ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മീ ടൂ ക്യാംപെയിനെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് ബോളിവുഡ് താരം പ്രീതി സിന്റ. തന്റെ വാക്കുകള്‍ ഏതെങ്കിലും സ്ത്രീകളെ വേദനിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് പ്രീതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. താന്‍ മീ ടൂവിനെ പിന്തുണയ്ക്കുന്ന ആള്‍ തന്നെയാണെന്നും എന്നാല്‍ അതിനു പകരം തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും പ്രീതി സിന്റ പറഞ്ഞു.

മീ ടൂ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്, അത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞത്, എങ്കില്‍ താന്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമായിരുന്നുവെന്നും, മോശമായി പെരുമാറുന്ന ആളെ തല്ലുമെന്നും പറയാനായിരുന്നുവെന്ന് പ്രീതി വ്യക്തമാക്കി. അത് സംഭവിച്ചപ്പോള്‍ താന്‍ പ്രതികരിച്ചിട്ടുണ്ടെന്നും ലോകം മുഴുവന്‍ അത് കണ്ടതാണെന്നും പ്രീതി പറഞ്ഞു.

അതേസമയം, എല്ലാ സ്ത്രീകള്‍ക്കും അത്തരത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ലെന്ന് താന്‍ മനസിലാക്കുന്നുവെന്നും അത്തരക്കാരെ മാറ്റി നിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രസ്താവനയില്‍ പ്രീതി പറഞ്ഞു.

തന്റെ സഹോദരന്‍ മീ ടൂ ആരോപണങ്ങളുടെ ഇരയായിരുന്നുവെന്നും ഒടുവില്‍ അദ്ദേഹം സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്നും പ്രീതി പറയുന്നു. അതിനാല്‍ ഈ മൂവ്‌മെന്റില്‍ ആരും വെളളം ചേര്‍ക്കരുത്, അതിനെ ദുരുപയോഗം ചെയ്യരുത് എന്നാണ് താന്‍ ആഗ്രഹിച്ചതെന്നും പ്രീതി പറയുന്നു.

Read More:അഭിമുഖത്തിലെ മീ ടൂ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് വളച്ചൊടിച്ചു: പ്രീതി സിന്റ

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ വാദിച്ചിട്ടും ഒടുവില്‍ ഇത്തരത്തിലൊരു വിശദീകരണക്കുറിപ്പ് എഴുതേണ്ടി വന്നതില്‍ വല്ലാത്ത വേദനയുണ്ടെന്നും പ്രീതി സിന്റ പറയുന്നു. ഭാവിയിലെങ്കിലും വിശ്വാസ്യത വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, സ്ത്രീകളെങ്കിലും ഒരുമിച്ച് നിന്നില്ലെങ്കില്‍ പിന്നെ യാതൊരു മൂവ്‌മെന്റിനും അര്‍ത്ഥമില്ലെന്നും പ്രീതി സിന്റ പറഞ്ഞു.

അഭിമുഖത്തില്‍ പ്രീതി സിന്റ പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് വളച്ചൊടിച്ചതാണെന്നായിരുന്നു പ്രീതിയുടെ ആദ്യത്തെ വിശദീകരണം. ഈ മറുപടി പക്ഷെ സോഷ്യല്‍ മീഡിയയെ തൃപ്തിപ്പെടുത്തിയിരുന്നില്ല. പ്രീതിയോട് പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടിരുന്നു.

അഭിമുഖത്തില്‍ പ്രീതി സിന്റ നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും ഖേദകരമാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. പ്രീതി മീ ടൂ മൂവ്മെന്റിനെ പരിഹസിക്കുകയാണെന്നും ആക്രമണത്തെ അതിജീവിച്ചവരെ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും സോഷ്യല്‍ മീഡിയ യൂസേഴ്സ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് പ്രീതി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ