പതിനാലു വർഷം മുൻപുണ്ടായ സുനാമിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവം ഓർക്കുകയാണ് പ്രീതി സിന്റ. 2004 ഡിസംബർ 26 ന് ഫുക്കറ്റിൽ സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് പ്രീതിയും കൂട്ടുകാരും സുനാമിയെ കൺമുന്നിൽ കണ്ടത്.
2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളിലേക്ക് ആഞ്ഞടിച്ച സുനാമിയിൽ 14 രാജ്യങ്ങളിലായി 2,30,000 ആളുകളാണ് കൊല്ലപ്പെട്ടത്. ആ മരണങ്ങളിൽ ഒന്ന് തന്റേതുമാവുമായിരുന്നു എന്നാണ് പ്രീതി ഓർത്തെടുക്കുന്നത്. ഇന്ത്യ ടുഡേ ഈസ്റ്റ് കോൺക്ലേവ് 2018 നിടെയാണ് മരണത്തെ മുഖാമുഖം കണ്ട അനുഭവം പ്രീതി പങ്കുവച്ചത്.
“ഞങ്ങൾ അന്ന് ഫുക്കെറ്റിലായിരുന്നു. അപ്രതീക്ഷിതമായി വന്ന സുനാമിയിൽ എന്റെ അടുത്ത സുഹൃത്തുക്കളിൽ പലരും മരണപ്പെട്ടു. ഞാൻ മാത്രമാണ് അക്കൂട്ടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വല്ലാത്തൊരു അനുഭവമായിരുന്നു അത്,” പ്രീതി ഓർത്തെടുക്കുന്നു.
ആ ഭയപ്പെടുത്തുന്ന സംഭവമാണ് തന്റെ ജീവിതത്തിൽ ടേണിങ് പോയിന്റായി മാറിയതെന്നും പ്രീതി കൂട്ടിചേർത്തു. ജീവിതത്തിൽ ചെയ്യാൻ ആഗ്രഹമുള്ള കാര്യങ്ങൾ എല്ലാം ചെയ്യണമെന്ന ചിന്ത ഉണ്ടായത് അപ്പോൾ മുതലാണെന്നും ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരാൻ പ്രചോദനമായതു പോലും ആ സംഭവമാണെന്നും പ്രീതി വെളിപ്പെടുത്തി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് ഇലവന് പഞ്ചാബ് ഉടമയാണ് പ്രീതി സിന്റ. വ്യവസായിയായ നെസ് വാഡിയ, മൊഹിത് ബർമൻ, കരൺ പോൾ എന്നിവർക്കൊപ്പമാണ് കിങ്സ് ഇലവൻ പഞ്ചാബിന്റെ ഉടമസ്ഥത പ്രീതി പങ്കിടുന്നത്. നെസ് വാഡിയയും പ്രീതിയും തമ്മിൽ ഇടക്കാലത്ത് പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് രണ്ടുപേരും വേർപിരിയുകയായിരുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ വച്ച് നെസ് ഉപദ്രവിക്കാൻ ശ്രമിച്ചതായി ആരോപിച്ച് പ്രീതി പൊലീസിൽ പരാതിയും നൽകിയിരുന്നു.