കന്നി സിനിമ ആദിയുടെ വിജയം ആഘോഷിക്കാൻ കാത്തുനിൽക്കാതെ പ്രണവ് മോഹൻലാൽ ഹിമാലയത്തിൽ. തിയേറ്ററിൽ ആദി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോഴാണ് പ്രണവ് ഹിമാലയൻ യാത്രയിൽ മുഴുകിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതു മുൻപേതന്നെ പ്രണവ് ഹിമാലയത്തിലേക്ക് പോയെന്നാണ് സൂചന.

പ്രണവ് ഇതുവരെ ആദി കണ്ടിട്ടില്ലെന്ന് സിനിമയുടെ സംവിധായകൻ ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം, മകന്റെ ആദ്യ സിനിമ തിയേറ്ററിലെത്തി തന്നെ അച്ഛൻ മോഹൻലാലും അമ്മ സുചിത്ര മോഹൻലാലും കണ്ടു. മുംബൈയിൽ ഷൂട്ടിങ്ങിലായിരുന്ന ലാൽ തിരക്കുകൾ മാറ്റിവച്ചാണ് മകന്റെ സിനിമ കാണാനെത്തിയത്. സുചിത്ര എറണാകുളത്തെ തിയേറ്ററിലാണ് ‘ആദി’ കണ്ടത്.

സിനിമ റിലീസ് ചെയ്യുന്നതിനു മുൻപേ ഹിമാലയത്തിലേക്ക് പ്രണവ് യാത്ര പ്ലാൻ ചെയ്തിട്ടുണ്ടെന്ന് ജീത്തു ജോസഫ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. തന്റെ ആദ്യ സിനിമയുടെ പ്രേക്ഷക പ്രതികരണം എന്താണെന്ന് അറിയാൻ എല്ലാ പുതുമുഖ നടന്മാർക്കും ആകാംക്ഷ ഉണ്ടാകും. പക്ഷേ പ്രണവ് മോഹൻലാലിന് അത് തീരെയില്ല. ഹിമാലയത്തിൽനിന്നുളള ചിത്രങ്ങളിൽ പ്രണവ് വളരെ സന്തോഷവാനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ