പൃഥിരാജിന്റെ പിറന്നാൾ ദിനത്തിൽ അമ്മ മല്ലിക സുകുമാരന് മകനോട്‌ പറയാനല്ല, ചോദിക്കാനാനുള്ളത്. അതും ഒരു കോള്‍ഷീറ്റ്.

“എല്ലാ വർഷവും തിരുവോണത്തിന്റെ അന്ന് സകുടുംബം തിരുവനന്തപുരത്തെത്തണം. തിരുവോണ ദിവസത്തെ കോൾഷീറ്റ് അമ്മയ്ക്ക് തരിക”, മല്ലിക സുകുമാരൻ പറയുന്നു.

പിറന്നാൾ ദിവസം അമ്മയ്ക്ക് പൃഥിരാജിനോട് പറയാനുള്ളതെന്താണെന്ന് ചോദിച്ച് വിളിച്ചപ്പോൾ ഇത്തരത്തില്‍ രസകരമായൊരു മറുപടിയാണ് മല്ലിക സുകുമാരൻ നൽകിയത്.

“അമ്മയ്ക്ക് വയസ്സായി തുടങ്ങി. ഇന്നു മുതൽ എല്ലാ തിരുവോണത്തിനും കുടുംബ സമേതം തിരുവനന്തപുരത്തേക്ക് വരണമെന്ന് കോൾഷീറ്റ് ഡയറിയിൽ എഴുതിയിടണമെന്ന് ഞാൻ പറഞ്ഞെന്നു പറഞ്ഞേക്ക്”, ചിരിച്ചു കൊണ്ട് മല്ലിക സുകുമാരൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിച്ചു തുടങ്ങി.

“അമ്മയ്ക്ക് ഇപ്പോൾ യാത്ര ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടാ. ഒന്നാമത്തെ കാര്യം, തിരുവനന്തപുരം – എറണാകുളം ഡ്രൈവ് എന്നു പറഞ്ഞാൽ നമ്മുടെ നടു ഒടിയും. ഒരൊറ്റ ദിവസം അതിനു വേണ്ടി പോവും.

യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ഉള്ളതോണ്ട് എല്ലാ വർഷവും തിരുവോണത്തിന്റെ അന്ന് അമ്മയ്ക്ക് ഒരു കോൾഷീറ്റ് വേണം. തിരുവോണത്തിന്റെ തലേ ദിവസം കുഞ്ഞുങ്ങളുമായി ഇവിടെ വരിക.

ഓണം ഉണ്ടിട്ട് അന്ന് രാത്രി പൊയ്ക്കൊട്ടെ. പക്ഷേ ഈ ഡേറ്റ് മാറ്റരുത്. ആ ഡേറ്റ് പ്രൊഡ്യൂസർമാർക്ക് കൊടുക്കരുത് എന്ന് അമ്മ പറഞ്ഞെന്നു പറയൂ”, മല്ലിക സുകുമാരൻ പറയുന്നു.

Prithviraj 36 Birthday Mallika Sukumaran 1

പിറന്നാൾ ദിനത്തിൽ പൃഥിരാജിനോട് എന്താണ് പറയാനുള്ളത്?

ഒന്നും പറയാതെ തന്നെ കാര്യങ്ങൾ പക്വതയോടെ നിരീക്ഷിച്ച് അതിന് അനുസരിച്ച് മാന്യമായി പെരുമാറുന്ന മകനാണ് രാജു. അതിൽ അഭിമാനിക്കുന്ന ഒരമ്മയാണ് ഞാൻ. എന്റെ മകന്റെ നിലപാടുകളോടും അഭിപ്രായങ്ങളോടും ഞാനെന്നും യോജിക്കാറുണ്ട്. അല്ലാതെ അവസരോചിതമായ അഭിപ്രായങ്ങൾ സ്വയം ഉണ്ടാക്കി പറയാനോ സംസാരിക്കാനോ മീഡിയയുടെ മുന്നിൽ ആളാവാനോ അവൻ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല. അതിലെനിക്കും താൽപ്പര്യവുമില്ല. അവരുടെ അച്ഛനെ പോലെയാവണം എന്റെ മക്കൾ എന്ന് ഞാനെപ്പോഴും ആഗ്രഹിക്കുന്നു.

നമുക്ക് സത്യമെന്നും ന്യായമെന്നും തോന്നുന്ന കാര്യങ്ങൾ നമ്മൾ പറയുക. അപ്പോഴത്തെ താൽക്കാലികമായ ബുദ്ധിമുട്ടോ പിണക്കങ്ങളോ വിരോധങ്ങളോ ഒക്കെയുണ്ടാവും. എന്നാൽ ശാശ്വതമായ വിജയം എപ്പോഴും സത്യത്തിനായിരിക്കും.

താൽക്കാലികമായി ആളാവാൻ വേണ്ടി അസത്യങ്ങൾ വിളിച്ചു പറയരുത്. 10 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞാലും ഒരു കള്ളം സത്യമാവില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിപ്പോൾ സിനിമയിൽ ആയാലും രാഷ്ട്രീയത്തിൽ ആയാലും ചെയ്ത തെറ്റുകൾ തുറന്നു പറയാനുള്ള മനസ്സുണ്ടായിരിക്കണം.

Read More: ഹാപ്പി ബെര്‍ത്ത്ഡേ പൃഥ്വിരാജ്

രാജുവിനെ കുറിച്ച് പറയുകയാണെങ്കിൽ, അവന്റെ വളർച്ചയ്ക്ക് വേണ്ടിയോ അവന്റെ താരമൂല്യം സംരക്ഷിക്കാനോ രാജു ഇറങ്ങിത്തിരിക്കാറില്ല. അവൻ അവന്റെ വർക്ക് ചെയ്യുന്നു. അവനിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു. വിജയപരാജയങ്ങൾ ഉണ്ടാകും. എല്ലാം ‘കംപ്ലീറ്റ് വിക്റ്ററി’ ആവണം എന്നില്ലല്ലോ. എന്നാലും അവന്റെ നിലപാടിൽ നിന്നും മാറ്റമില്ലാതെ പോവുന്നത് കാണുമ്പോൾ അമ്മ എന്ന രീതിയിൽ എനിക്ക് അഭിമാനമുണ്ട്.

അവൻ അങ്ങനെ തന്നെ തുടർന്നു പോവട്ടെ എന്നു ഞാനാഗ്രഹിക്കുന്നു. കാരണം അങ്ങനെ ഒരു മനുഷ്യന്റെ മകനാണ് അവൻ. എനിക്ക് ജീവിതം തന്ന സുകുവേട്ടന്റെ മക്കൾ നട്ടെല്ലുള്ള അച്ഛന്റെ മക്കളാണെന്ന് തന്നെ പറയിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം.
അല്ലാതെ അങ്ങോട്ട് ചാഞ്ഞു നിന്നാൽ പ്രയോജനമുണ്ട്. ഇങ്ങോട്ട് ചാഞ്ഞാൽ പ്രയോജനമില്ല എന്നൊക്കെ കരുതതി അതനുസരിച്ചിട്ടാവരുത് നമ്മുടെ ജീവിതം.

നമ്മൾ എങ്ങനെ ജീവിക്കണമെന്നുള്ളത് നമ്മൾ തീരുമാനിക്കണം. നമ്മുടെ വ്യക്തിത്വമെന്താണെന്ന് നമ്മൾ തീരുമാനിക്കുക. അതനുസരിച്ച് ജീവിക്കുമ്പോഴല്ലെ നമുക്ക് സാധാരണക്കാരന്റെ മുന്നിൽ ഒരു വിലയുണ്ടാവൂ.

സിനിമാക്കാരെ പറ്റി ആർക്കും എന്തും പറയാവുന്ന ഒരു കാലത്തൂടെയാണ് നമ്മൾ ഇപ്പോൾ ജീവിച്ചു പോവുന്നത്. ഞാനും എത്ര ഫംഗ്ഷനുകൾക്ക് പോവുന്നു, എന്തൊക്കെ കേൾക്കുന്നു നമ്മളെ പറ്റി. സിനിമയായാലും രാഷ്ട്രീയമായാലും നമ്മൾ ഏതു ഫീൽഡിലായാലും ആ നിൽക്കുന്നിടത്ത് ‘നേർമ’യുള്ള ഒരുത്തനാണ് എന്നു കേൾപ്പിക്കുമ്പോഴാണല്ലോ നമ്മൾ അമ്മമാർക്കൊരു അഭിമാനം തോന്നുക. അങ്ങനെ നോക്കുമ്പോൾ എന്റെ മക്കൾ അങ്ങനെ തന്നെയാവണം, എന്റെ സുകുവേട്ടനെ പോലെയാവണം എന്നു തന്നെയാണ് എന്റെ ആഗ്രഹവും നിലപാടും. ഈ പിറന്നാൾ ദിനത്തിലും എന്റെ പ്രാർത്ഥന അതാണ്. എന്റെ രണ്ടു മക്കളും അങ്ങനെത്തന്നെ മുന്നോട്ട് പോവട്ടെ എന്നു ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു. അതിലൂടെ നേടുന്ന വളർച്ച മതിയവർക്ക്. അല്ലാതെ അനർഹമായ വളർച്ചകൾ വാങ്ങി കയ്യിൽ വെച്ചിട്ട് ആളാവണം എന്ന് ഞാനവർക്ക് പറഞ്ഞു കൊടുക്കില്ല.

പൃഥിയെന്ന കുടുംബനാഥനോട്, അച്ഛനോട് എന്താണ് പറയാനുള്ളത്?

ഒരു കുടുംബം എന്താണെന്ന് അവനിപ്പോഴാണ് മനസ്സിലാവുന്നത്. ഒരമ്മ എന്താണെന്ന് ഒക്കെ ഇപ്പോൾ അവനു കുറച്ചൂ കൂടി നന്നായി മനസ്സിലാവുന്നുണ്ടാവും. അവന്റെ മനസ്സിലെ എന്റെ സ്ഥാനം എനിക്ക് നന്നായിട്ടറിയാം. അവനു മാത്രമല്ല ഇന്ദ്രനും അമ്മ എന്നു പറഞ്ഞാൽ ഒരു പ്രത്യേക സ്ഥാനത്തു തന്നെയാണ്. എന്തു കാര്യത്തിന് ഞാൻ വിളിച്ചാലും ഒട്ടും സമയമില്ലെങ്കിൽ കൂടി അവർ റെസ്പോണ്ട് ചെയ്യുന്ന രീതി കാണുമ്പോൾ എനിക്കറിയാം അവരെനിക്ക് എത്രത്തോളം സ്ഥാനം നൽകുന്നുവെന്ന്.

അവരുടെ അച്ഛൻ എന്നെ എങ്ങനെ നോക്കിയോ അതേപോലെ അവരും ഭാര്യമാരെ നോക്കണം എന്നാണ് ഞാനാഗ്രഹിക്കുന്നത്.

മക്കള് രണ്ടു പേരും എപ്പോഴും ഭയങ്കര തിരക്കിലായിരിക്കും. ഞാൻ തിരുവനന്തപുരത്തു നിന്ന് അങ്ങോട്ട് ചെല്ലുമ്പോഴും ദോഹയിൽ നിന്ന് ഓടി ചെല്ലുമ്പോഴുമൊക്കെ അവർ തിരക്കിലാവും. അവരുടെ പ്രൊഫഷൻ ഇതായതു കൊണ്ടും തിരക്കുകളെനിക്ക് മനസ്സിലാവുന്നതു കൊണ്ടും മക്കളെ കണ്ടില്ലെങ്കിലും എനിക്ക് സങ്കടമില്ല. കാരണം മുൻപ് സുകുവേട്ടനെയും മൂന്നും നാലും മാസമൊക്കെ തിരക്കുകൾ കൊണ്ട് കാണാതെയിരുന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ മുത്തശ്ശി എന്ന സ്ഥാനത്തു നിൽക്കുമ്പോൾ എനിക്ക് കൊച്ചുമക്കളെ കണ്ടില്ലെങ്കിൽ ഭയങ്കര വിഷമമാണ്.

Read More: മതിയച്ഛാ, വാ വീട്ടില്‍ പോകാം: പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്കിന് പിന്നിലെ കഥ

ഞാൻ എന്റെ രണ്ടു മക്കളോടും പൃഥിയുടെ പിറന്നാൾ ദിനത്തിൽ പറയാൻ ആഗ്രഹിക്കുന്നത്, അവർക്ക് വരാൻ നേരമില്ലെങ്കിലും ഭാര്യമാരോട് കൊച്ചുമക്കളെ കൊണ്ട് വയസ്സായ അമ്മയെ കാണിക്കാൻ പറയണം എന്നാണ്”, പൊട്ടിച്ചിരിയോടെ മല്ലിക സുകുമാരൻ പറഞ്ഞു നിര്‍ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ