യഥാർഥ ജീവിതത്തിൽ വളരെ ലാളിത്യം സൂക്ഷിക്കുന്ന നടനാണ് പ്രണവ് മോഹൻലാൽ. പൊതുവേദികളിൽ സംസാരിക്കാനും മീഡിയയെ അഭിമുഖീകരിക്കാനുമൊക്കെ പലപ്പോഴും മടി കാണിക്കാറുള്ള ഒരാൾ. ആൾക്കൂട്ടത്തിലൊരായി നിൽക്കാനും സാധാരണക്കാരെ പോലെ യാത്രകൾ ചെയ്യാനുമൊക്കെയാണ് പ്രണവിനിഷ്ടം.
പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തിങ്കളാഴ്ച കൊച്ചിയിൽ നടന്നപ്പോഴും നിശബ്ദമായിരുന്നു പ്രണവിന്റെ സാന്നിധ്യം. വേദിയിൽ ഒതുങ്ങികൂടി നിന്ന പ്രണവിനെ വേദിയുടെ മുൻനിരയിലേക്ക് ക്ഷണിക്കുന്ന വിനീത് ശ്രീനിവാസന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
അൽപ്പം വ്യത്യസ്തമായ രീതിയിലാണ് ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. വലിയ ഇടവേളയ്ക്കു ശേഷം പാട്ടുകള്‍ ഓഡിയോ കാസറ്റുകളായും ഇറക്കുന്ന ചിത്രമാണ് ഹൃദയം. ഇന്ത്യയിൽ ഇപ്പോൾ ഓഡിയോ കാസറ്റ് പ്രൊഡക്ഷൻ ഇല്ലാത്തതിനാൽ കാസറ്റ് ജപ്പാനിൽ നിന്നാണ് ചെയ്യിച്ചത്.

വിനീത് ശ്രീനിവാസന് മോഹന്‍ലാലിന് നല്‍കിയാണ് ഓഡിയോ കാസറ്റിന്റെ പ്രകാശനം നിര്‍വഹിച്ചത്. നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം, പ്രണവ് മോഹന്‍ലാല്‍, സംഗീത സംവിധായകന് ഹിഷാം അബ്ദുള്‍ വഹാബ്, ആന്റണി പെരുമ്പാവൂര്‍, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
“15 പാട്ടുകൾ എന്നു പറഞ്ഞപ്പോൾ ആളുകൾ ചോദിക്കുന്നത് ഇത് സിനിമയാണോ ഗാനമേളയാണോ എന്നാണ്. അങ്ങനെയല്ല സംഗീതം ഈ സിനിമയുടെ ഒരു ഭാഗമാണ്. സംഗീതത്തിലൂടെയാണ് ഈ സിനിമ പറഞ്ഞിട്ടുള്ളത്. ഹിഷാമിനെ പോലൊരാൾ എന്റെ കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ് ‘ഹൃദയം’ സംഭവിച്ചത്.” ‘ഹൃദയ’ത്തിന്റെ വേറിട്ട സമീപനത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞതിങ്ങനെ.