മലയാള സിനിമയിൽ പുതിയ മാറ്റങ്ങൾക്ക് വരെ തുടക്കമിട്ട ചിത്രമായിരുന്നു നിവിൻ പോളി നായകനായി എത്തിയ പ്രേമം. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം ആ സമയത്ത് പല കാരണങ്ങളാലും ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.
ഓഡിഷനിലൂടെയായിരുന്നു സിനിമയിലേക്ക് നായികയെ കണ്ടെത്തിയത്. ഓഡിഷനിൽ പങ്കെടുക്കുകയും എന്നാൽ പരാജയപ്പെടുകയും ചെയ്ത ഒരു നടി പിന്നീട് മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്കാരം വരെ നേടിയെന്നതാണ് ആ വെളിപ്പെടുത്തൽ.
അഭിനേതാവും കാസ്റ്റിങ് ഡയറക്ടറുമായ ദിനേശ് പ്രഭാകറാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. എന്നാൽ നടിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. സിനിമയിലെ കാസ്റ്റിങ് ഡയറക്ഷനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ നടിയെ അഞ്ചോ ആറോ തവണ ഓഡിഷൻ നടത്തിയെന്നും എന്നാൽ ഭയം കാരണമോ അന്നത്തെ മാനസികാവസ്ഥ കൊണ്ടോ ആകാം അന്ന് പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ തന്നെ ആദ്യത്തെ കാസ്റ്റിങ് ഡയറക്ടറാണ് ദിനേശ്.
ഫഹദ് ഫാസിൽ നായകനായി റിലീസിനൊരുങ്ങുന്ന മാലിക് എന്ന ചിത്രത്തിൽ ലീഡ് റോൾ ചെയ്യുന്നതിന് പ്രമുഖരായ മൂന്നോ നാലോ നടിമാരെ ലുക്ക് ടെസ്റ്റ് നടത്തിയെന്നും ദിനേശ് പറഞ്ഞു. മലയാളത്തിൽ ഓഡിഷൻ അത്ര വിപുലമല്ലെന്നും എന്നാൽ ലുക്ക് ടെസ്റ്റ് നടത്താറുണ്ട്. ഓഡിഷൻ അഭിനയിക്കാനറിയാമോയെന്ന് നോക്കുന്നത് മാത്രമല്ല കഥാപാത്രം ചേരുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നത്കൂടിയാണെന്നും വ്യക്തമാക്കി.
നിവിൻ പോളിയെ നായകനാക്കി 2015ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിൽ മൂന്ന് നായികമാരായിരുന്നു ഉണ്ടായിരുന്നത്. സായ് പല്ലവി, മഡോണ സെബസ്റ്റ്യൻ, അനുപമ പരമേശ്വരൻ എന്നിവരാണ് നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങളിൽ നായികമാരുടെ വേഷം അവതരിപ്പിച്ചത്.