scorecardresearch

Latest News

പ്രശസ്തനായ ആ മകന് കാണാൻ കഴിയാത പോയ സ്വന്തം അമ്മയുടെ ചിത്രം

അദ്ദേഹത്തിന് ജന്മം നല്കിയ മാതാവിന്റെ ഒരു ചിത്രം പോലും അദ്ദേഹം കണ്ടിട്ടില്ല. ആ ഉമ്മയുടെ ഒരു ഫോട്ടോപോലും ആ കുടുബത്തിൽ ആരുടെ പക്കലും ഇല്ലായിരുന്നു

Premnazir, Premnazir mother, പ്രേം നസീർ, Indian express malayalam, IE Malayalam

ഉപാധികളില്ലാത്ത സ്നേഹത്തിന്റെ പര്യായമാണ് മക്കളെ സംബന്ധിച്ച് ഓരോ അമ്മമാരും. എന്നാൽ ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ട കുട്ടികൾ, അമ്മയുടെ മുഖം പോലും കൃത്യമായി ഓർത്തെടുക്കാൻ കഴിയാത്ത നിരവധി പേരെ നമുക്ക് ചുറ്റും കണ്ടെത്താനാവും. അതുപോലൊരു മകനായിരുന്നു മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീർ. അദ്ദേഹത്തിന്റെ അമ്മയെ കുറിച്ച് സംവിധായകൻ ആലപ്പി അഷറഫ് മാതൃദിനത്തിൽ പങ്കുവെച്ച കുറിപ്പും ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

“പ്രശസ്തനായ മകന് കാണാൻ കഴിയാത പോയ സ്വന്തം അമ്മയുടെ ഒരു ചിത്രമാണിത്.
ഭുമിയിൽ നമുക്ക് ലഭിച്ച മാലാഖയാണ് അമ്മ.
ആ അമ്മയുടെ മുഖം കാലമെത്ര കഴിഞ്ഞാലും മനസിൽ നിന്നും മായില്ല.
മരണ കിടക്കയിൽ അവസാനം തെളിയുന്ന മുഖവും അമ്മയുടെതായിരിക്കും.
എന്നാൽ സ്വന്തം മകന് അമ്മയുടെ മുഖം കൃത്യമായ് ഓർത്തെടുക്കാൻ കഴിയുന്നതിന് മുൻപേ ബാല്യത്തിൽ വിട്ടുപിരിഞ്ഞു പോയ ഒരു ഉമ്മയുണ്ട്.
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഉമ്മ -അഭിവന്ദ്യയായ അസുമാബീവി.

മാതാവ് നഷ്ടപ്പെട്ട നസീർ സാറിന് എട്ടാം വയസ്സിൽ ഗുരുതരമായ ഒരു രോഗം പിടിപ്പെട്ടു. ഡോക്ടർമാർ മരണമാണ് വിധിയെഴുതിയത്. അദ്ദേഹത്തിന്റെ ബാപ്പയുടെ വേദന കടിച്ചമർത്തിയുള്ള അവസാന അന്വേഷണത്തിൽ ഒരു കച്ചി തുരുമ്പു കിട്ടി.
വർക്കലയിൽ ശ്രീനാരായണ ശിഷ്യനായ ഒരു വൈദ്യൻ ഒറ്റമൂലിക്കാരൻ സ്വാമിജി. നേരെ വർക്കലയിൽ ചെന്നു വിവരം പറഞ്ഞു. ഉടൻ മരുന്നും പറഞ്ഞു ആയിരം തുടം മുലപ്പാൽ വേണം മരുന്ന് വാറ്റി എടുക്കാൻ.
നിരാശനായ് മടങ്ങിയ ആ പിതാവിനെ ചിറയൻകീഴിലെ അമ്മമാർ കൈവിട്ടില്ല..
അവർക്കെല്ലാം അത്ര പ്രിയപ്പെട്ടവനായിരുന്നു ആ ബാലൻ, അവർ ജാതി മത ഭേദമില്ലാതെ സംഘടിച്ചു, പിന്നീട് പ്രേംനസീറിന്റെ തറവാട്ടിലേക്ക് സ്ത്രീകളുടെ ഒരു ഒഴുക്കായിരുന്നു മുലപ്പാൽ നൽകാൻ.
അങ്ങിനെ നൂറു കണക്കിന് അമ്മമാരുടെ മുലപ്പാൽ കൊണ്ട് ജീവൻ തിരിച്ചുകിട്ടിയ
സംഭവം, ഇതേകുറിച്ചു നസീർസാർ തന്നെ എറെ തവണ എഴുതിയിട്ടുള്ളതാണ്.
രോഗം ഭേദമായപ്പോൾ ആ വൈദ്യ ശ്രേഷ്ഠൻ അദ്ദേഹത്തോട് പറഞ്ഞ് “മോനേ നീ ഇപ്പോൾ ഈ നാട്ടിലെ എല്ലാ അമ്മമാരുടെയും മകനാണ്.
ഒരിക്കൽ അദ്ദേഹമിത് എന്നോട് പറഞ്ഞപ്പോൾ അറിയാതെ ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

സഹജീവി സ്നേഹത്തിലൂടെ ഒരു പാട് അമ്മമാരെ അതിരറ്റു സ്നേഹിച്ചിരുന്ന നസീർ സാറിന് തന്റെ സ്വന്തം ഉമ്മയുടെ സ്നേഹലാളന തൊട്ടറിയാൻ കഴിയാതെ പോയത് ദു:ഖകരമായ സത്യമാണ്. ലോകത്തിൽ എല്ലാ മലയാളികളുടെയും മനസ്സിൽ പതിഞ്ഞിട്ടുള്ളതാണ് നസീർ സാറിന്റെ ചിത്രം. എന്നാൽ അദ്ദേഹത്തിന് ജന്മം നല്കിയ മാതാവിന്റെ ഒരു ചിത്രം പോലും അദ്ദേഹം കണ്ടിട്ടില്ല. ആ ഉമ്മയുടെ ഒരു ഫോട്ടോപോലും ആ കുടുബത്തിൽ ആരുടെ പക്കലും ഇല്ലായിരുന്നു. അന്നത്തെ കാലമല്ലേ…

എന്നാൽ കഴിഞ്ഞ വർഷം പ്രേംനസീർ ഫൗണ്ടേഷന് വേണ്ടി ശ്രീ.ഗോപാലകൃഷ്ണൻ എഴുതിയ ‘നിത്യഹരിതം’ എന്ന പുസ്തകത്തിന് വേണ്ടി അദ്ദേഹം നടത്തിയ നസീർ സാറിനെ കുറിച്ചുള്ള ഗവേഷണത്തിൽ, ചിറയൻകീഴിൽ നസീർ സാറിന്റെ കുടുബത്തിൽ ഇന്നു ജീവിച്ചിരിക്കുന്നവരിൽ, പ്രേംനസീറിന്റെ ഉമ്മയെ നേരിൽ കണ്ടിട്ടുള്ളവരെയെല്ലാം സംഘടിപ്പിച്ച് അവർ പറഞ്ഞു കൊടുത്ത വിവരണങ്ങൾ വെച്ച് ആ മൺമറഞ്ഞ മാതാവിന്റെ രൂപരേഖ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചിത്ര രചനയിൽ വളരെ കൃത്യതയോടെ വരച്ചെടുപ്പിച്ചു. ആ ഉമ്മയെ നേരിൽ കണ്ടിട്ടുള്ളവർ പറഞ്ഞു “ഇത് തന്നെ… ഒരു മാറ്റവുമില്ല”

എന്നാൽ ആ മാതാവിന്റെ ഈ ചിത്രം കാണാനും നസീർ സാറിന് വിധിയില്ലായിരുന്നു. ഈ മാതൃദിനത്തിൽ മകന് കാണാൻ കഴിയാത പോയ അനുഗൃഹീതയായ അമ്മയുടെ ഓർമ്മയ്ക്ക് മുന്നിൽ നമുക്ക് ശിരസ് നമിക്കാം,” ആലപ്പി അഷറഫ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Read more: ഖുഷിയെ അമ്മ കെട്ടിപ്പിടിക്കുന്നതു പോലും എനിക്കിഷ്ടമല്ലായിരുന്നു: ശ്രീദേവിയുടെ ഓർമയിൽ ജാൻവി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Premnazir mother photo mothers day