ഒരു സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിലുമപ്പുറം സച്ചി പൃഥ്വിരാജിനു ഒരു ആത്മമിത്രമായിരുന്നു. വർഷങ്ങളായുള്ള സുഹൃദ്‌ബന്ധം ഇരുവരേയും മാനസികമായി ഏറെ അടുപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ സച്ചിയുടെ വിയോഗം പൃഥ്വിരാജിനു വലിയ വേദനയാണ്. 23 വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു ജൂണിൽ അച്ഛൻ സുകുമാരന്റെ വിയോഗത്തിൽ മനംനൊന്ത് വിറങ്ങലിച്ചു നിന്ന അതേ വികാരമാണ് സച്ചിയുടെ ജീവനറ്റ ശരീരത്തിനു മുൻപിൽ നിൽക്കുമ്പോൾ തനിക്കു തോന്നുന്നതെന്ന് പൃഥ്വി പറയുന്നു. സച്ചിയുടെ സംസ്‌കാര ചടങ്ങുകൾക്കു പിന്നാലെയാണ് കരളലിയിക്കുന്ന കുറിപ്പുമായി പൃഥ്വിരാജ് രംഗത്തെത്തിയത്. താനും സച്ചിയും തമ്മിൽ എത്രത്തോളം ആത്മബന്ധമുണ്ടെന്ന് ഓരോ വരികളിലൂടെയും പൃഥ്വി വിവരിക്കുകയാണ്.
സച്ചിയെ കുറിച്ചുള്ള പൃഥ്വിരാജിന്റെ കുറിപ്പ്, പൂർണ്ണരൂപം
സച്ചി,
ധാരാളം സന്ദേശങ്ങൾ വന്നിട്ടുണ്ട്, ചില വിചിത്രമായ ഫോൺ കോളുകളും. ഇങ്ങനെയൊരു സന്ദർഭത്തിൽ ഞാൻ എങ്ങനെ പിടിച്ചുനിൽക്കുന്നുവെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നെ ആശ്വസിപ്പിക്കുന്നു. ആളുകൾക്ക് നിങ്ങളെയും എന്നെയും അറിയാമെന്ന് ഞാൻ ഊഹിക്കുന്നു…അതുപോലെ നമ്മളെയും! പക്ഷെ, അവരിൽ ഭൂരിഭാഗവും പറഞ്ഞ ഒരു കാര്യം ഞാൻ നിശബ്‌ദമായി നിരസിക്കേണ്ടതുണ്ട്. നിങ്ങൾ “ഉയരങ്ങളിലേക്ക് പോയി!” എന്ന കാര്യം. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും അറിയുന്ന ഒരാളെന്ന നിലയിൽ…’അയ്യപ്പനും കോശിയും’ നിങ്ങളിലെ ഏറ്റവും മികച്ചതല്ലെന്ന് എനിക്കറിയാം. നിങ്ങൾ ആഗ്രഹിച്ചിരുന്ന ഒരു തുടക്കം മാത്രമായിരുന്നു അത്. ഈയൊരു നേട്ടത്തിലെത്താനുള്ള യാത്രയായിരുന്നു നിങ്ങളുടെ സിനിമാജീവിതം, അവിടെ നിന്ന് നിങ്ങൾ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് പോകുമായിരുന്നു, എനിക്കറിയാം.
പറയാത്ത നിരവധി കഥകൾ, പൂർത്തീകരിക്കാത്ത നിരവധി സ്വപ്‌നങ്ങൾ. വാട്‌സാപ്പ് ശബ്‌ദ സന്ദേശങ്ങളിൽ രാത്രി ഏറെ വൈകിയുള്ള നിരവധി വിവരണങ്ങൾ. വളരെയധികം ഫോൺ കോളുകൾ. നമ്മൾ വലിയൊരു പദ്ധതി തയ്യാറാക്കിയിരുന്നു. ഇനിയുള്ള വർഷങ്ങളിലേക്ക്. നിങ്ങളും ഞാനും. എന്നിട്ട് നിങ്ങൾ പോയി…
സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്‌ചപ്പാടിനെ കുറിച്ചും വരും വർഷങ്ങളിൽ നിങ്ങളുടെ ചലച്ചിത്രയാത്ര എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചും പറയുന്നതാനായി മറ്റാരെയെങ്കിലും നിങ്ങൾ വിശ്വാസത്തിലെടുത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല, എന്നാൽ നിങ്ങൾ എന്നെ വിശ്വാസത്തിലെടുത്തു. നിങ്ങൾ അടുത്തുണ്ടായിരുന്നെങ്കിൽ അടുത്ത 25 വർഷത്തെ മുഖ്യധാരാ മലയാള സിനിമയും എന്റെ കരിയറിന്റെ ബാക്കിഭാഗവും വളരെ വ്യത്യസ്‌തമായിരിക്കുമെന്ന് എനിക്കറിയാം. എന്നാൽ, സിനിമ മറക്കുക. ആ സ്വപ്നങ്ങളെല്ലാം നിങ്ങൾക്കൊപ്പമാണ് ഞാൻ കണ്ടത്.
ആ ശബ്‌ദസന്ദേശങ്ങളിനൊന്ന് വീണ്ടും ലഭിക്കാൻ ആഗ്രഹിക്കുന്നു, അടുത്ത ഫോൺ കോളിനായും…നമ്മൾ ഒരുപോലെയാണെന്ന് നിങ്ങൾ എന്നോട് പറയാറുണ്ടായിരുന്നു. നമ്മൾ! പക്ഷെ, എനിക്കിപ്പോൾ തോന്നുന്നു.. നിങ്ങൾ എന്നിൽ നിന്ന് വളരെ വ്യത്യസ്‌തനാണെന്ന്. കാരണം, ഇത്രയും അഗാധമായ ദുഖം അവസാനമായി എന്നെ ബാധിച്ചത് 23 വർഷം മുമ്പ് മറ്റൊരു ജൂണിൽ ആയിരുന്നു (അച്ഛൻ സുകുമാരന്റെ മരണം). നിങ്ങളെ സച്ചിയായി അറിയുന്നത് ഒരു പ്രിവിലേജായിരുന്നു. ഇന്ന് നിങ്ങൾ യാത്രയായപ്പോൾ എന്റെ ഒരു ഭാഗം തന്നെയാണ് പോയത്. നിങ്ങളൊരു ഓർമയാണ് ഇന്നുമുതൽ. എന്നിലെ ഒരുഭാഗം എന്നപോലെ ഇന്നുമുതൽ ഞാൻ നിങ്ങളെ ഓർക്കും. സഹോദരാ, നന്നായി വിശ്രമിക്കുക, മഹത്തായ പ്രതിഭയെ നന്നായി വിശ്രമിക്കുക…മറ്റൊരിടത്ത് നിങ്ങളെ എനിക്ക് കാണാം. നിങ്ങളിപ്പോഴും സാൻഡൽവുഡ് സ്റ്റോറിയുടെ ക്ലെെമാക്‌സ് എന്നോട് പറഞ്ഞിട്ടില്ല.
Read Also: സുശാന്ത് പോയതറിയാതെ ഫഡ്ജ്; വേദനയായി വളർത്തു നായയുടെ വീഡിയോ
ഇന്നലെ രാത്രിയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി വിടപറഞ്ഞത്. നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായി നേരിട്ട ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതാണ് സച്ചിയുടെ മരണകാരണം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെന്റിലേറ്ററിൽ ആയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.
Read Also: ഡോക്‌ടർ അറിയണ്ട, ആ ചെലവ് ഞാൻ വഹിക്കാം; യുവാവിനു സഹായഹസ്‌തം നീട്ടി സച്ചി
അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വെന്റിലേറ്റര്‍ പിന്തുണയോടെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇന്നലെ രാത്രി പനി കൂടി ബാധിച്ചതോടെ സച്ചിയുടെ ആരോഗ്യനില വളരെ മോശമായി. ഇന്നലെ രാത്രി 10.35 നാണ് സച്ചിയുടെ മരണം സ്ഥിരീകരിച്ചത്.
സച്ചിയുടെ മൃതദേഹം ഇന്നു രാവിലെയാണ് തൃശൂരിൽ നിന്ന് കൊച്ചിയിലെത്തിച്ചത്. തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. മൂന്നരയോടെ തമ്മനത്തെ വീട്ടിൽ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. രവിപുരത്തെ ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, സാദിഖ് തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ തമ്മനത്തെ വീട്ടിൽ എത്തി പ്രിയ സുഹൃത്തിനു അന്ത്യാഞ്ജലി അർപ്പിച്ചു.
മരണത്തിൽ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Read Also: ഒരിക്കലും നഷ്‌ടപ്പെടരുതെന്ന് ആഗ്രഹിച്ച…; വാക്കുകളിടറി സുരാജ്, സച്ചിക്ക് അന്ത്യാഞ്ജലി
കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ തിരക്കഥാകൃത്തായാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. കോളേജ് കാലത്ത് തന്നെ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സച്ചി കലാലയജീവിതത്തിനിടെ നിരവധി നാടകങ്ങളും സംവിധാനം ചെയ്തിരുന്നു. എറണാകുളം ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ സച്ചി എട്ട് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകന്‍ ആയി പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യകാലത്ത് സേതുവിനൊപ്പം ചേർന്ന് സച്ചി-സേതു എന്ന പേരിലായിരുന്നു തിരക്കഥകൾ എഴുതിയിരുന്നത്. കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര സഹ നിർമ്മാതാവ് എന്നീ നിലകളിലും സച്ചി പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗമാണ്.