മമ്മൂട്ടി ആരാധകര്‍ക്കായി അണിയറയില്‍ ഒരു സിനിമ ഒരുങ്ങുന്നു. പുതുമുഖ സംവിധായകന്‍ പ്രിന്‍സ് അവറാച്ചന്റെ ‘ഇക്കയുടെ ശകടം’ എന്ന സിനിമ മമ്മൂട്ടി ആരാധകനെ കുറിച്ചാണ്. ഹോംലി മീൽസ്, ഇടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഡൊമിനിക് തൊമ്മി ആണ് മമ്മൂട്ടി ആരാധകനായി എത്തുന്നത്. അയ്യപ്പന്‍ എന്നാണ് ഡൊമിനിക്കിന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് സംവിധായകന്‍ പ്രിന്‍സ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് സംസാരിച്ചു.

”ഇക്കയുടെ ശകടം ഒരു ഫാന്റസി കോമഡി ത്രില്ലര്‍ സിനിമയാണ്. ഇതൊരു മമ്മൂട്ടി ഫാന്‍ സിനിമയാണ്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ അയ്യപ്പന്‍ കൊച്ചിയില്‍ എത്തുന്നതും രണ്ടു ദിവസത്തിനിടയില്‍ അയ്യപ്പന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. പശ്ചിമ ബംഗാളില്‍ നിന്നും അയ്യപ്പന്‍ കൊച്ചിയിലെത്തുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. അതാണ് ഈ സിനിമ പറയുന്നത്”.

ഡൊമിനിക് തൊമ്മി

”ഈ സിനിമ മമ്മൂട്ടി ആരാധകര്‍ക്കുളളതാണ്. ഇതില്‍ അയ്യപ്പന്‍ എന്ന കഥാപാത്രം പറയുന്നത് മമ്മൂട്ടി സിനിമയിലെ ഡയലോഗുകളാണ്. മമ്മൂട്ടിയുടെ കാറിന്റെ നമ്പറായ 369 ആണ് അയ്യപ്പന്റെ കാറിന്റെയും നമ്പര്‍. ഈ സിനിമയുടെ ടൈറ്റില്‍ ഗാനം മമ്മൂട്ടിയെ കുറിച്ചുളളതാണ്. മമ്മൂട്ടി ആരാധകര്‍ക്കു വേണ്ടതെല്ലാം ഈ സിനിമയിലുണ്ട്”.

മമ്മൂട്ടി ആരാധകന്റെ കഥാപാത്രം ഡൊമിനിക്കിലേക്ക് എത്തിയതിനെക്കുറിച്ചും പ്രിന്‍സ് പറഞ്ഞു. ”അയ്യപ്പന്റെ കഥാപാത്രം ഡൊമിനിക് ആയിരിക്കണം ചെയ്യേണ്ടതെന്ന് ആദ്യം തന്നെ മനസിൽ ഉണ്ടായിരുന്നു. കണ്ടുപരിചയമുളള ഏതെകിലും നടനെ അയ്യപ്പന്റെ കഥാപാത്രത്തിനായി തിരഞ്ഞെടുക്കാമായിരുന്നു. പക്ഷേ അപ്പോൾ പ്രേക്ഷകർ മുൻകൂട്ടി വിലയിരുത്തും, ഈ നടൻ അയ്യപ്പൻ ആയാൽ ഈ രീതിയിലായിക്കും അഭിനയിക്കാൻ പോകുന്നതെന്ന്. അത് ഞാൻ ആഗ്രഹിച്ചില്ല. ഡൊമിനിക് അയ്യപ്പൻ ആയെത്തുമ്പോൾ അത് പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരിക്കും”.

ഡൊമിനിക് തൊമ്മി

”ഡൊമിനിക്കിനോട് കഥ പറഞ്ഞപ്പോള്‍ തന്നെ ഇഷ്ടമായി. പക്ഷേ അദ്ദേഹം ആ സമയത്ത് മറ്റൊരു പടം കമ്മിറ്റ് ചെയ്തിരുന്നു. തിരക്കഥ വായിച്ചു നോക്കിയിട്ട് ഓകെ പറഞ്ഞാൽ മതിയെന്നു പറഞ്ഞ് ഞാൻ മുഴുവൻ തിരക്കഥ വായിക്കാൻ കൊടുത്തു. തിരക്കഥ ഇഷ്ടമായ ഡൊമിനിക് അത് സംവിധായകൻ വിപിൻ ആറ്റ്‌ലിയെ കാണിച്ചു. വിപിൻ ആറ്റ്‌ലിക്കും തിരക്കഥ ഇഷ്ടമായി. വിപിൻ ആറ്റ്‌ലിയെപ്പോലൊരു മികച്ച സംവിധായകന് തിരക്കഥ ഇഷ്ടമായപ്പോൾ തന്നെ ഈ സിനിമയുടെ വിജയം പകുതി ഞാൻ ഉറപ്പിച്ചു. വിപിൻ ആറ്റ്‌ലിയും പറഞ്ഞതോടെയാണ് ഡൊമിനിക് അയ്യപ്പൻ ആവാമെന്ന് സമ്മതിച്ചത്. അതിന് നന്ദി പറയേണ്ടത് സംവിധായകൻ വിപിൻ ആറ്റ്‌ലിയോടാണ്. ഇതിലെ നായിക അശ്വിനിയാണ്. അശ്വിനി ഒരു കഥകളി ആര്‍ട്ടിസ്റ്റാണ്. അശ്വിനിയുടെ ആദ്യ സിനിമയാണ്”.

”101 പുതുമുഖങ്ങള്‍ ഈ സിനിമയിലുണ്ട്. സിനിമയുടെ ക്ലൈമാക്സിൽ സംവിധായകൻ പ്രിൻസും ഒരു വേഷം ചെയ്തിട്ടുണ്ട്. ഇതൊരു കോമഡി ത്രില്ലര്‍ സിനിമയാണ്. തിയേറ്ററിലെത്തുന്നവര്‍ക്ക് നല്ലൊരു മാസ് എന്റര്‍ടെയിനർ ആയിരിക്കും ഈ സിനിമ”- പ്രിന്‍സിന്റെ ഉറപ്പ്.

ഇക്കയുടെ ശകടം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ വിപിൻ ആറ്റ്‌ലി പുറത്തിറക്കുന്നു. നടൻ ഡൊമിനിക് തൊമ്മി, സംവിധായകൻ പ്രിൻസ് അവറാച്ചൻ എന്നിവർ സമീപം

ഇക്കയുടെ ശകടം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സംവിധായകൻ വിപിന്‍ ആറ്റ്‌ലിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. വിപിൻ ആറ്റ്‌ലിയുടെ വീട്ടിൽ ലളിതമായ ചടങ്ങിലാണ് പോസ്റ്റർ പുറത്തിറക്കിയത്.

ഇക്കയുടെ ശകടം സിനിമയുടെ ചിത്രീകരണവേളയിൽ നിന്ന്

ഇക്കയുടെ ശകടത്തിന്റെ കഥയും തിരക്കഥയും പ്രിന്‍സിന്റേതാണ്. പുതുമുഖ സംഗീത സംവിധായകന്‍ ചാല്‍സ് നസ്‌റത്ത് ആണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. എഡിറ്റിങ് വിഷ്ണു. പോപ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ