേറ്ററിലെത്തിയതും, പ്രളയവും കാരണമാണ് സിനിമയുടെ റിലീസ് വൈകിയതെന്ന് സംവിധായകൻ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന ‘രണം’, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ‘രണ’ത്തിന്റേതും. അമേരിക്കയിലെ ഡെട്രോയിറ്റിലെയും കാനഡയിലെ ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയെന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു. അമേരിക്കയിലെ കുടിയേറ്റ ഇന്ത്യന്‍ വംശജരുടെ പ്രശ്നങ്ങളും അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ.

Read More: പൃഥ്വിരാജിന്റെ ‘രണം’

പൃഥിരാജും റഹ്മാനുമാണ് ‘രണ’ത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മുംബൈ പൊലീസിനുശേഷം പൃഥ്വിരാജും റഹ്മാനും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. പുതുമുഖ സംവിധായകനായ നിർമൽ സഹദേവാണ് സംവിധാനം. ശ്യാമപ്രസാദിന്റെ ‘ഇവിടെ’ എന്ന പൃഥിരാജ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നിർമൽ. ശ്യാമപ്രസാദ് ചിത്രം ‘ഹേയ് ജൂഡി’ന്റെ തിരക്കഥയും നിർമലായിരുന്നു. നിർമൽ തന്നെയാണ് ‘രണ’ത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ഇഷ തൽവാറാണ് ചിത്രത്തിലെ നായിക. സംവിധായകന്‍ ശ്യാമപ്രസാദ്, നന്ദു, അശ്വിന്‍ കുമാര്‍ എന്നിവരും ‘രണ’ത്തിലുണ്ട്.

 

യെസ് സിനിമ കമ്പനിയും ലോസണ്‍ എന്റര്‍ടൈന്‍മെന്റുമാണ് ചിത്രത്തിന്റെ നിർമാണം. ജേക്ക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ‘ക്വീനി’ന് ശേഷം ജേക്ക്സ് സംഗീതം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘രണം’. ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റിയല്‍ ബ്രൂനെറ്റി, ഡേവിസ് അലസി, ആരോന്‍ റോസന്‍ഡ്രി എന്നിവരാണ് ‘രണ’ത്തിനായി ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.

നല്ല പ്രതികരണമാണ് ‘രണ’ത്തിന്റെ ട്രെയിലർ നേടിയത്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത് മോഹന്‍ലാലാണ്. ‘രണം’ ട്രെയിലർ കണ്ട നടന്‍ നിവിന്‍ പോളി പൃഥ്വിരാജിനും ടീമിനും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. “ഈ ട്രെയിലര്‍ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല, മൈന്‍ഡ് ബ്ലോയിങ് ആണിത്. പൃഥ്വിരാജ്, നിങ്ങള്‍ പൊളിച്ചു, റഹ്മാന്‍ സര്‍ താങ്ങളെ സ്ക്രീനില്‍ കാണുന്നത് എന്നും സന്തോഷമാണ്. ‘രണ’ത്തിനായി കാത്തിരിക്കുന്നു,” എന്നാണ് നിവിന്‍ പോളി ട്രെയിലറിനെ വിശേഷിപ്പിച്ചത്.

Read More: ‘രണം’ അടിപൊളിയെന്ന് നിവിന്‍, ‘കൊച്ചുണ്ണി’യ്‌ക്കായി കാത്തിരിക്കുന്നു എന്ന് പൃഥ്വിരാജ്

ശ്യാമപ്രസാദ് ചിത്രം ‘ഇവിടെ’യ്ക്ക് ശേഷം താന്‍ അഭിനയിക്കുന്ന ‘ക്രോസ് ഓവര്‍ സിനിമ’യാണ് ‘രണം’ എന്നായിരുന്നു പൃഥിയുടെ വിശേഷണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook