‘സൂപ്പർ ശരണ്യ’യ്ക്ക് ശേഷം അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ’പ്രണയവിലാസം’. ചിത്രത്തിലെ ‘കാതൽ മരങ്ങൾ പൂക്കണേ നീയൊന്നിറങ്ങി നോക്കണേ…’ എന്ന ഗാനം ചൊവ്വാഴ്ച വൈകിട്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ വൈറലായി മാറിയ ഈ ഗാനം യൂട്യൂബ് ട്രെൻഡിംഗിൽ രണ്ടാം സ്ഥാനത്താണ്.
സുഹൈൽ കോയയുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകി ശ്രീജിഷ് സുബ്രഹ്മണ്യൻ, നന്ദ ജെ ദേവൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവിധ കഥാപാത്രങ്ങളുടെ പ്രണയമാണ് പാട്ടിൽ കാണാനാവുക. അർജുനും മമിതയും ജോഡികളായി എത്തുന്നുവെന്നതും ഈ പാട്ടിനെ ശ്രദ്ധേയമാക്കുന്നു. ‘സൂപ്പർ ശരണ്യ’യിൽ തമ്മിൽ കണ്ടാൽ കീരിയും പാമ്പും പോലെ പെരുമാറുന്ന കഥാപാത്രങ്ങളെയായിരുന്നു ഇരുവരും അവതരിപ്പിച്ചത്. എന്നാൽ, പ്രണയവിലാസത്തിൽ ഇരുവരും പ്രണയിതാക്കളായി എത്തുന്നതിനെ ആകാംക്ഷയോടെയാണ് പ്രേക്ഷകരും നോക്കി കാണുന്നത്.
‘കഴിഞ്ഞ വർഷം കീരിയും പാമ്പും ആയിരുന്നവരാ, ഇപ്പോഴിതാ അടയും ചക്കരയും’, കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ പുതിയ ജന്മത്തിലെ പ്രണയിതാക്കൾ എന്നിങ്ങനെ പോവുന്നു പാട്ടിനു താഴെ വരുന്ന കമന്റുകൾ.
ഫെബ്രുവരി 17നാണ് ’പ്രണയവിലാസം’ തിയേറ്ററുകളിൽ എത്തുന്നത്. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയ, ഹക്കീം ഷാ, മനോജ് കെ യു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷിനോസ് ആണ്. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജ്യോതിഷ് എം,സുനു എ വി എന്നിവർ ചേർന്നാണ്.