വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന രണ്ടുപേരാണ് മോഹൻലാലും പൃഥ്വിരാജും. രണ്ടു തലമുറയെ പ്രതിനിധീകരിക്കുന്ന ഈ താരങ്ങൾക്കിടയിൽ സഹോദരതുല്യമായൊരു ആത്മബന്ധമാണ് ഉള്ളത്. ലൂസിഫറിനു ശേഷം വീണ്ടും പൃഥ്വിയുടെ സംവിധാനത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തെലുങ്കാനയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ, മോഹൻലാലിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. “അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക വളരെ എളുപ്പമാണ്. സൗഹൃദത്തിനുമപ്പുറം ഒരു സഹോദരനെ പോലെയാണ് അദ്ദേഹം എനിക്ക്. സെറ്റുകളിൽ പുള്ളി വർക്ക് ചെയ്യുന്ന രീതി എങ്ങനെയാണെന്ന് വന്നു കാണണം. ഷോട്ടിനു തൊട്ടുമുൻപ് അദ്ദേഹം തമാശകൾ പറയുന്നു, മോനേ എന്നു വിളിക്കുന്നു. എന്നാൽ അസിസ്റ്റന്റ് വന്നു ഷോട്ട് റെഡി എന്നു പറഞ്ഞാൽ അദ്ദേഹം നടന്നു ക്യാമറയ്ക്കു മുന്നിലേക്ക് ചെല്ലും, പിന്നെ ‘സർ’ എന്നാണ് വിളി. ഏതെങ്കിലും ഷോട്ട് എനിക്ക് തൃപ്തി തോന്നിയില്ലെങ്കിൽ വീണ്ടും ചെയ്യണമെന്നാവശ്യപ്പെട്ടാൽ ഓകെ ‘സർ’ എന്നു പറയും. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞാൽ, വീണ്ടും അടുത്തു വന്നിരുന്ന് സ്നേഹത്തോടെ മോനേ എന്നു വിളിക്കും. അദ്ദേഹം ജോലി ചെയ്യുന്നത് കാണണം, അത്ഭുതകരമായ അനുഭവമാണ്,” പൃഥ്വി പറയുന്നു. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ശ്രീജിത്ത് ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.
മോഹൻലാൽ നായകനായെത്തിയ ലൂസിഫർ ആയിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം. രണ്ടു വർഷം മുൻപ് തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ വിജയമായിരുന്നു. മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ലോക്ക്ഡൗൺ മൂലം അതിന്റെ വർക്കുകൾ ആരംഭിക്കാൻ കഴിയാതെ വന്നതോടെയാണ് താരം ബ്രോ ഡാഡിയുമായി എത്തുന്നത്.
Read more: നെഞ്ചോട് ചേർക്കുന്ന അഞ്ചു ചിത്രങ്ങൾ; പൃഥ്വിരാജ് പറയുന്നു