ബോളിവുഡിന്റെ പ്രിയ നായികമാരിൽ ഒരാളായ പ്രീതി സിന്റ തനിക്ക് പാചകത്തോടും കൃഷിയോടുമുള്ള ഇഷ്ടം നേരത്തെ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളതാണ്. ലോക്ക്ഡൗൺ കാലത്ത് തന്റെ അടുക്കളത്തോട്ടത്തിന്റെ വിശേഷങ്ങളുമായി താരം എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രീതി.
ഹിമാചലിലെ ഷിംലയിലുള്ള തന്റെ വീട്ടിലെ ആപ്പിൾ തോട്ടമാണ് പ്രീതി സിന്റ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ പരിചയപ്പെടുത്തിയിരിക്കുന്നത്. വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ തന്റെ കുട്ടിക്കാല ഓർമകളും താരം പങ്കുവയ്ക്കുന്നുണ്ട്. മഴ പെയ്യുന്നതിനിടയിൽ ലഭിച്ച ചെറിയ ഇടവേളയിൽ എടുത്തതെന്ന് പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“വളരെ നാളുകൾക്ക് ശേഷം ആപ്പിൾ മരങ്ങൾ കാണാൻ കഴിഞ്ഞതിൽ ഞാൻ വളരെ ആവേശത്തിലായിരുന്നു, മഴ ഒന്ന് തോർന്ന നിമിഷം ഞാൻ ഓടിപ്പോയി ഈ വീഡിയോ ചെയ്തു. മിനിറ്റുകൾ കഴിഞ്ഞപ്പോൾ വീണ്ടും മഴ പെയ്യാൻ തുടങ്ങി. വീഡിയോ എടുക്കാൻ കഴിഞ്ഞത് ഭാഗ്യം. ഏറെ വർഷങ്ങൾക്ക് ശേഷം ആപ്പിൾ സീസണിൽ ഞങ്ങളുടെ ഫാം ഹൗസിലേക്ക് എത്താൻ കഴിഞ്ഞത് വൈകാരികവും ആവേശകരവുമായ അനുഭവമാണ്.”
“ഇവിടെ എന്റെ മുത്തച്ഛൻ, മുത്തശ്ശി, രജീന്ദർ മാമാജി, ഉമാ മാമിജി എന്നിവരോടൊപ്പമാണ് വളർന്നത്. എന്റെ കുട്ടിക്കാലത്തെ ഏറ്റവും നല്ല ദിവസങ്ങൾ ഞങ്ങൾ ഇവിടെയാണ് ചെലവഴിച്ചത്. ആപ്പിൾ സീസൺ എപ്പോഴും പ്രത്യേകമായിരുന്നു. നിരവധി നിയമങ്ങൾ ഉണ്ടായിരുന്നു. ഗ്രേഡിങ് ഹാളുകളിൽ ഭക്ഷണം കഴിക്കരുത്, ആപ്പിൾ ശ്രദ്ധാപൂർവ്വം പറിച്ചെടുക്കുന്ന തൊഴിലാളികളെ ശല്യപ്പെടുത്തുകയോ ശ്രദ്ധ തിരിക്കുകയോ ചെയ്യരുത്, ആപ്പിളുമായി കളിക്കുകയോ അവ എറിയുകയോ ചെയ്യരുത്.”
വലുതും ചെറുതുമായ ആപ്പിളുകൾ പറിക്കുക, അവ ജ്യൂസ് കുടിക്കുക എന്നതായിരുന്നു എന്റെ പ്രധാന വിനോദം. രണ്ട് വർഷം മുമ്പ്, ഞാൻ ഔദ്യോഗികമായി ഒരു കർഷകയായി, ഹിമാചലിലെ ആപ്പിൾ കർഷക സമൂഹത്തിന്റെ ഭാഗമായതിൽ ഞാൻ അഭിമാനിക്കുന്നു. കോവിഡ് സാഹചര്യത്തിലും തൊഴിലാളികൾ കുറവായിട്ടും എല്ലാ ഫാമുകളും എത്രത്തോളം നന്നായി പരിപാലിക്കപ്പെടുന്നു എന്നതിൽ എനിക്ക് അതിയായ അഭിമാനമുണ്ട് … എന്റെ ജ്യേഷ്ഠൻ പൂർണമായും ഓർഗാനിക് ആയാണ് കൃഷി ചെയ്യുന്നത്.” പ്രീതി സിന്റ കുറിച്ചു.
ഭർത്താവ് ജീൻ ഗുഡ്നോഫിനൊപ്ം ലൊസാഞ്ചൽസിൽ താമസിക്കുന്ന പ്രീതി ദിവങ്ങൾക്ക് മുൻപാണ് സ്വന്തം നാടായ ഷിംലയിലേക്ക് എത്തിയത്.
Also read: രാജകീയ വേഷത്തിൽ ഐശ്വര്യ; ‘പൊന്നിയിൻ സെൽവൻ’ ലൊക്കേഷൻ ചിത്രം ഏറ്റെടുത്ത് ആരാധകർ