മോഹന്‍ലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ല്‍ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്’. ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം അദ്ദേഹത്തെ താര സിംഹാസനത്തിലിരുത്തി. 31 വര്‍ഷങ്ങള്‍ക്കുശേഷം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടു’മായി പ്രണവ് എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ചിത്രം ഡോണിന്റെ കഥയല്ലെന്നും പേരില്‍ മാത്രമേ സിനിമയ്ക്ക് മോഹന്‍ലാലിന്റെ സിനിമയുമായി സാമ്യമുളളൂവെന്നും സംവിധായകന്‍ അരുണ്‍ ഗോപി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. ആദിക്കു വേണ്ടി പാര്‍ക്കൗര്‍ എന്ന ശാരീരികാഭ്യാസമായിരുന്നു പ്രണവ് പരിശീലിച്ചത്. എന്നാല്‍ പുതിയ ചിത്രത്തിനു വേണ്ടി താരം മറ്റൊരു ശാരീരിക അഭ്യാസം പരിശീലിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. കടലിലൂടെ സര്‍ഫിങ് നടത്താനാണ് ഇപ്പോള്‍ പ്രണവ് പഠിക്കുന്നതെന്ന് അരുൺ ഗോപി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ബാലിയിലാണ് പ്രണവ് സര്‍ഫിങ് പരിശീലിക്കുന്നത്. യഥാര്‍ത്ഥ ജീവിത്തില്‍ പ്രണവ് ഒരു സര്‍ഫര്‍ അല്ല. അതിനാല്‍ ഇതു പഠിക്കാനായി ഒരു മാസക്കാലം മുഴുവന്‍ സമയവും നല്‍കിയിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പ്രണവ് ഈ കഥാപാത്രത്തിനു വേണ്ടി,’ അരുണ്‍ ഗോപി പറയുന്നു.
ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ സെപ്റ്റംബറിലായിരിക്കും സര്‍ഫിങ് രംഗങ്ങളുടെ ചിത്രീകരണം നടക്കുക. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പാല, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും.
പ്രണവിന്റെ രണ്ടാമത്തെ ചിത്രം എന്നതു പോലെ അരുണ്‍ ഗോപിയുടേയും രണ്ടാമത്തെ ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. ‘രാമലീല’യായിരുന്നു അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം. ടോമിച്ചന്‍ മുളകുപാടമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ നിര്‍മ്മിക്കുന്നത്. സംഘട്ടനം നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ എന്നതും മറ്റൊരു പ്രത്യേകതയാണ്.