scorecardresearch
Latest News

മലയാളക്കരയുടെ ‘പ്രേമം’ ഹിന്ദിയിലേക്ക്; ജോര്‍ജ്ജായി പ്രണയിക്കുന്നത് തിരക്കുളള താരം

ചിത്രം മലയാളത്തില്‍ സംവിധാനം ചെയ് അല്‍ഫോണ്‍സ് പുത്രനല്ല ഹിന്ദിയിലെ സംവിധായകന്‍

മലയാളക്കരയുടെ ‘പ്രേമം’ ഹിന്ദിയിലേക്ക്; ജോര്‍ജ്ജായി പ്രണയിക്കുന്നത് തിരക്കുളള താരം
പ്രേമം

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറി കോടികള്‍ നേടിയ ‘പ്രേമം’ തമിഴ്നാട്ടിലും വന്‍ഹിറ്റായിരുന്നു. ഇതിന് പിന്നാലെ ചിത്രം തെലുഗിലും മൊഴിമാറ്റിയെത്തി. തെലുങ്കില്‍ ഈ ചിത്രം റീമേക്ക് ചെയ്തപ്പോള്‍ നാഗചൈതന്യ ആയിരുന്നു നായകനായത്. മലര്‍ എന്ന കഥാപാത്രത്തെ ശ്രുതിഹാസനും അവതരിപ്പിച്ചു. എന്നാല്‍ മലയാളം പ്രേമം പോലെ തെലുങ്ക് പ്രേമം സ്വീകരിക്കപ്പെട്ടില്ല.

ചിത്രം ഹിന്ദിയിലേക്കും മൊഴി മാറ്റുന്നെന്ന റിപ്പോര്‍ട്ടുകളും നേരത്തേ ഉണ്ടായിരുന്നു. നേരം, പ്രേമം എന്നിവയില്‍ ഏതെങ്കിലും ഒരു ചിത്രം അല്‍ഫോണ്‍സ് പുത്രന്‍ ബോളിവുഡില്‍ എത്തിക്കുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രം ഹിന്ദിയില്‍ എത്തുന്നതായാണ് പുതിയ വിവരം. മലയാളത്തില്‍ നിവിന്‍ പോളി അനശ്വരമാക്കിയ ജോര്‍ജ്ജിനെ ഹിന്ദിയില്‍ അര്‍ജുന്‍ കപൂര്‍ അവതരിപ്പിക്കും. ചിത്രം മലയാളത്തില്‍ സംവിധാനം ചെയ് അല്‍ഫോണ്‍സ് പുത്രനല്ല ഹിന്ദിയിലെ സംവിധായകന്‍. അഭിഷേക് കപൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റോക്ക് ഓണ്‍, കൈ പോ ചെ, ഫിത്തൂര്‍ എന്നീ ഹിറ്റുകള്‍ സംവിധാനം ചെയ്ത അഭിഷേക് കപൂര്‍ പ്രേമം റീമേക്കിന്‍റെ തിരക്കഥ ആരംഭിച്ചുകഴിഞ്ഞു. മലയാളത്തില്‍ മലര്‍ മിസിനെ ഗംഭീരമാക്കിയ സായ് പല്ലവിയെ തന്നെ ഹിന്ദി റീമേക്കിലും അവതരിപ്പിക്കാനാകുമോ എന്ന് ശ്രമം നടക്കുന്നുണ്ട്.

തെലുങ്കിലെ സെന്‍സേഷണല്‍ ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കിലും അര്‍ജുന്‍ കപൂര്‍ ആണ് നായകന്‍. വിജയ് ചിത്രം ഗില്ലിയുടെ റീമേക്കിലും അര്‍ജുന്‍ കപൂര്‍ തന്നെ നായകനാകും. നിലവില്‍ പരിനിതി ചോപ്രയ്ക്കൊപ്പം നമസ്തെ ഇംഗ്ലണ്ടിലാണ് നടന്‍ അഭിനയിക്കുന്നത്. സഞ്ജയ് ദത്തിനൊപ്പം പാനിപ്പത്ത് എന്ന ചിത്രത്തിലും അര്‍ജുന്‍ അഭിനയിക്കും.

നിവിന്‍ പോളിയുടെ സ്വസിദ്ധമായ അഭിനയം കൊണ്ട് പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമാണ് ജോര്‍ജ്ജ്. ഹിന്ദിയില്‍ ഈ വേഷം കൈകാര്യം ചെയ്യാന്‍ അര്‍ജുന്‍ കപൂറിന് കഴിയുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Premam movie set to remake in hindi