മുംബൈ: ബോളിവുഡ് താരങ്ങളില്‍ മിക്കവരും പ്രിയതാരം ശ്രീദേവിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുംബൈയിലെത്തിയിരുന്നു. എന്നാല്‍ പ്രീതി സിന്റയ്ക്ക് ശ്രീദേവിയെ അവസാന നോക്ക് കാണാന്‍ സാധിച്ചിരുന്നില്ല. അതിനെ കുറിച്ചും ശ്രീദേവിയെ കുറിച്ചുമുള്ള പ്രീതി സിന്റയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
‘എനിക്കറിയാവുന്ന മിക്കവരും അവരോട് യാത്ര പറയാന്‍ മുംബൈയിലേക്ക് പോയിരിക്കുകയാണ്. ഞാനാകട്ടെ ഗ്ലോബിന്റ മറുവശത്താണുള്ളത്. ഇപ്പോള്‍ അര്‍ദ്ധ രാത്രിയാണ്. എനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. എന്റെ കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ചാരവും പൊടിയുമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ശ്രീദേവി, എന്റെ ഐക്കണ്‍ ഇല്ലാതായിരിക്കുന്നു.’ എന്നു പറഞ്ഞാണ് പ്രീതിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ശ്രീദേവിയ്ക്ക് സമാധാനവും സ്വാതന്ത്ര്യവും നേര്‍ന്ന പ്രീതി അവരെ അവസാനമായി കാണാന്‍ സാധിക്കാത്തതില്‍ ദു:ഖവും രേഖപ്പെടുത്തുന്നുണ്ട്.
അതേസമയം, ശ്രീദേവിയുടെ മരണത്തെ മുതലെടുക്കാന്‍ ശ്രമിച്ച മാധ്യമങ്ങളേയും ആളുകളേയും പ്രീതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. മോശമായി പെരുമാറിയ ആളുകളോടും മാധ്യമങ്ങളുടെ സര്‍ക്കസിനോടും തനിക്ക് ദേഷ്യമാണെന്നാണ് പ്രീതി പറയുന്നത്. ‘എല്ലാവര്‍ക്കും അവരുടെ വേര്‍പാടില്‍ നിന്നും നേട്ടമുണ്ടാക്കുകയാണ് വേണ്ടത്. ഒരു ഫാന്‍ എന്ന നിലയില്‍ ഞാനിതിനെ വെറുക്കുന്നു. ഞാനവരെ വെറുക്കുന്നു. മരിച്ചു കിടക്കുമ്പോള്‍ അവരുടെ അഭിമാനത്തെ അവര്‍ക്കെങ്ങനെ കയ്യിലെടുക്കാന്‍ സാധിക്കുന്നു? ഞാനിത് അനുവദിക്കില്ല.’ പ്രീതി പറയുന്നു.
ശ്രീദേവി എന്നും തിളങ്ങുന്ന താരമായിരിക്കുമെന്നും അവരെന്നും തന്റെ ഹവ ഹവായ് ആയിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടുകൂടിയായിരുന്നു സംസ്‌കാരം.
അന്ധേരിയില്‍ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത്. വെളളപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം ശ്മാശനത്തിലേക്ക് എത്തിച്ചത്. പ്രമുഖ സിനിമാ താരങ്ങളും ആരാധകരും വിലാപയാത്രയെ അനുഗമിച്ചിരുന്നു.