ഏറെ നാളായുള്ള ഒരാഗ്രഹം സഫലമായ സന്തോഷത്തിലാണ് ബോളിവുഡ് താരം വിവേക് ഒബ്റോയ്. സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയെന്ന വിവേകിന്റെ സ്വപ്നം സഫലമാക്കിയിരിക്കുന്നത് നടന്‍ പൃഥിരാജാണ്. പൃഥിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ‘ലൂസിഫറി’ലൂടെ വില്ലൻ വേഷത്തിലെത്തുകയാണ് വിവേക്.

“മലയാള സിനിമയിൽ നിന്ന് നിരവധി ഓഫറുകൾ മുൻപും വന്നിട്ടുണ്ട്. ആദ്യ മലയാള ചിത്രം ലാലേട്ടനൊപ്പം വേണമെന്ന എന്റെ ആഗ്രഹം ഞാൻ തുറന്നു പറഞ്ഞിരുന്നു. ‘ലൂസിഫറി’ലേക്ക് എന്നെ വിളിക്കുന്നത് പൃഥിരാജാണ്. ലാലേട്ടൻ, മഞ്ജുവാര്യർ, ടൊവിനോ തുടങ്ങിയ മികച്ച താരനിര. പൃഥിയുടെ ആദ്യ സംവിധാന സംരംഭം. സിനിമയെ കുറിച്ച് കേട്ടപ്പോഴേ എക്സൈറ്റ്മെന്റ് ആയി”.

ആ സമയം പൃഥ്വി മണാലിയിലും ഞാൻ മുംബൈയിലും ഷൂട്ടിങ് തിരക്കിലായിരുന്നു. പല തവണ ശ്രമിച്ചെങ്കിലും ഞങ്ങൾക്ക് തമ്മിൽ കാണാൻ സാധിച്ചില്ല. ഒടുവിൽ ഫോണിലാണ് കഥ കേട്ടത്. സമയം കിട്ടുമ്പോഴൊക്കെ മലയാളം സിനിമകൾ കാണാനിഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. കഥ കേട്ടപ്പോഴേ ഞാൻ സമ്മതം അറിയിച്ചു. മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. ഇത്രയും പ്രാധാന്യമുള്ളൊരു റോൾ ഹിന്ദിയിൽ പോലും എനിക്കു കിട്ടുമോ​ എന്നു സംശയമാണ്. മലയാള സിനിമയുടെ പക്വമായ സമീപനം എനിക്കിഷ്ടമാണ്. മികച്ച കഥകൾ, കഥാപാത്രങ്ങൾ, ക്രാഫ്റ്റ്മാൻഷിപ്പ് ഇതെല്ലാം മറ്റൊരിടത്ത് കാണാൻ കഴിഞ്ഞെന്നു വരില്ല. ഞാൻ ഓകെ പറഞ്ഞതിനു പുറകെ ആന്റണി പെരുമ്പാവൂർ നേരിട്ട് കാണാനെത്തി. തുടർന്ന് ലാലേട്ടനോടും സംസാരിച്ചു,” ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവേക് പറയുന്നു.

Antony Perumbavoor Vivek Oberoi Lucifer

ആന്റണി പെരുമ്പാവൂര്‍, വിവേക് ഒബ്റോയ്

തന്റെ ആദ്യ സിനിമയായ ‘കമ്പനി’ മുതലുള്ളതാണ് വിവേക് ഒബ്റോയിയും മോഹൻലാലും തമ്മിലുള്ള സൗഹൃദമെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

“ലാലേട്ടനുമായി വല്ലാത്തൊരു ആത്മബന്ധമുണ്ടെനിക്ക്. ഒപ്പം, ഇന്ത്യ കണ്ട മഹാനടന്മാരിൽ ഒരാളായ അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള ആദരവും. 2002 ലാണ് ഞാനദ്ദേഹത്തെ പരിചയപ്പെടുന്നത്. ഇക്കാലത്തിനിടയിൽ ഞങ്ങൾക്കിടയിലെ സൗഹൃദവും അടുപ്പവും കൂടുതൽ ശക്തമായിട്ടുണ്ട്. ഞങ്ങൾ പരിചയപ്പെട്ട സമയത്ത് അദ്ദേഹമൊരിക്കൽ ചോദിച്ചു, ‘എല്ലാ വർഷവും ശബരിമല വരാറുണ്ടല്ലേ?’ ഞാൻ ‘അതെ’ എന്നു പറഞ്ഞപ്പോൾ,​ അടുത്ത ട്രിപ്പ് ഞാൻ ഓർഗനൈസ് ചെയ്യാം എന്നായി ലാലേട്ടൻ. അതിനു ശേഷം എല്ലാ വർഷവും എന്റെ ശബരിമല ട്രിപ്പ് പ്ലാൻ ചെയ്യാൻ എന്നെ സഹായിക്കുന്നത് അദ്ദേഹമാണ്. കേരളത്തിൽ വരുമ്പോഴെല്ലാം ഞാനദ്ദേഹത്തെ കാണാൻ ശ്രമിക്കാറുണ്ട്. അദ്ദേഹത്തിനൊപ്പം ഇനിയും​ അഭിനയിക്കാൻ​ എനിക്കാഗ്രഹമുണ്ട്. ഒരു സൂപ്പർതാരത്തിന്റെ ഭാവവമൊന്നുമില്ലാതെ വളരെ വിനയത്തോടെയും സ്നേഹത്തോടെയുമാണ് ലാലേട്ടൻ പെരുമാറുക” വിവേക്  വെളിപ്പെടുത്തി.

Image may contain: 3 people, people sitting

കഴിഞ്ഞ 18 വർഷമായി മുടങ്ങാതെ എല്ലാ വർഷവും ശബരിമലയിൽ ദർശനത്തിനെത്താറുണ്ട് താരം. മലയാളം സിനിമകളുടെ ആരാധകനായ വിവേക്, ‘ഒപ്പം’, ‘ദൃശ്യം’, ‘ബെസ്റ്റ് ആക്റ്റർ’, ‘മുംബൈ പൊലീസ്’, ‘നേരം’, ‘ഹൗ ഓൾഡ്​ ആർ യു’, ‘കന്മദം’ എന്നീ ചിത്രങ്ങള്‍ ഇഷ്ടമാണെന്നും പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ‘ലൂസിഫറി’ലേത്‌ എന്നും താരം വ്യക്തമാക്കി.  ഓരോ സീനും മികച്ചതാക്കാൻ സംവിധായകന്‍ പൃഥിരാജ് എടുക്കുന്ന ശ്രമം കാണുമ്പോൾ തനിക്ക് രാം ഗോപാൽ വർമ്മയുടെ ‘കമ്പനി’, ‘സർക്കാർ ഡെയ്സ്’​ തുടങ്ങിയ സിനിമകളുടെ ഷൂട്ടിങ് ദിവസങ്ങളാണ് ഓർമ്മ വരുന്നതെന്നും താരം പറഞ്ഞു.

കേരളം പ്രളയമുഖത്ത് നിൽക്കുമ്പോഴാണ് ഷൂട്ടിങ്ങിനായി വിവേക് ഒബ്റോയ് കേരളത്തിലെത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിലേക്ക് സഹായങ്ങളെത്തിക്കാൻ എല്ലാവരെയും പോലെ ഞാനും ശ്രമിച്ചിരുന്നുവെന്നും സെലബ്രിറ്റിയെന്നോ സാധാരണക്കാരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് അവരാൽ കഴിയുന്ന രീതിയിൽ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമാകുന്നത് കാണാൻ സാധിച്ചെന്നും അതേറെ പ്രചോദനം പകരുന്ന കാഴ്ചയായിരുന്നെന്നും വിവേക് പറയുന്നു.

‘സ്നോ ഇൻസൈഡ് എഡ്ജിന്റെ’ രണ്ടാം സീസണും ഏക്താ കപൂറിന്റെ മെഗാസീരീസുമാണ് വിവേക് കരാറിൽ ഏർപ്പെട്ട മറ്റു രണ്ടു പ്രൊജക്റ്റുകൾ. “വലിയ ഒന്നു രണ്ടു പ്രൊജക്റ്റുകൾ പിറകെ വരുന്നുണ്ട്, പക്ഷേ ഇപ്പോൾ അതിനെ കുറിച്ച് വെളിപ്പെടുത്താനാവില്ല,” എന്നും താരം കൂട്ടിച്ചേർത്തു. ലൂസിഫർ കൂടി തിയേറ്ററിലെത്തുന്നതോടെ, എല്ലാ സൗത്ത് ഇന്ത്യൻ ഭാഷാ സിനിമകളിലും താരം തന്റെ പ്രതിഭ രേഖപ്പെടുത്തുകയാണ്. അജിത്, ശിവ രാജ്കുമാർ, രാം ചരൺ തേജ തുടങ്ങിയ സൗത്ത് ഇന്ത്യൻ താരങ്ങൾക്കൊപ്പമെല്ലാം വിവേക് അഭിനയിച്ചിട്ടുണ്ട്.

‘ലൂസിഫര്‍’ ലൊക്കേഷനില്‍

ലൂസിഫറിനു വേണ്ടി അൽപ്പം മലയാളവും താരം പഠിച്ചെടുത്തിരിക്കുന്നു, ലോക ഭാഷകളിൽ പഠിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളമെന്ന കാര്യവും താരം സമ്മതിക്കുകയാണ്.

“എത്രമാത്രം അക്ഷരങ്ങളും ഉച്ചാരണശൈലികളുമാണ് മലയാളത്തിൽ. കുറച്ചു വാക്കുകളൊക്കെ ഞാനും പഠിച്ചു. വാക്കുകളുടെ അർത്ഥം, ഉച്ചാരണം, താളം, ഗ്രാമർ ശരിയാണോ എന്നൊക്കെ സംശയം വരുമ്പോൾ ഞാൻ ലാലേട്ടനോടും പൃഥിയോടും മഞ്ജുവിനോടുമെല്ലാം ചോദിക്കുമായിരുന്നു. അവരൊക്കെ ഒരുപാട് സഹായിച്ചു. അവരാണ് എന്റെ സ്റ്റാർ ട്യൂട്ടർമാർ,” വിവേക് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook