ലണ്ടനിൽ ഉപരിപഠനം നടത്തുകയാണ് താരദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന. ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് യൂണിവേഴ്‌സിറ്റിയിലാണ് പ്രാര്‍ത്ഥന ബിരുദത്തിന് ചേര്‍ന്നിരിക്കുന്നത്. അവധിയ്ക്ക് നാട്ടിലെത്തിയിരിക്കുകയാണ് പ്രാർത്ഥന ഇപ്പോൾ.
മുത്തശ്ശിയായ മല്ലിക സുകുമാരനൊപ്പമുള്ള ഏതാനും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയാണ് പ്രാർത്ഥന. “ഗ്രാന്നിയ്ക്ക് ഒപ്പമുള്ള ഗോസിപ്പ് സെഷൻ,” എന്നാണ് പ്രാർത്ഥന ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്. പേരക്കുട്ടിയ്ക്ക് ഒപ്പം ചിത്രങ്ങൾക്കായി രസകരമായ ഭാവങ്ങളോടെ പോസ് ചെയ്യുന്ന മല്ലിക സുകുമാരനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
ഇന്ദ്രജിത്തും പൂർണിമയും പൃഥ്വിരാജും മല്ലിക സുകുമാരനുമെല്ലാം അഭിനയത്തിൽ തിളങ്ങുമ്പോൾ സിനിമാകുടുംബത്തിലെ ഇളമുറക്കാരി പ്രാർത്ഥനയ്ക്കിഷ്ടം പാട്ടിന്റെ ലോകമാണ്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
പാട്ടും ഗിത്താർ വായനയും ഡബ്സ്മാഷുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.
മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡിൽ പ്രാർത്ഥനയുടെ അരങ്ങേറ്റം.