ഒരിടവേളയ്ക്കുശേഷം തിയേറ്ററുകൾ വീണ്ടും ഉണർന്നിരിക്കുകയാണ്. ഇന്ന് റിലീസായ സിനിമകളിൽ ഇന്ദ്രജിത്തിന്റെ ‘ആഹാ’യും ഉണ്ട്. വടംവലിയെ സ്നേഹിക്കുന്നവരുടെ കഥ പറയുന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദ്രജിത്താണ്. കുടുംബസമേതമാണ് ഇന്ദ്രജിത്ത് സിനിമ കാണാൻ തിയേറ്ററിലെത്തിയത്.
‘കുറുപ്പ്’ വൻ വിജയമായത് പോലെ ‘ആഹാ’യും വൻ വിജയമാവട്ടെ എന്ന് പ്രതീക്ഷിക്കുന്നതായി ചിത്രം കണ്ടിറങ്ങിയ ശേഷം ഇന്ദ്രജിത്ത് പറഞ്ഞു. തിയേറ്ററിലേക്ക് തിരിച്ച് വരാൻ പറ്റിയതിലും ഇന്ദ്രജിത്തിന്റെ രണ്ട് പടങ്ങൾ അടുപ്പിച്ച് ഇറങ്ങി നല്ല അഭിപ്രായം നേടുന്നതിലും സന്തോഷമുണ്ടെന്ന് പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞു.
‘ആഹാ’ വളരെ ഇഷ്ടപ്പെട്ടു എന്ന് പ്രാർത്ഥന ഇന്ദ്രജിത്ത് പറഞ്ഞു. ചിത്രത്തിൽ എല്ലാവരുടെയും അഭിനയം നന്നായെന്നും പടം വളരെ നല്ലതാണെന്നും നക്ഷത്ര ഇന്ദ്രജിത്ത് പറഞ്ഞു.
സിനിമ കണ്ട ശേഷം അച്ഛനൊപ്പമുള്ള ചിത്രം പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അച്ഛനെക്കുറിച്ച് അഭിമാനമെന്നാണ് പ്രാർത്ഥന പറഞ്ഞിരിക്കുന്നത്. സ്നേഹത്താൽ ഇന്ദ്രജിത്തിന്റെ കവിളിൽ ഉമ്മ വയ്ക്കുന്ന പ്രാർത്ഥനയെയാണ് ചിത്രത്തിൽ കാണാനാവുക.
വടംവലിയെ പ്രണയിക്കുന്ന കുറച്ചു പേരുടെ ജീവിതം പറയുന്ന ചിത്രമാണ് നവാഗത സംവിധായകനായ ബിബിൻ പോൾ സാമുവലിന്റെ ‘ആഹാ’. കേരളത്തിലെ ഒരു പ്രശസ്ത വടംവലി ടീമായ ‘ആഹാ നീളൂരിന്റെ’ കഥയിൽ നിന്നും പ്രചോദനം കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വടംവലിയുടെ മുഴുവൻ ആവേശവും സിനിമയിലേക്ക് കൊണ്ടു വരാൻ സംവിധായകൻ ബിബിൻ പോൾ സാമുവലിന് സാധിച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകർക്ക് വേണ്ട എല്ലാ ചേരുവകളും ഉൾപ്പെടുത്തിക്കൊണ്ടാണ് ബിബിന്റെ മേക്കിങ്. ഓരോ കഥാപാത്രങ്ങളുടെയും ജീവിത പരിസരങ്ങൾ നന്നായി തന്നെ എടുത്ത് പറയുന്നതാണ് ടോബിത് ചിറയത്തിന്റേ തിരക്കഥ. ഗായിക സയനോരയാണ് ചിത്രത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
Read More: Aaha Movie Review: വടംവലിയുടെ ആവേശം; ‘ആഹാ’ റിവ്യൂ