നടി എമി ജാക്‌സണും ബ്രിട്ടീഷുകാരനായ വ്യവസായി ജോര്‍ജ് പനയോറ്റുവും വിവാഹിതരാകുന്ന കാര്യം ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലാണ് എമി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോള്‍ ഇരുവരുടേയും വിവാഹ നിശ്ചയം ഔദ്യോഗികമായി നടന്നു. ലണ്ടനില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്.

വലിയ ആഘോഷമായാണ് വിവാഹ നിശ്ചയം നടന്നത്. ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കറുപ്പും വെളുപ്പും ഗൗണ്‍ അണിഞ്ഞ് അതി സുന്ദരിയായാണ് എമി വിവാഹ നിശ്ചയത്തിന് എത്തിയത്. സുഹൃത്തുക്കളും കുടുംബവും ചടങ്ങില്‍ പങ്കെടുത്തു.

Read More: നടി എമി ജാക്‌സണ്‍ അമ്മയാകുന്നു

ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് താന്‍ അമ്മയാകുന്നു എന്ന കാര്യം എമി ജാക്‌സണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ജോര്‍ജിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് എമി ഇക്കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞത്.

‘ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന്, മാതൃദിനത്തേക്കാള്‍ നല്ലൊരു ദിവസമില്ല അത് പറയാന്‍. ലോകത്ത് മറ്റെന്തിനെക്കാള്‍ കൂടുതലായി ഇപ്പോഴേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഏറ്റവും കളങ്കമില്ലാത്തതും സത്യസന്ധവുമായ സ്നേഹം. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ ഞങ്ങളുടെ കുഞ്ഞു ലിബ്രാ,” എമി ഇന്‍സ്റ്റയില്‍ കുറിച്ചു.

ജോര്‍ജുമായുള്ള വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി അറിയിക്കുന്നത്. പുതുവര്‍ഷ ദിനത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. 2019 ജനുവരി ഒന്നിന് ഞങ്ങളുടെ ജീവിതത്തിലെ പുതിയ സാഹസികതകള്‍ ആരംഭിക്കുന്നു. ഞാന്‍ നിന്നെ പ്രണയിക്കുന്നു. ഈ ലോകത്തെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയായി എന്നെ മാറ്റിയതിന് നന്ദി, എന്നായിരുന്നു അന്ന് എമി ഇന്‍സ്റ്റയില്‍ കുറിച്ചത്.

Read More: എമി ജാക്‌സൺ വിവാഹിതയാവുന്നു, വരൻ ബ്രിട്ടനിലെ കോടീശ്വരൻ

എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോര്‍ജിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എമി ജാക്‌സണ്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.

ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. ആഫ്രിക്കയിലെ സാംബിയയില്‍ അവധിക്കാലം ചെലവിടുകയാണ് ഇപ്പോള്‍ എമി ജാക്‌സണും ജോര്‍ജ് പനയോറ്റുവും.

യുകെയിലെ ലിവര്‍പൂളില്‍ ജനിച്ചുവളര്‍ന്ന എമി ജാക്‌സണ്‍ 2009ലെ മിസ് ടീന്‍ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധേയയാവുന്നത്. പിന്നാലെ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ച അവര്‍ വൈകാതെ ഇന്ത്യന്‍ സിനിമയിലെത്തി. എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസി പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. രജനി നായകനായ ഷങ്കര്‍ ചിത്രം 2.0യാണ് എമിയുടെ ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook