ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം പ്രീതി സിന്റ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രീതി ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. സറോഗസി (വാടകഗർഭപാത്രം)യിലൂടെയാണ് നാൽപ്പത്തിയാറുകാരിയായ പ്രീതി അമ്മയായത്. ജയ്, ഗിയ എന്നാണ് മക്കൾക്ക് പേരുനൽകിയതെന്നും പ്രീതി പറയുന്നു.
“ഞങ്ങളുടെ അത്ഭുതകരമായ ഈ വാർത്ത എല്ലാവരുമായും പങ്കിടാൻ ഞാൻ ആഗ്രഹിച്ചു. ഞാനും ജീനും അതിയായ സന്തോഷത്തിലാണ്, ഞങ്ങളുടെ ഇരട്ടകളായ ജയ് സിന്റ ഗുഡ്നഫിനെയും ജിയ സിന്റ ഗുഡ്നഫിനെയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഞങ്ങളുടെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞിരിക്കുന്നു. ജീവിതത്തിലെ ഈ പുതിയ ഘട്ടത്തിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് ഡോക്ടർമാർക്കും സറോഗേറ്റ് മദറിനും നന്ദി,” പ്രീതി കുറിച്ചതിങ്ങനെ.
2016 ഫെബ്രുവരി 29നാണ് ജീൻ ഗുഡ്നോഫിനെ പ്രീതി വിവാഹം ചെയ്തത്. തുടർന്ന് ഭർത്താവിനൊപ്പം ലോസ് ഏഞ്ചൽസിലേക്ക് താരം താമസം മാറിയിരുന്നു.
മണിരത്നത്തിന്റെ ‘ദിൽ സേ’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രീതിയുടെ അരങ്ങേറ്റം. ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായതിനൊപ്പം നിരവധി അവാർഡുകളും പ്രീതിയെ തേടിയെത്തി. കൽ ഹോ നാ ഹോ, വീർ സര, സലാം നമസ്തേ, കഭി അൽവിദാ നാ കെഹ്ന, ക്യാ കെഹ്ന, സംഘർഷ്, ദിൽ ചാഹ്താ ഹേ, ഫർസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനും പ്രീതിയ്ക്ക് സാധിച്ചു. രണ്ട് ദേശീയ അവാർഡുകൾ, ഏഴ് ഫിലിംഫെയർ അവാർഡുകൾ, ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും പ്രീതി നേടി.