മലയാള സിനിമയിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ കുറിച്ച പുലിമുരുകൻ സിനിമയിൽ മോഹൻലാൽ അണിഞ്ഞ മാല ഇനി ആരാധകന് സ്വന്തം. കൊച്ചിയിലെ ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ മോഹൻലാൽ തന്നെയാണ് മാല സമ്മാനിച്ചത്. എറണാകുളം സ്വദേശിയായ മാത്യു ജോസാണ് സുഹൃത്തായ അരുൺ പ്രഭാകരന് വേണ്ടി മാല ലേലത്തിൽ പിടിച്ചത്. ഇരുവരും കൊച്ചിയിൽ നടന്ന ചടങ്ങിലെത്തിയിരുന്നു.

“ഒരുപാട് പേർ ഇത്തരത്തിലുളള ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ട് വരട്ടെ. കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ വലിയ വലിയ കാര്യങ്ങൾ ചെയ്യാമെന്നതിന്റെ തുടർച്ചയാണിത്. ദി കംപ്ളീറ്റ് ആക്‌ടറിലെ ലാൽ സ്റ്റോറിൽ നിന്നാണ് ഇത്തരമൊരു ആശയം ഉയർന്ന് വന്നത്” എന്ന്  മോഹൻലാൽ മാല സമ്മാനിച്ചുളള ഫെയ്‌സ്ബുക്ക് ലൈവിൽ പറഞ്ഞു.

മോഹവിലക്കാണ് പുലിമുരുകൻ മാല വിറ്റു പോയത്. പുലിമുരുകനിൽ മോഹൻലാൽ ധരിച്ച പുലിപ്പല്ല് മാല 1,15000 രൂപയ്‌ക്കാണ് ഓൺലൈനിൽ വിറ്റു പോയത്. മാത്യു ജോസ് എന്നയാളാണ് പുലിമുരുകൻ മാല സ്വന്തമാക്കിയത്. ലേലത്തിൽ നിന്ന് ലഭിച്ച തുക പൂർണമായും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

മോഹൻലാലിന്റെ സ്വന്തം വെബ്സൈറ്റായ ദി കംപ്ളീറ്റ് ആക്‌ടറിലാണ് ലേലം നടന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി കൊണ്ട് തുടങ്ങിയ ഇ-കോമേഴ്‌സ് പ്ളാറ്റ്ഫോമായ ലാൽ സ്റ്റോർ വഴിയായിരുന്നു വിൽപന നടന്നത്. മോഹൻലാലിന്റെ കഥാപാത്രം സിനിമയിൽ ഉപയോഗിക്കുന്ന വസ്‌തുക്കളും അദ്ദേഹത്തിന്റെ പുസ്‌തകങ്ങളും മറ്റുമാണ് ലാൽ സ്റ്റോർ വഴി ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ