ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന രീതിയുടെ പേരിൽ പല തവണ ട്രോളുകളിൽ ഇടം പിടിക്കുകയും പലരെയും അത്ഭുതപ്പെടുത്തുകയും ചെയ്ത താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ, ഇന്ത്യൻ സിനിമയിലെ ശശി തരൂരാണ് പൃഥ്വിരാജ് എന്ന് താരത്തെ വിശേഷിപ്പിക്കുകയാണ് തെന്നിന്ത്യൻ നടൻ പ്രസന്ന.

കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രസന്ന. ‘ബ്രദേഴ്സ് ഡേ’യിൽ പൃഥ്വിരാജിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയായിരുന്നു പ്രസന്ന. “എന്നെ അത്ഭുതപ്പെടുത്തുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലീഷാണ്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈയിടെ ഖത്തറിൽ നടന്ന പ്രമോഷൻ പരിപാടിയിൽ രാജുവിന്റെ പ്രസംഗം കേട്ട് സദസ്സിലെ പലരും സ്തംഭിച്ചിരുന്നുപോയി. ‘ഇതിന്റെ ഏറ്റവും ബെസ്റ്റ് എൻകാപ്‌സുലേഷൻ (സാരാംശം) എന്നൊക്കെ പറഞ്ഞ് തകർത്താണ് രാജുവിന്റെ പ്രസംഗം.”

“ഞാൻ അന്തംവിട്ടു സംവിധായകൻ ഷാജോണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ‘ഇതൊക്കെ ചെറുത്’ എന്ന മട്ടിൽ പ്രത്യേക ഭാവത്തിൽ ഒരു ജ്ഞാനിയെപ്പോലെ ഇരിക്കുന്നു കക്ഷി. പക്ഷേ ഒന്നുണ്ട്, സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ ഇംഗ്ലീഷ്. വായന കൊണ്ടും മറ്റും നേടിയെടുത്തതാണത്.” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രസന്ന.

‘ബ്രദേഴ്സ് ഡേ’യുടെ സെറ്റിൽ അതിമനോഹരമായി മലയാളം സംസാരിക്കുന്ന പ്രസന്നയെ കുറിച്ച് സംവിധായകൻ ഷാജോണും സഹതാരങ്ങളുമെല്ലാം വിവിധ അഭിമുഖങ്ങളിൽ അതിശയയത്തോടെ സംസാരിച്ചിരുന്നു. “നല്ല കംഫർട്ടായിരുന്നു പ്രസന്നയ്ക്ക് ഒപ്പം ജോലി ചെയ്യുന്നത്. പ്രസന്ന നന്നായി മലയാളം പറയും, പ്രസന്നയുടെ മലയാളം കേട്ടിട്ട് പാലക്കാട്ടുകാരൻ ആണോ എന്നൊക്കെ ആരൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. മലയാളം പാട്ടുകളൊക്കെ അറിയാം പ്രസന്നയ്ക്ക്. സംഭാഷണങ്ങൾ അതിന്റെ അർത്ഥവും ഇമോഷനുമൊക്കെ മനസ്സിലാക്കി പഠിക്കാനും പ്രസന്നയ്ക്ക് കഴിഞ്ഞു,” എന്നാണ് പ്രസന്നയെ കുറിച്ച് കലാഭവൻ ഷാജോൺ ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ഭാര്യയും അഭിനേത്രിയുമായ സ്നേഹയ്ക്ക് പിന്നാലെ ‘ബ്രദേഴ്സ് ഡേ’യിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് പ്രസന്ന. ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് പ്രസന്ന എത്തുന്നത്. 2012 മേയ് 11 നാണ് പ്രസന്നയും സ്നേഹയും വിവാഹിതനാവുന്നത്. ഇവർക്ക് നാലു വയസ്സുള്ള ഒരു മകനുമുണ്ട്.

Read more: എന്റെ നായകൻ ന്യൂജെൻ ഹിറ്റ്‌ലർ മാധവൻകുട്ടിയല്ല: കലാഭവൻ ഷാജോൺ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook