scorecardresearch

പ്രതീക്ഷാ ഭാരത്തില്‍ ഉലയാതെ പ്രണവ്: 'ആദി' മിന്നിച്ചു

ഹെവി ആക്ഷനില്ല എന്നതു തന്നെയാണ് 'ആദി'യുടെ ആക്ഷന്‍ രംഗങ്ങളെ മികവുറ്റതാക്കുന്നത്. പ്രണവിന്‍റെ പാര്‍ക്കൗര്‍ പ്രകടനങ്ങള്‍ ഗംഭീരമെന്നു പറയാതെ വയ്യ.

ഹെവി ആക്ഷനില്ല എന്നതു തന്നെയാണ് 'ആദി'യുടെ ആക്ഷന്‍ രംഗങ്ങളെ മികവുറ്റതാക്കുന്നത്. പ്രണവിന്‍റെ പാര്‍ക്കൗര്‍ പ്രകടനങ്ങള്‍ ഗംഭീരമെന്നു പറയാതെ വയ്യ.

author-image
Sandhya KP
അപ്‌ഡേറ്റ് ചെയ്‌തു
New Update
aadi featured 1

മറ്റു നടന്മാര്‍ക്കൊക്കെ മുകളിലാണ് മലയാളിയുടെ മനസ്സില്‍ മോഹന്‍ലാലിന്‍റെ സ്ഥാനം. അദ്ദേഹത്തിലെ നടന് പകരം വയ്ക്കാന്‍ മറ്റാരുമില്ല എന്നത് തന്നെ കാരണം. 'ലാലിനോളം വരുമോ' എന്ന് പല പുതുമുഖ നടന്‍മാരെയും നമ്മള്‍ പ്രതീക്ഷയോടെ വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകന്‍ പ്രണവിന്‍റെ അരങ്ങേറ്റ ചിത്രം 'ആദി' ഇന്നു തിയേറ്ററുകളിലെത്തുമ്പോള്‍ മലയാളിക്ക് പ്രധാനമായി അറിയേണ്ടതും ഇത് തന്നെയാണ് - 'ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്‌' എന്ന്...

Advertisment

വലിയ ഹൈപ്പോട് കൂടിയാണ് ചിത്രം എത്തിയത്. സിനിമയ്ക്കകത്തും പുറത്തുമുള്ളവരുടെ പ്രതീക്ഷ കണ്ടാകണം സംവിധായകന്‍ റിലീസിന്‍റെ തലേ ദിവസം തന്നെ 'കൂടുതല്‍ പ്രതീക്ഷകളും മുന്‍വിധികളുമില്ലാതെ വരുന്നവര്‍ക്ക് ആസ്വദിക്കാവുന്ന ചിത്ര'മെന്ന് 'ആദി'യെക്കുറിച്ചൊരു മുന്നറിയിപ്പു തന്നത്. അത് മനസ്സില്‍ വച്ച് കൊണ്ട് തന്നെയാണ് ചിത്രം കണ്ടതും.

മോഹന വര്‍മ്മയുടേയും റോസിക്കുട്ടിയുടേയും ഏക മകന്‍ ആദിത്യ മോഹന്‍. സിനിമയില്‍ സംഗീത സംവിധായകനാകുക എന്നതാണ് ആദിയുടെ സ്വപ്നം. ആ സ്വപ്‌നത്തിനു കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളും അമ്മയും. എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാന്‍ മകനെ നിരന്തരം നിര്‍ബന്ധിക്കുന്ന, എന്നാല്‍ ജീവനു തുല്യം മകനെ സ്‌നേഹിക്കുന്ന ഒടുവില്‍ അവന്‍റെ ആഗ്രഹം നടക്കട്ടെ എന്നു തലയാട്ടുന്ന അച്ഛനും. ഒരു മധ്യവര്‍ഗ കുടുംബത്തില്‍ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ പായുന്ന ആദി ബാംഗ്ലൂരില്‍ എത്തിച്ചേരുന്നതോടെയാണ് കഥ മാറുന്നത്. അവിടെ വച്ച് ഒരു വലിയ വ്യവസായിയുടെ മകനുമായി ആദിയ്ക്ക് ഏറ്റുമുണ്ടേണ്ടിവരികയും ആ ഏറ്റുമുട്ടല്‍ അയാളുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കുകയും ചെയ്യുന്നു. സിനിമയുടെ പിന്നീടുള്ള സഞ്ചാരം ഇതിന്‍റെ പശ്ചാത്തലത്തിലാണ്.

Advertisment

Read More : 'പ്രിയപ്പെട്ട അപ്പു, അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ'

മോഹന്‍ലാലിന്‍റെ ആദ്യ ചിത്രം 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലെ മിഴിയോരം എന്ന ഗാനത്തോടെയാണ് ആദി തുടങ്ങുന്നത്. പ്രണവിന്‍റെ കഥാപാത്രം ആദിത്യയാണ് സിനിമയില്‍ ഗാനം ആലപിക്കുന്നത്. ആദിയുടെ അമ്മയുടെ പ്രിയപ്പെട്ട പാട്ട്, ആദിയുടെ റിങ് ടോണ്‍ എന്നിങ്ങനെ സിനിമയില്‍ ഇടയ്ക്കും തലയ്ക്കും ഈ പാട്ട് വന്നു പോകുന്നുണ്ട്. അപ്രതീക്ഷിതമായി ഹോട്ടലിലേക്ക് കയറിവരുന്ന മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജീത്തു ജോസഫ് എന്നിവരും ആദിയില്‍ അതിഥി താരങ്ങളായുണ്ട്.

ഹെവി ആക്ഷനില്ല എന്നതു തന്നെയാണ് ആദിയുടെ ആക്ഷന്‍ രംഗങ്ങളെ മികവുറ്റതാക്കുന്നത്. പ്രണവിന്‍റെ പാര്‍ക്കൗര്‍ പ്രകടനങ്ങള്‍ ഗംഭീരമെന്നു പറയാതെ വയ്യ. ആരോ നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുന്നു എന്നൊരു ഭാവം തുടക്കം മുതല്‍ അയാളുടെ മുഖത്തുണ്ടെങ്കിലും അസാധ്യമായ മെയ് വഴക്കത്തോടെയാണ് പാര്‍ക്കൗര്‍ പ്രകടനങ്ങള്‍ കാഴ്ച വച്ചിരിക്കുന്നത്. ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ച പ്രണവ് തീര്‍ച്ചയായും കൈയ്യടി അര്‍ഹിക്കുന്നുണ്ട്. ഹോളിവുഡ് സിനിമകളില്‍ കണ്ടു വരുന്ന പാര്‍ക്കൗര്‍ ആദ്യമായാണ് മലയാളത്തില്‍ അവതരിപ്പിക്കുന്നത്. പ്രണവല്ലാതെ 'ആദി'യില്‍ പുതുതായി എന്തുണ്ട് എന്നു ചോദിച്ചാല്‍ ഉത്തരവും അതു മാത്രമായിരിക്കും. പ്രണവ് തന്നെ എഴുതി, ഗിറ്റാര്‍ വായിച്ച് അയാള്‍ തന്നെ പാടിയ ഇംഗ്ലീഷ് പാട്ടും ആ രംഗത്തെ പ്രണവിന്‍റെ പ്രകടനവും നന്നായി. ആദ്യ സിനിമ വച്ച് പ്രണവിനെ അളക്കാതിരിക്കുന്നതാകും നല്ലത്.

Read More: 'പ്രണവ് സിംപിളാണ്, പക്ഷേ പവർഫുൾ...!' ആദിയുടേയും പ്രണവ് വഴി തരംഗമാകാനൊരുങ്ങുന്ന പാർക്കറിന്റെയും വിശേഷങ്ങൾ

'പുലിമുരുഗന്‍' എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജഗപതി ബാബു 'ആദി'യിലും കൊള്ളാവുന്ന പ്രകടനം തന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്. ബാംഗ്ലൂരിലെ സുഹൃത്തായ ശരത്തായി സ്‌ക്രീനിലെത്തിയ ഷറഫുദ്ദീനും മടുപ്പിക്കാതെ തന്‍റെ ഭാഗം നന്നാക്കിയിട്ടുണ്ട്. അനുശ്രീയുടെ കഥാപാത്രം എന്തിനാണിങ്ങനെ കിടന്ന് വെപ്രാളപ്പെടുന്നതും ദേഷ്യപ്പെടുന്നതും എന്ന് ഇടയ്ക്കിടെ തോന്നിയേക്കാം. മറ്റൊന്നുമല്ല, കുടുംബത്തിന്‍റെ ഭാരം ചുമലിലുള്ള സ്ത്രീകള്‍ അങ്ങനെയാകണം എന്നാണത്രെ. ആദിയുടെ മാതാപിതാക്കളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സിദ്ദിക്കും ലെനയുമാണ്. പ്രതീക്ഷിച്ചതു പോലെ തങ്ങളുടെ കഥാപാത്രങ്ങളോട് ഇരുവരും നീതി പുലര്‍ത്തി.

Aadhi, Pranav Mohanlal

ജീത്തു ജോസഫ് തന്നെയാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. സാമാന്യം ഇഴഞ്ഞു നീങ്ങുന്ന ചിത്രത്തിന്‍റെ ഒടുക്കം മാത്രമാണ് 'ദൃശ്യ'വും 'മെമ്മറീസും' ഒരുക്കിയ ജീത്തുവിന്റെ തന്നെയാണ് 'ആദി'യും എന്നു പ്രേക്ഷകര്‍ ഓര്‍ക്കുന്നത്. അവസാന 20 മിനുട്ടൊഴിച്ചാല്‍ 'ആദി'യ്ക്ക് മറ്റെവിടെയും ത്രില്ലര്‍ സ്വഭാവമില്ല. അതേ സമയം കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പാകത്തിന് ചില പൊടിക്കൈകളും തിരക്കഥാകൃത്ത് പ്രയോഗിച്ചിട്ടുണ്ട്. ഒരാവശ്യവുമില്ലെങ്കിലും ഇരിക്കട്ടെ പെണ്ണിന്‍റെ തലയിലൊരു കുത്തെന്ന തരത്തില്‍ ഒരു ഭാഗത്ത് മേഘനാഥന്‍റെ മണിയണ്ണന്‍ എന്ന കഥാപാത്രം പറയുന്ന  'പെണ്ണല്ലേ വര്‍ഗം' എന്ന ഡയലോഗ് ചിലപ്പോള്‍ 158 മിനുട്ട് സിനിമയില്‍ ആരും കേട്ടില്ലെന്നു നടിക്കാനാണ് സാധ്യത. എഡിറ്റിങില്‍ ഒരല്‍പം കൂടി ശ്രദ്ധ വേണ്ടിയിരുന്നില്ലേ എന്ന് തോന്നിക്കുമെങ്കിലും സാങ്കേതികമായി ചിത്രം നിലവാരം പുലര്‍ത്തുന്നുണ്ട്. പശ്ചാത്തല സംഗീതവും ഗംഭീരം. ആകെ മൊത്തം 'ആദി' എങ്ങനെയുണ്ടെന്നു ചോദിച്ചാല്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഒരു തവണ കാണാം, മുഷിപ്പിക്കില്ല.

Read More: പ്രണവിന്റെ 'ആദി' കാണാൻ അമ്മ സുചിത്രയെത്തി

'ആദി' തുടക്കമാണ്. ഈ യാത്രയില്‍ പ്രണവ് 'ലാലിനോളം എത്തുമോ' എന്ന് നമുക്ക് കാത്തിരുന്നു കാണാം. 'It will be worth the wait' എന്ന് തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്.

Mohanlal Pranav Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: