ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രം തിരുവനന്തപുരം ജില്ലയില്‍ പഠിച്ചു വളര്‍ന്ന ഒരാള്‍ എന്ന നിലയില്‍ തനിക്ക് വലിയൊരു നൊസ്റ്റാള്‍ജിയയാണ് എന്ന് പൃഥ്വിരാജ്. ശങ്കര്‍ രാമകൃഷ്ണന്‍ തന്റെ അടുത്ത സുഹൃത്താണെന്നും ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ച സമയത്ത് തന്നെ അദ്ദേഹം കഥ തന്നോട് പങ്കുവച്ചിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.

‘കമിംങ് ഓഫ് ഏജ് ജോണറില്‍ ഉള്ള ഒരുപാട് സിനിമകള്‍ മലയാളത്തില്‍ കണ്ടു പരിചയമില്ല. അത്തരം സിനിമകളില്‍ ഏറ്റവും റിയലിസ്റ്റിക് ആയ ചിത്രമായിരിക്കും പതിനെട്ടാം പടി. തിരുവനന്തപുരത്ത് പഠിച്ചു വളര്‍ന്ന ഒരാള്‍ക്ക് ഭയങ്കരമായി നൊസ്റ്റാള്‍ജിയ തോന്നുന്ന ഒരുപാട് കാര്യങ്ങള്‍ ആ ചിത്രത്തിലുണ്ടാകും. ശങ്കറും തിരുവനന്തപുരത്ത് പഠിച്ചുവളര്‍ന്ന ആളാണ്. തിരുവനന്തപുരവും അവിടുത്തെ സ്‌കൂളുകളും കോളേജുകളും അറിയാവുന്നതു പോലെ ആ സിനിമയിലെ വളരെ കുറച്ചു പേര്‍ക്കേ അറിയാമായിരിക്കുള്ളൂ. അപ്പോള്‍ ഇത്രയും പുതുമുഖങ്ങളെ വച്ച് ഇങ്ങനെ ഒരു സിനിമ ചെയ്യുക എന്നത് വലിയൊരു വെല്ലവിളിയാണ്. പുതുമുഖങ്ങളുടെ പ്രകടനത്തെ കുറിച്ചാണ് ഏറ്റവും നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത്. അത് ശങ്കറിന്റെ ഒരു നേട്ടമാണ്,’ പൃഥ്വിരാജ് പറഞ്ഞു.

Read More: Pathinettam Padi Movie Review: മമ്മൂട്ടിയും പിള്ളേരും മിന്നിച്ച ‘പതിനെട്ടാം പടി’, റിവ്യൂ

സാമ്പ്രദായിക വിദ്യഭ്യാസ രീതികളുടെ പൊള്ളത്തരങ്ങളും വിദ്യഭ്യാസ മേഖലയിലെ കീഴ്‌വഴക്കങ്ങളെയുമെല്ലാം പ്രമേയമാക്കുകയാണ് ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’ എന്ന ചിത്രം. ക്ലാസ്സ് മുറികളിലെ വിദ്യാഭ്യാസരീതി ഓരോ കുട്ടിയ്ക്കും സമ്മാനിക്കുന്നത് എന്താണ്, പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള ലോകത്തെ അഭിമുഖീകരിക്കാൻ സ്കൂൾ വിദ്യാഭ്യാസം കുട്ടികളെ പ്രാപ്തരാക്കുന്നുണ്ടോ? വർഷങ്ങളായി പലരും പലയാവർത്തി ചോദിച്ച ഒരു ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ് ‘പതിനെട്ടാം പടി’യെന്ന ചിത്രവും തേടുന്നത്.

മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, പ്രിയാമണി,​അഹാന കൃഷ്ണ, മനോജ് കെ ജയൻ, മണിയൻപിള്ള, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വൻ താരനിരയും ഒപ്പം 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയേറ്റർ ആർട്ടിസ്റ്റുകളും കൈകോർക്കുന്ന ചിത്രമാണ് ‘പതിനെട്ടാംപടി’.

മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും തമിഴ് നടൻ ആര്യയും അതിഥിവേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

“സ്കൂൾകാലത്തെ പൈങ്കിളിവത്കരിച്ചില്ല എന്നതു തന്നെയാണ് ‘പതിനെട്ടാം പടി’ സമ്മാനിക്കുന്ന വേറിട്ട കാഴ്ച. കൗമാരത്തിന്റെ ചോരത്തിളപ്പിൽ നിന്നും ജീവിതത്തിന്റെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന പതിനെട്ടാം വയസ്സിലേക്കുള്ള/പടിയിലേക്കുള്ള പാകപ്പെടലിന്റെ യാത്രയാണ് ഒരർത്ഥത്തിൽ ചിത്രം. പ്രായം,​ അനുഭവങ്ങൾ, തിരിച്ചറിവുകൾ, അറിവു കൈവരിക്കൽ- പലപ്പോഴും എന്താണ് പ്രായം നമ്മളിൽ ഉണ്ടാക്കുന്ന മാറ്റമെന്ന് അന്വേഷിക്കാതെയും അറിയാതെയും കടന്നുപോവുന്ന മനുഷ്യരുടെ പരിണാമത്തിലേക്കാണ് തിരക്കഥ ശ്രദ്ധ ചെലുത്തുന്നത്. അത്തരമൊരു തിരക്കഥയെ ഒരു എന്റർടെയിനർ എന്ന ഴോണറിലേക്കു കൊണ്ടുവരാൻ തിരക്കഥാകൃത്ത് നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്. തിരക്കഥാകൃത്തും സംവിധായകനും ഒരാൾ തന്നെയായതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് വേണം പറയാൻ,” ചിത്രത്തെ കുറിച്ച് ധന്യ വിളയിൽ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിൽ എഴുതിയ റിവ്യൂവിലെ വരികൾ ഇങ്ങനെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook