മലയാള സിനിമയിലെ സെൻസേഷണൽ താര ദന്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഫഹദ്-നസ്രിയ ജോഡികളുടേത്. ആരാധകര്‍ക്ക് അത്ഭുതം സമ്മാനിച്ചാണ് ഫഹദ്-നസ്രിയ വിവാഹവാര്‍ത്ത പുറത്തുവന്നത്. എന്നാൽ സിനിമാ മേഖലയിൽ ഇവരുടെ വിവാഹം ഒരു സർപ്രൈസ് അല്ലായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് മുതിർന്ന നടി പ്രവീണ. ഫഹദ് നസ്രിയയെത്തന്നെ കെട്ടുമെന്ന് ഇവർ ഒരുമിച്ചഭിനയിച്ച ബാംഗ്ലൂർ ഡെയ്സിന്റെ സെറ്റിൽ വെച്ച് തന്നെ അറിയാമായിരുന്നുവെന്ന് പ്രവീണ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രവീണ ഇക്കാര്യം പറഞ്ഞത്.

അഞ്ജലി മേനോന്‍ ചിത്രമായ ബാഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിനിടയിലാണ് ഫഹദും നസ്രിയയും അടുക്കുന്നത്. ചിത്രത്തില്‍ നസ്രിയയുടെ അമ്മയായി വേഷമിട്ട താരമാണ് പ്രവീണ. കാരവാനില്‍ നസ്രിയയ്‌ക്കൊപ്പമിരിക്കുന്പോൾ ഫഹദ് വിളിക്കാറുണ്ടായിരുന്നെന്ന് പ്രവീണ പറയുന്നു. ഫഹദ് നസ്രിയയുടെ കാര്യങ്ങള്‍ കൃത്യമായി അന്വേഷിക്കാറുണ്ടായിരുന്നെന്നും വിവാഹക്കാര്യം നസ്രിയ തന്നോട് പറഞ്ഞിരുന്നെന്നും പ്രവീണ പറയുന്നു. അനോന്യം മികച്ച പിന്തുണ നല്‍കുന്ന താരദമ്പതികളാണ് ഫഹദും നസ്രിയയെന്നും പ്രവീണ അഭിപ്രായപ്പെടുന്നു.


കടപ്പാട്: ഇൻഡ്യാഗ്ലിറ്റ്സ്

വിവാഹവും കുടുംബ ജീവിതവുമൊക്കെയായി സിനിമയില്‍ നിന്നും പ്രവീണ ഇടവേള എടുത്തിരുന്നു. തിരിച്ചു വരവില്‍ തനിക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബാംഗ്ലൂര്‍ ഡെയ്‌സിലെ നസ്രിയയുടെ അമ്മവേഷം എന്ന് പ്രവീണ പറയുന്നു. ‘അഞ്ജലി മേനോനുമായി അടുത്ത ബന്ധമുണ്ട്. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കാനും സാധിച്ചു. ഈ ചിത്രത്തില്‍ യുവതാരങ്ങള്‍ക്കൊപ്പമാണ് അഭിനയിച്ചത്. പഴയതുപോലെയല്ല ഇപ്പോഴത്തെ കുട്ടികള്‍ എല്ലാ കാര്യത്തിലും മിടുക്കരാണ്’ പ്രവീണ പറയുന്നു.

കാണുമ്പോള്‍ ഓടി വന്ന സംസാരിക്കുമായിരുന്നു നിവിനും ദുല്‍ഖറുമൊക്കെ. കാര്യങ്ങളൊക്കെ പങ്കുവെക്കുമായിരുന്നു. എവിടെ കണ്ടാലും ദുല്‍ഖര്‍ സംസാരിക്കാന്‍ വരുമെന്ന് പ്രവീണ പറഞ്ഞു.

അതേസമയം, വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന നസ്രിയ മടങ്ങിവരവിനുളള ഒരുക്കത്തിലാണെന്ന് റിപ്പോർട്ടുണ്ട്. അഞ്ജലി മേനോൻ കഥ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാവും നസ്രിയയുടെ മടങ്ങിവരവെന്നും സൂചനയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ