/indian-express-malayalam/media/media_files/uploads/2023/09/Sneha-prasanna-Mammootty.jpg)
മമ്മൂട്ടിയെ കുറിച്ച് പ്രസന്ന
തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. മലയാള സിനിമാപ്രേക്ഷകർക്കും ഏറെ സുപരിചിതരാണ് ഇരുവരും. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു സ്നേഹയുടെ തുടക്കം. തുറുപ്പുഗുലാൻ, പ്രമാണി, ശിക്കാർ, വന്ദേമാതരം, ഒരേ മുഖം, ദ ഗ്രേറ്റ് ഫാദർ, ക്രിസ്റ്റഫർ തുടങ്ങിയ മലയാളചിത്രങ്ങളിലെല്ലാം സ്നേഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായാണ് സ്നേഹ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ബ്രദേഴ്സ് ഡേ, കിംഗ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസന്നയും മലയാളികൾക്ക് സുപരിചിതനാണ്.
ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ച് പ്രസന്ന പറഞ്ഞ രസകരമായ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. "അടുത്തിടെ സ്നേഹ മമ്മൂക്കയുടെ കൂടെ ക്രിസ്റ്റഫർ എന്നൊരു സിനിമ ചെയ്തു. അതെനിക്കെത്ര പാരയായെന്നു പറയാൻ വയ്യ. സ്നേഹയുടെ കഥാപാത്രം മരിച്ചു കിടക്കുന്ന ഒരു സീനുണ്ടതിൽ. മരിച്ചുകിടക്കുന്ന സ്നേഹയെ ബെഡ്ഡിൽ നിന്നു പൊക്കി കൊണ്ടുവന്ന് ലിവിംഗ് റൂമിലെ സോഫയിൽ കിടത്തി മമ്മൂക്കയുടെ കഥാപാത്രം കരയണം, അതാണ് ഷോട്ട്. "പൊക്കുന്നതു വരെ നമുക്ക് പോവാം. പിന്നെ കട്ട് ചെയ്തിട്ട് കിടത്തുന്നതു കാണിക്കാം," ഉണ്ണിയേട്ടൻ ( സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ) ഷോട്ടൊക്കെ പറഞ്ഞു കൊടുത്തു. " അതെന്തിനാ, നമുക്കിത് ഒറ്റ ഷോട്ടിൽ ചെയ്യാലോ.. ഞാൻ എടുത്ത് അവിടെ കൊണ്ടുപോയി കിടത്തിയാൽ പോരേ? മമ്മൂക്ക ചോദിച്ചു. "അല്ല മമ്മൂക്ക, ഞാൻ ഏതാണ്ട് 68 കിലോ ഭാരമുണ്ട്," എന്നൊക്കെ സ്നേഹ പറയുന്നുണ്ട്."
"അദ്ദേഹത്തിന് 70 വയസ്സിൽ കൂടുതൽ പ്രായമുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കില്ല. ഒരൊറ്റ ഷോട്ടിൽ മമ്മൂക്ക സ്നേഹയെ എടുത്ത് അത്രയും നടന്ന് ലിവിംഗ് റൂമിലെ സോഫയിൽ കൊണ്ടു കിടത്തി. ആ പടം കണ്ടുകൊണ്ടിരുന്നപ്പോൾ സ്നേഹ എന്നോട് പറയുകയായിരുന്നു. "ഇതാണ് നിങ്ങൾക്കുള്ള ചലഞ്ച്, എന്നെ അതുപോലെ പൊക്കിയെടുത്ത് അത്ര ദൂരം നടക്കാമോ?" ഇന്നുവരെ എനിക്ക് പറ്റിയിട്ടില്ല. ദയവു ചെയ്ത് അച്ഛനോട് നമ്മളെയൊക്കെ ഒന്ന് മനസ്സിൽ വച്ചിട്ട് പടം ചെയ്യാൻ പറയണം. ഒന്ന് പറയൂ പ്ലീസ്," കിംഗ് ഓഫ് കൊത്തയുടെ പ്രമോഷനിടയിൽ ദുൽഖറിനോടായി പ്രസന്ന പറഞ്ഞതിങ്ങനെ.
/indian-express-malayalam/media/media_files/uploads/2023/09/Mammootty-Sneha-Prasanna.jpg)
"ഇത്രയും ചാമിംഗ് ആയ, പോസിറ്റീവിറ്റി നൽകുന്ന ഒരു മുഖം ഞാൻ വേറെ കണ്ടിട്ടില്ല," എന്നാണ് ദുൽഖറിനെ പ്രസന്ന വിശേഷിപ്പിച്ചത്. " ഒരുപക്ഷേ വീട്ടിൽ നിന്നു തന്നെ ഇത്രയും കോമ്പറ്റീഷൻ ഉള്ളപ്പോൾ മലയാളത്തിൽ മാത്രം പോരാ എല്ലാ ഭാഷകളിലും ടോപ്പാവണം എന്ന നിർബന്ധം കൊണ്ടാവാം എല്ലാ ഭാഷകളിലേക്കും ഡിക്യു ചിറകുകൾ വിടർത്തുന്നത്," എന്നും പ്രസന്ന കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.